Categories: India

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംപി ഉള്‍പ്പെട്ട കള്ളപ്പണവേട്ട; പിടിച്ചത് 2900 കോടി; മൂന്നു ദിവസമായിട്ടും എണ്ണിത്തീര്‍ന്നില്ല

Published by

ഭൂവനേശ്വര്‍: ഒഡിഷയിലെ ഡിസ്റ്റിലറി കമ്പനിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംപിയുടെ കെട്ടിടങ്ങളിലും പരിശോധന നടത്തി. മൊത്തം പിടിച്ചെടുത്തത് 2900 കോടി രൂപയുടെ കള്ളപ്പണമാണ്. രാജ്യത്ത് ഒരു സര്‍ക്കാര്‍ ഏജന്‍സി ഒറ്റത്തവണ റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണ് ഇതെന്ന് പറയുന്നു.

ഇതോടെ കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹു പ്രതിക്കൂട്ടിലാണ്. ഇദ്ദേഹത്തിനെതിരെ ജമ്മുകശ്മീര്‍ ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മൂന്ന് ദിവസമായിട്ടും ഉദ്യോഗസ്ഥര്‍ നോട്ടെണ്ണല്‍ തുടരുകയാണ്. ഏകദേശം 40ഓളം വലുതും ചെറുതുമായ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അധികമായി ബാങ്കില്‍ നിന്നുള്ള ജീവനക്കാരെയും നോട്ടെണ്ണുന്നതിന് ഉപയോഗിക്കുന്നുണ്ട്.

ബൗധ് ഡിസ്റ്റിലറി പ്രൈ.ലിമിറ്റഡ് എന്ന കമ്പനിയില്‍ ഡിസംബര്‍ ആറിനാണ് റെയ്ഡ് നടന്നത്.

കള്ളപ്പണത്തില്‍ കൂടുതലും 500 രൂപ നോട്ടുകളാണ്. ഒഡിഷയിലെ തന്നെ സര്‍ക്കാര്‍ ബാങ്കുകളിലേക്ക് എണ്ണിത്തിട്ടപ്പെടുത്തിയ കള്ളനോട്ട് എത്തിക്കാന്‍ കൂടുതല്‍ വാഹനങ്ങളും ഏര്‍പ്പെടുത്തി.

230 കോടി രൂപയുടെ നോട്ടുകള്‍ കമ്പനിയിലെ 8 മുതല്‍ 10 വരെയുള്ള അലമാരയില്‍ നിന്നും കണ്ടെടുത്തു. ബാക്കി തുക ടിറ്റ്ലഗര്‍, സംഭാല്‍പൂര്‍, റാഞ്ചി എന്നിവിടങ്ങളിലെ റെയ്ഡില്‍ കണ്ടെടുത്തു. കണക്കിലില്ലാത്ത മദ്യവില്‍പന നടക്കുന്നതായി കൃത്യമായി വിവരം ലഭിച്ചിരുന്നു.

രാജ്യത്തെ ജനങ്ങള്‍ ഈ നോട്ടുകളുടെ കൂമ്പാരം കാണണമെന്നും എന്നിട്ട് അവരുടെ നേതാക്കളുടെ സത്യസന്ധമായ പ്രസംഗങ്ങള്‍ കേള്‍ക്കണമെന്നും മോദി എക്സില്‍ കുറിച്ചിരുന്നു. ജനങ്ങളില്‍ നിന്നും കൊള്ളയടിച്ച് മുഴുവന്‍ തുകയും തിരിച്ചുപിടിക്കുമെന്നും മോദി പറഞ്ഞിരുന്നു. രാജ്യത്തെ മുഴുവന്‍ സമ്പദ്ഘടനയെയും കോണ്‍ഗ്രസ് നിശ്ശൂന്യമാക്കിക്കളഞ്ഞുവെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ പ്രസ്താവിച്ചത്.

ഇനിയും എട്ട് ലോക്കറുകളും 10 മുറികളും തുറക്കാനുണ്ടെന്നറിയുന്നു. ഇത്രയും തുക ഒരാളുടെ മാത്രമായിരിക്കണമെന്നില്ലെന്നും ഛത്തീസ് ഗഡില്‍ നിന്നും അധികാരമൊഴിയുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പണവും ഇതില്‍ കാണാമെന്നും നിഷികാന്ത് ദുബെ ആരോപിച്ചു.

ഭാരത് ജോഡോ യാത്രയില്‍ ധീരജ് സാഹു പങ്കെടുത്തിരുന്നു. ഇദ്ദേഹം രാഹുല്‍ ഗാന്ധിയുമൊത്തുള്ള നിരവധി ഫോട്ടോകളും പുറത്തുവന്നിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക