കൊല്ലം: അവശ്യ സാധനങ്ങളുടെ വരവ് നിലച്ചതോടെ ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും മാവേലി സ്റ്റോറുകളും അടച്ചിടലിന്റെ വക്കില്‍. സബ്സിഡി അരിയില്ലാതായതോടെ മട്ട അരിയുള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. മട്ട അരിക്ക് കിലോയ്ക്ക് വര്‍ധിച്ചത് 21 രൂപ. നവംബറില്‍ കിലോയ്ക്ക് 25 രൂപയ്ക്ക് വിറ്റിരുന്ന അരിക്ക് ഇപ്പോള്‍ 46 രൂപയായി.
ദിവസവും ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങള്‍ വില്പന നടത്തിയിരുന്ന മാവേലി സ്റ്റോറുകള്‍ അടക്കമുള്ള സപ്ലൈകോ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കച്ചവടം പകുതിയില്‍ താഴെയായി. മാവേലി സ്റ്റോര്‍, സപ്ലൈകോ പീപ്പിള്‍ ബസാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ആഴ്ചതോറും സാധനങ്ങള്‍ വാങ്ങാനായി ആയിരക്കണക്കിനാളുകളാണ് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അരി അടക്കം സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ മാവേലി സ്റ്റോറിലെത്തി ഒന്നും കിട്ടാതെ തിരിച്ചുപോവുകയാണ് ഉപഭോക്താക്കള്‍.
പൊതുവിപണിയെക്കാള്‍ വിലക്കുറവിലാണ് 13 ഇനം സാധനങ്ങള്‍ സബ്സിഡിയായി സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം നടത്തിയിരുന്നത്. മട്ട, ജയ, പച്ചരി, കുറുവ അരികള്‍, ചെറുപയര്‍, വന്‍പയര്‍, കടല, ഉഴുന്ന്, തുവരപരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയായിരുന്നു സബ്സിഡിയായി നല്‍കിയിരുന്നത്. വര്‍ഷങ്ങളായി വില വര്‍ധനയില്ലാത്ത സാധനങ്ങളായിരുന്നു ഇവ. എന്നാല്‍ ഇപ്പോള്‍ ഈ സാധനങ്ങളില്‍ പലതും പല ഔട്ട്ലെറ്റുകളില് നിന്ന് കിട്ടാതായിട്ടു മാസങ്ങളായി. കടല, വെളിച്ചെണ്ണ, ചെറുപയര്‍ എന്നിവ മാത്രമാണ് ജില്ലയിലെ ചില മാവേലി സ്റ്റോറുകളിലുള്ളത്.
സബ്സിഡി സാധനങ്ങള്‍ ഒന്നുമില്ലാത്ത ഔട്ട്ലെറ്റുകളും ജില്ലയിലുണ്ട്. ഗോഡൗണുകളില്‍ നിന്ന് സാധനങ്ങള്‍ എത്താറില്ലെന്നും ജീവനക്കാര്‍ പറയുന്നു. പഞ്ചസാര വിതരണം നിലച്ചിട്ട് മൂന്ന് മാസത്തിലേറെയായി. ഓണക്കാലത്ത് കുറച്ച് ലോഡ് പഞ്ചസാര എത്തിയിരുന്നു. അത് ആ മാസങ്ങളില്‍ തന്നെ തീര്‍ന്നു. പിന്നീട് പഞ്ചസാരയുടെ ലോഡ് എത്തിയിട്ടില്ല. ഓരോ മാസവും സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ 100 ലോഡ് അരി വിതരണം നടത്തിയിരുന്നു. എന്നാല്‍ ഈ മാസം ഒരു ലോഡ് അരി പോലും ജില്ലയിലെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പൊതു വിപണിയെ അപേക്ഷിച്ച് വില കുറവായതിനാല്‍ മാവേലി സ്റ്റോറുകളില്‍ നിന്നുള്ള അരിക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇപ്പോള്‍ പൊതുവിപണിയില്‍ നിന്ന് വന്‍ തുക നല്കി അരി വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.
റേഷന്‍ കമ്മീഷന് കുടിശിക
സാമ്പത്തിക പ്രതിസന്ധി റേഷന്‍ വിതരണ രംഗത്തെയും ബാധിക്കുന്നു. ക്രിസ്മസ് കാലത്ത് റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം മുടങ്ങുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. റേഷന്‍ വ്യാപാരികളുടെ കമ്മീഷന് വിതരണം കുടിശികയായതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. നല്‍കാനുള്ള പണം ലഭിക്കാതെ അരിയും ആട്ടയും വാങ്ങി വിതരണം ചെയ്യില്ലെന്നാണ് റേഷന്‍ കടയുടമകളുടെ നിലപാട്. സപ്ലൈകോയില്‍ നിന്ന് റേഷന്‍ സാധനങ്ങളുടെ ട്രാന്‍സ്പോര്‍ട്ട് ബില്‍ കുടിശികയായതോടെ കരാറുകാര്‍ പണിമുടക്കിനൊരുങ്ങുകയുമാണ്.
രണ്ടു മാസത്തെ കമ്മിഷന് കുടിശികയായതോടെ റേഷന്‍ വ്യാപാരികളില്‍ ഒരു വിഭാഗം സ്റ്റോക്കെടുപ്പില്‍ നിന്ന് വിട്ടുനിന്നുള്ള സമരത്തിനൊരുങ്ങുകയാണ്. സമരം ആരംഭിച്ചാല്‍ ഡിസംബര്‍ പകുതിയോടെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ക്കു ക്ഷാമം നേരിടും. ജനുവരി മുതല്‍ റേഷനും മുടങ്ങും. ബില്‍ കുടിശിക നല്‍കാത്തതിനെതിരെ സൂചനാ പണിമുടക്കു നടത്താനും തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങാനുമാണ് കരാറുകാരുടെ തീരുമാനം.
വേതനമില്ലാതെ തൊഴിലാളികള്‍
പാക്കിങ്ങിനുള്ള സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ മാവേലി, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥയും പരിതാപകരമാണ്. പാക്കിങ് വിഭാഗത്തില്‍ ദിവസവേതനക്കാരാണുള്ളത്. സാധനങ്ങള്‍ എത്താത്തതിനാല്‍ ജോലി കുറഞ്ഞു. മൂന്നു മാസം മുമ്പ് വരെ എല്ലാം ദിവസവും ജോലിയുണ്ടായിരുന്നു.
ഇപ്പോള്‍ രണ്ട് മാസത്തിലേറെയായി ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രമാണ് ജോലിക്കു വരുന്നത്. യാത്രാക്കൂലിക്കുള്ള വേതനം പോലും കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കൗണ്ടറില്‍ ജോലി നോക്കുന്ന കരാര്‍ ജീവനക്കാരുടെ ശമ്പളവും വെട്ടിക്കുറച്ചു. എല്ലാ ദിവസവും വന്നാലും 15-20 ദിവസത്തെ കൂലിയാണ് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: