തൃശൂര്‍: ശബരിമലയില്‍ കുഞ്ഞു മാളികപ്പുറത്തിന്റെ ജീവന് നഷ്ടമായതിന്റെ ഉത്തരവാദിത്ത്വം സംസ്ഥാന സര്‍ക്കാരിനെന്ന് അയ്യപ്പസേവാ സമാജം. ശബരിമല യാത്ര അതീവ ദുരിതമായി പരിണമിച്ചിരിക്കുന്നു.
രാഷ്ട്രീയ ഭിക്ഷാംദേഹികളെ കുടിയിരുത്തുന്ന ഒരു സങ്കേതമായി ദേവസ്വം ബോര്‍ഡുകള്‍ മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് എന്തു സംഭവിച്ചാലും ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഒരവസ്ഥ. ഇനി ഇത് ആവര്‍ത്തിക്കരുത്. മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പ് ചെയ്തു തീര്‍ക്കേണ്ട റോഡ് അറ്റകുറ്റപ്പണിയും പാതക്കിരുവശവുമുള്ള കാടുവെട്ടലടക്കം സീസണ് ആരംഭിച്ചതിനു ശേഷം മാത്രമാണ് തുടങ്ങിയത്. ഇതൊന്നും നോക്കാന്‍ ആരുമില്ല. എന്തെങ്കിലും സേവന പ്രവര്‍ത്തനം ചെയ്യുവാന്‍ തയ്യാറായി വരുന്ന സംഘടനകളെ സംഘി പട്ടം ചാര്‍ത്തി മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന ഭരണവര്‍ഗവും അവരുടെ പിണിയാളുകളായ ദേവസ്വം ബോര്‍ഡുമാണ് ഇതിനുത്തരവാദികളെന്ന് അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വര്‍ക്കിങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ജനറല്‍ സെക്രട്ടറി മുരളി കോളങ്ങാട്, ജോ. ജനറല്‍ സെക്രട്ടറി അഡ്വ. ജയന് ചെറുവള്ളി എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
അശാസ്ത്രീയമായ വെര്‍ച്വല്‍ ക്യൂ ആണ് സന്നിധാനത്തെ അഭൂതപൂര്‍വ്വമായ തിരക്കിനു കാരണം. ദര്‍ശനത്തിന് സമയം അനുവദിച്ചു കിട്ടി വരുന്ന അയ്യപ്പഭക്തരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അന്നേ ദിവസം സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയാതെ ആകെ താളം തെറ്റിയ നിലയിലാണ് നിലവിലുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം. ആയിരക്കണക്കിന് ഭക്തര്‍ ശബരിമല ദര്‍ശന ക്യൂവില്‍ നില്‍ക്കുമ്പോഴും വിഐപികള്‍ പിന്‍വാതില്‍ വഴി ഒരു പ്രയാസങ്ങളുമറിയാതെ ദര്‍ശനം നടത്തി മടങ്ങുന്നു. കോടിക്കണക്കിന് വരുമാനം കിട്ടുന്ന ക്ഷേത്രമായ ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ക്യൂവില്‍ നില്ക്കുമ്പോള് കുടിക്കാന്‍ വെള്ളമില്ല, ഭക്ഷണമില്ല, വിരി വയ്ക്കാന്‍ സ്ഥലമില്ല. നിലവില്‍ ഭക്തരെ ശ്വാസം മുട്ടിക്കുന്ന പോലെയുള്ള സ്ഥിതിയാണ് അവിടെയുള്ളത്. അറവുമാടുകളെ വഴിയില്‍ തള്ളുന്നതു പോലെ അയ്യപ്പഭക്തരോട് പെരുമാറുന്ന ദയനീയ ചിത്രമാണ് കാണാന്‍ കഴിയുന്നത്. പമ്പയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിനുവേണ്ടി ഉപയോഗിച്ചിരുന്ന പഴയ സ്ഥലങ്ങളില്‍ വേണ്ടവിധം തയ്യാറെടുപ്പ് നടത്തി ചെറുവാഹനങ്ങളെങ്കിലും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമൊരുക്കിയിരുന്നെങ്കില് ഈ ദയനീയവും ക്രൂരവുമായ അവസ്ഥ അയ്യപ്പഭക്തര്‍ക്ക് നേരിടേണ്ടിവരില്ലായിരുന്നു. ശബരിമലയിലെ സേവനത്തിനായി ധാരാളം സംഘടനകള്‍ ഉണ്ട്. ഇവരാരും ഒന്നും മിണ്ടുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ശബരിമല അയ്യപ്പ സേവാ സമാജം മുന്‍കൈ എടുത്ത് എല്ലാ സംഘടനകളിലെയും മുഴുവന്‍ സംസ്ഥാന ചുമതലയുള്ളവരെ ഒരുമിച്ചു കൂട്ടി ശബരിമലയില്‍ നടക്കുന്ന കൊള്ളക്കെതിരെ മുന്നോട്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിഷ്ക്രിയമായ ദേവസ്വം ബോര്‍ഡിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയണം. അയ്യപ്പന്മാര് അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്തണമെന്നും അയ്യപ്പസേവാ സമാജം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: