തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കള്ളക്കണക്കു സമര്‍പ്പിക്കാനാകാതെ പിണറായി സര്‍ക്കാര്‍. കേരളത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി ചെയര്‍മാനുമായ ആര്.എസ്. ശശികുമാര്‍ നല്കിയ നിവേദനത്തില്‍ കേരളം നേരിടുന്ന പ്രതിസന്ധികള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. അവയ്ക്കെല്ലാം രേഖകളുമുള്ളതാണ്. ഈ സാഹചര്യത്തില്‍ രേഖകള്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കേണ്ടി വരും.
ഓരോ പദ്ധതിക്കും കേന്ദ്രം കൊടുത്തതിന്റെ കൃത്യമായ കണക്കുണ്ട്. അതിനാല്‍ കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കവും ഗവര്‍ണറുടെ മുമ്പില്‍ പൊളിയും.
മാത്രമല്ല, കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ ഭയാനകമായ പ്രതിസന്ധിയിലാണെന്ന് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ശ്രീരാമകൃഷ്ണ മിഷന് അടക്കം കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (കെടിഡിഎഫ്സി) നിക്ഷേപിച്ചവര്‍ക്ക് കാലാവധി പൂര്‍ത്തിയായിട്ടും കോടികളുടെ നിക്ഷേപം മടക്കിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയുടെ സ്വത്തു വിറ്റ് പണം നല്കട്ടെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
കേരളം പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പലകുറി പൊതുവേദികളിലും വാര്‍ത്താ സമ്മേളനങ്ങളിലും വെളിപ്പെടുത്തിയിട്ടുമുണ്ട്. നിവേദനത്തിലെ പ്രധാന വിവരങ്ങളും പ്രതിസന്ധിയിലേക്കു വിരല്‍ ചൂണ്ടുന്നവയാണ്.
1 സംസ്ഥാനത്തിന്റെ വായ്പ പരിധി കവിഞ്ഞു
2 സിവില്‍ സപ്ലൈസ് കോര്പ്പറേഷന് 5000 കോടിയുടെ ബാധ്യത
3 സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 16,000 കോടി രൂപ കുടിശ്ശിക
4 കോളജ് അധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയുമായി 1500 കോടി രൂപ
5 ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി കുടിശ്ശിക
6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019ലെ ശമ്പള പരിഷ്കരണ കുടിശ്ശികയും ഡിഎയുമടക്കം 24,000 കോടി
7 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളമില്ല, പെന്‍ഷനില്ല
8 കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് സമാഹരിച്ച കോടികളുടെ സ്ഥിര നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയായിട്ടും മടക്കിക്കൊടുത്തില്ല
9 കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചു
10 സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം താറുമാറായി
2020-21ല്‍ പ്രതീക്ഷിച്ച ബജറ്റ് വരുമാനം 32,628 കോടിയാണെങ്കിലും ലഭിച്ചത് 42,628 കോടി. കേന്ദ്ര വിഹിതം ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന വാദം വസ്തുതാ വിരുദ്ധമെന്ന് ഇതില്‍ നിന്നു വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: