ബിര്‍മിങ്ഹാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഉനായ് എമരിയുടെ ആസ്റ്റണ്‍ വില്ലയുടെ വിജയവാഴ്ച്ച വീണ്ടും. ഇന്നലെ നടന്ന കളിയില്‍ സീസണില്‍ കരുത്തന് പ്രകടനം കാഴ്ച്ചവച്ചുവന്ന ആഴ്സണലിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആസ്റ്റണ്‍ വില്ലയുടെ വിജയം.
കഴിഞ്ഞ ദിവസം സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പ്പിച്ചിതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും ആസ്റ്റണ്‍ വില്ല അട്ടിമറി പ്രകടനവുമായി നിലകൊണ്ടത്. ജയത്തോടെ സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായി 15-ാം ജയം സ്വന്തമാക്കാനും ആസ്റ്റണിന് സാധിച്ചു. ബിര്‍മിങ്ഹാമിലെ സ്വന്തം മൈതാനമായ വില്ലാ പാര്‍ക്കില്‍ ഇന്നലത്തേതടക്കം കഴിഞ്ഞ 15 മത്സരങ്ങളില്‍ ടീം വിജയം മാത്രമേ സ്വന്തമാക്കിയിട്ടുള്ളൂ.
പെപ്പ് ഗ്വാര്‍ഡിയോളയുടെ സിറ്റിയെ തീര്‍ത്തും നിഷ്പ്രഭരാക്കിയായിരുന്നു ഉനായ് എമരിയുടെ ആസ്റ്റവില്ലയുടെ വിജയം. എന്നാല്‍ ഇന്നലത്തെ മത്സരത്തിന്റെ സ്ഥിതി അതായിരുന്നില്ല. ആല്വര്ട്ട് സ്റ്റൂയിന്ബെര്ഗിന്റെ ആഴ്സണല്‍ കരുത്തന് പ്രകടനത്തോടെ പൊരുതിയാണ് കീഴടങ്ങിയത്. രണ്ട് പകുതികളിലായി 12 തവണ ആഴ്സണല്‍ പടയാളികള്‍ ആസ്റ്റണ്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. ഗോളെന്നുറപ്പാക്കാവുന്ന അഞ്ച് ഓണ്‍ടാര്‍ജറ്റ് ഷോട്ടുകള്‍. അതെല്ലാം രക്ഷിച്ചെടുത്തത് എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റൈന്‍ ഗോള്‍ കീപ്പറാണ്. വാസ്തവത്തില്‍ ഒടുവിലത്തെ ഈ വിജയത്തുടര്‍ച്ചയില്‍ ടീം കടപ്പെട്ടിരിക്കേണ്ടത് ഗോള്‍വലയ്ക്ക് മുന്നില്‍ രക്ഷാകരം തീര്‍ത്ത എമി മാര്‍ട്ടിനസിനോടാണ്.
കളിയുടെ തുടക്കത്തിലേ നേടിയ ഗോളില്‍ ആസ്റ്റണ്‍ വില്ല മുന്നിലെത്തി. കഴിഞ്ഞ മത്സരത്തില്‍ അത്യുഗ്രന്‍ പ്രകടനം കാഴ്ച്ചവച്ച താരം ജോണ്‍ മക് ഗിന് ആണ് ഏഴാം മിനിറ്റില്‍ ഗോള്‍ നേടിയത്. ഏതിരാളികള്‍ക്ക് ഒരുതരത്തിലും പഴുതു നല്‍കാത്ത മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. മൈതാന മധ്യത്ത് നിന്ന് ബെയ്ല് പന്തുമായി വലത് ഭാഗത്ത് കൂടി മുന്നേറി മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് വലത് വശത്തേക്ക് നീങ്ങി. ഇതേസമയം പെനല്‍റ്റി പൊസിഷനില്‍ ഓടിയെത്തിയ മക് ഗിന്നിലേക്ക് ഒരു കിടിലന്‍ ക്രോസ്. ഗിന്നിന് ചുറ്റും പ്രതിരോധക്കാരുണ്ടായിരുന്നു അവരെ ചുറ്റിച്ചൊരു ഇടംകാലന്‍ ഷോട്ടില്‍ പന്ത് ആഴ്സണല്‍ വലയിലേക്ക് തൊടുത്തു. 1-0ന് ആസ്റ്റണ്‍ വില്ല മുന്നില്‍.
ഇതിന് തൊട്ടുപിന്നാലെ കൊടിയ നീറ്റലുമായാണ് ആഴ്സണല്‍ താരങ്ങള്‍ ആസ്റ്റണ്‍ ഗോള്‍മുഖം ആക്രമിച്ചത്. എമിയുടെ കിടിലന്‍ രണ്ട് സേവുകള്‍ വില്ലാ പാര്‍ക്ക് കണ്ട നിമിഷങ്ങളായിരുന്നു അത്. പിന്നീട് ഒരു മറുപടി നല്കാന് കളിയിലുടനീളം ശ്രമിച്ചെങ്കിലും ആഴ്സണലിന് സാധിച്ചില്ല. രണ്ടാം പകുതി പുരോഗമിക്കവെ ആസ്റ്റണ്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തി, രണ്ട് ഓണ്‍ ടാര്‍ജറ്റുകളും തൊടുത്തു. പക്ഷെ ഗോള്‍ വര്‍ദ്ധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: