വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് വലിയ തോതില്‍ സഹായകമായിരുന്ന ഒരു സ്ഥാപനം കൂടി ഇടതുമുന്നണി ഭരണത്തിന് കീഴില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ആശ്വാസം ലഭിക്കുന്ന വിധത്തില്‍ മിതമായ വിലയ്ക്ക് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന വാര്‍ത്ത വലിയ ഞെട്ടല്‍ സമ്മാനിക്കുന്നതാണ്. അവശ്യസാധനങ്ങള്‍ ഇല്ലാത്തതിനെതുടര്‍ന്ന് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലുമൊക്കെ വില്‍പ്പന വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. അരി അടക്കമുള്ള സബ്സിഡി സാധനങ്ങള്‍ ഇല്ലാതായതോടെ ആളുകള്‍ മാവേലി സ്റ്റോറുകളിലും മറ്റും എത്തി വെറും കയ്യോടെ മടങ്ങുകയാണ്. പൊതുവിപണിയെക്കാളും കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്തിരുന്ന നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ കിട്ടാനില്ല. വിവിധയിനം അരിയും പയര്‍ വര്‍ഗങ്ങളും മുളകും പഞ്ചസാരയും വെളിച്ചെണ്ണയുമൊക്കെ സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്നത് സാധാരണക്കാരുടെ അടുക്കള ബജറ്റ് താളംതെറ്റാതിരിക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പലതും ഇപ്പോള്‍ മാവേലി സ്റ്റോറുകളില്‍നിന്നും മറ്റും അപ്രത്യക്ഷമായിരിക്കുകയാണ്. സബ്സിഡി സാധനങ്ങള്‍ ഒന്നുപോലും ലഭിക്കാത്ത ഔട്ട്ലെറ്റുകളും ഉണ്ടത്രേ. ഗോഡൗണുകളില്‍നിന്ന് സാധനങ്ങള്‍ എത്താത്തതാണ് ഇതിനു കാരണം. കടലയും വെളിച്ചെണ്ണയും മാത്രമാണ് ചില മാവേലിസ്റ്റോറുകളിലുള്ളതെന്നാണ് വിവരം. പഞ്ചസാര വിതരണം നിലച്ചിട്ട് മാസങ്ങളായെന്നും വാര്‍ത്തകള്‍ വരുന്നു.
ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ജനജീവിതം ദുസ്സഹമാകുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ നിരവധിയാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് സര്‍ക്കാരിനുതന്നെ കോടതിയില്‍ സമ്മതിക്കേണ്ടി വന്നു. ശമ്പളവും ക്ഷേമപെന്‍ഷനും മുടങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എടുക്കാനില്ലാത്തതിനാല്‍ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണംപോലും മുടങ്ങുന്ന അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പല മരുന്നുകളും കിട്ടാനില്ലാതെ രോഗികള്‍ വലയുന്നു. കടംകേറി മുടിയുന്ന അവസ്ഥയായിരുന്നിട്ടും കൂടുതല്‍ കടമെടുത്ത് ധൂര്‍ത്ത് നടത്താന്‍ അനുവദിക്കാത്തതിന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍. ബാലഗോപാലും കേന്ദ്ര സര്‍ക്കാരിനെ പഴിച്ചുകൊണ്ടിരിക്കുന്നു. നികുതിവരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ നേടാതെ കേന്ദ്രം അര്‍ഹമായ വിഹിതം നല്‍കുന്നില്ലെന്ന തെറ്റിദ്ധാരണ പരത്തുകയാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പല കോണുകളില്‍നിന്നും ഉയരുമ്പോള്‍ പച്ചനുണകള്‍ പ്രചരിപ്പിച്ച് കേന്ദ്ര വിരോധം കുത്തിപ്പൊക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. കേരളത്തിന് അര്‍ഹമായ സാമ്പത്തിക സഹായങ്ങളിലൊന്നുപോലും കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ലെന്നും, ചില സഹായങ്ങള്‍ ലഭിക്കാതിരിക്കുന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടും താല്‍പ്പര്യക്കുറവുകൊണ്ടാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കേരളത്തില്‍ വന്ന് പറയുകയുണ്ടായി. ഉത്തരം മുട്ടിപ്പോയ മുഖ്യമന്ത്രിയും കൂട്ടാളികളും പിന്നെയും കള്ളപ്രചാരണത്തിനു പിന്നില്‍ ഒളിക്കുകയാണ്.
സപ്ലൈകോയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു പോലും മതിയായ ശമ്പളം കൊടുക്കുന്നില്ല. ദിവസവേതനക്കാര്‍ക്ക് തൊഴില്‍ ദിനങ്ങളും കുറഞ്ഞുവരുന്നു. സപ്ലൈകോ ഒരു സ്ഥാപനമെന്ന നിലയ്ക്ക് തകര്‍ച്ചയെ നേരിടുന്നു എന്നാണ് ഇത് കാണിക്കുന്നത്. 5000 കോടി രൂപയുടെ ബാധ്യതയാണ് ഈ സ്ഥാപനത്തിനു വന്നിരിക്കുന്നത് എന്നതില്‍നിന്നുതന്നെ പ്രതിസന്ധിയുടെ ആഴം വ്യക്തമാണ്. സാധനങ്ങളില്ലാതെ സപ്ലൈകോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതിനൊപ്പം റേഷന്‍ വിതരണത്തിലും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഇത് വിലക്കയറ്റത്തെ കൂടുതല്‍ രൂക്ഷമാക്കും. അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊതുവിപണിയില്‍നിന്ന് തീവില കൊടുത്ത് വാങ്ങേണ്ടിവരും. ശരാശരി മലയാളിയുടെ ജീവിതം ഇങ്ങനെ കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇതൊന്നും കാണാനും കേള്‍ക്കാനും കൂട്ടാക്കാതെ നവകേരള സദസ്സുകള്‍ സംഘടിപ്പിച്ച് പുകമറ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാതെ നാടൊട്ടുക്ക് സഞ്ചരിച്ച് പരാതികള്‍ വാങ്ങുന്ന പരിപാടി വെറും കാപട്യമാണ്. നവകേരള സദസ്സ് എന്ന പ്രഹസനം എങ്ങനെയാണ് സാധനങ്ങളുടെ വില കുറയ്ക്കുന്നത് എന്നൊരു ചോദ്യത്തിന് എന്ത് മറുപടിയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കാനുള്ളത്. ഇനി വിലക്കയറ്റം ഉണ്ടാവില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് അധികാരത്തില്‍ വന്നവരാണ് വിലക്കയറ്റം നിയന്ത്രിക്കാന്‍ യാതൊന്നും ചെയ്യാതെ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നത്. ഇടതുമുന്നണി ഭരണത്തിന് ഒരിക്കലും നേരെയാക്കാന്‍ കഴിയാത്ത വിധം സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ത്തിരിക്കുന്നു. ഇതിന് തെളിവാണ് സപ്ലൈകോ പ്രതിസന്ധിയും. ഈ ദുര്‍ഭരണത്തിന് അറുതിവരുത്തിയാലല്ലാതെ ഇതിനൊന്നും മാറ്റം വരാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: