രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. പകല്‍ മാത്രമായി നടക്കുന്ന നാല് മത്സരങ്ങളും ഒരേസമയത്താണ്. പ്രീക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ചെത്തിയ കേരളം രാജസ്ഥാനെ നേരിടും. പ്രീക്വാര്ട്ടറിലൂടെ കടന്നുവന്ന മറ്റൊരു ടീം ബംഗാളിന് എതിരാളികള്‍ ഹര്യാനയാണ്. മറ്റ് മത്സരങ്ങളില്‍ വിദര്‍ഭ കര്‍ണാടകയെയും മുംബൈ തമിഴ്നാടിനെയും നേരിടും.
പ്രീക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തകര്‍ത്തതിന്റെ മികവിലാണ് സഞ്ജു വി.സാംസണ് നയിക്കുന്ന കേരളം. ഓള് റൗണ്ട് പ്രകടനത്തിന്റെ മികവില്‍ തീര്‍ത്തും ആധികാരികമായാണ് കരുത്തരായ മഹാരാഷ്ട്രയെ ശനിയാഴ്ച കേരളം തോല്‍പ്പിച്ചത്. കേരള ഓപ്പണര്‍മാരായ കൃഷ്ണപ്രസാദും രോഹന് കുന്നുമ്മലും സെഞ്ചുറി നേടിയ മത്സരത്തില്‍ 383 റണ്‍സെടുത്ത കേരളത്തിനെതിരെ മഹാരാഷ്ട്ര 230 റണ്‍സില്‍ പുറത്തായി. കേരളത്തിനായി സ്പിന്‍ ബൗളര്‍മാരായ ശ്രേയസ് ഗോപാലും വൈശാഖ് ചന്ദ്രനും നടത്തിയ പ്രകടനം നിര്‍ണായകമായിരുന്നു.
കേരളത്തിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളില്‍ പേസ് ബൗളര്‍മാരായ അഖില്‍ സ്കറിയയും അഖിന് സത്താറുമെല്ലാം ഗംഭീര പ്രകടനമാണ് തുടര്‍ച്ചയായി കാഴ്ച്ചവച്ചുവന്നത്. ഓള് റൗണ്ടര്‍ ബേസില്‍ തമ്പിയും മോശമാക്കിയില്ല. ഏഴ് മത്സരങ്ങളടങ്ങിയ ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് കളികള്‍ ജയിച്ചാണ് കേരളം നോക്കൗട്ട് പ്രവേശനം നേടിയെടുത്തത്. ഗ്രൂപ്പ് എയില്‍ നിന്നും നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത് മുംബൈ ആണ്. കേരളം ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ട രണ്ട് മത്സരങ്ങളില്‍ ഒന്ന് മുംബൈയ്ക്കെതിരെയാണ്. പിന്നെ പരാജയപ്പെട്ട ഏക മത്സരം റെയില്വേയ്സിനോടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിലായിരുന്നു ആ തോല്‍വി. ത്രിപുര, സൗരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, സിക്കിം ടീമുകളെയാണ് തോല്‍പ്പിച്ചത്.
ഗ്രൂപ്പ് ഡിയില്‍ നിന്നും കളിച്ച ആറ് മത്സരങ്ങളും ജയിച്ചാണ് കേരളത്തിന് ഇന്ന് നേരിടേണ്ട രാജസ്ഥാന്റെ വരവ്. ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ആന്ധ്ര, അസം, അരുണാചല്‍പ്രദേശ് ടീമുകളെയാണ് രാജസ്ഥാന് തോല്‍പ്പിച്ച് ഗ്രൂപ്പ് ജേതാക്കളായത്. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ആറ് ടീമുകളില്‍ ഒന്നാണ് രാജസ്ഥാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: