ന്യൂദല്‍ഹി: ഇന്ദ്രപ്രസ്ഥത്തില്‍ യുവസാഗരം തീര്‍ത്ത് എബിവിപി ശോഭായാത്ര. 69-ാം ദേശീയ സമ്മേളനത്തിനായി എത്തിയ പതിനായിരത്തോളം വരുന്ന പ്രതിനിധികളും ദല്‍ഹിയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പങ്കെടുത്ത ശോഭായാത്ര ഉത്തരദല്ഹിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിച്ചു. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്നതായി ശോഭായാത്ര. ഭാരത് മാതാ കീ ജയ്, വന്ദേമാതരം വിളികള്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കുങ്കുമവര്ണ പതാകയ്ക്കുകീഴില്‍ ഒരു മാലയില്‍ കോര്‍ത്ത മുത്തുകള്‍പോലെ അവര്‍ കടന്നു പോയി. കശ്മീരും കന്യാകുമാരിയും ഈ രാജ്യത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്ന് അവര്‍ ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞു.
ദേശീയ സമ്മേളന നഗരിയായ ബുറാഡിയിലെ ഇന്ദ്രപ്രസ്ഥ നഗറില്‍ നിന്നാരംഭിച്ച ശോഭായാത്ര മണിക്കൂറുകളെടുത്താണ് സമാപനസ്ഥലമായ ദല്‍ഹി സര്‍വ്വകലാശാല നോര്‍ത്ത് കാമ്പസിലെ മൗറീസ് നഗര്‍ ചൗക്കില്‍ എത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ശോഭായാത്രയില്‍ പങ്കെടുത്തത്. നാലര കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ 62 കേന്ദ്രങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശോഭായാത്രയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു. പൂക്കള്‍ വിതറിയും അഭിവാദ്യം ചെയ്തുമായിരുന്നു സ്വീകരണം. ഇതുകൂടാതെ പാതയ്ക്കിരുവശവും തടിച്ചുകൂടിയ നൂറുകണക്കിനാളുകളും പ്രതിനിധികളെ അഭിവാദ്യം ചെയ്തു.
എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല, ദേശീയ സെക്രട്ടറി അങ്കിത പവാര്‍ തുടങ്ങിയവര്‍ ശോഭായാത്രയെ മുന്നില്‍ നയിച്ചു. തൊട്ടുപിന്നിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം പ്രതിനിധികളും. കേരളീയ വസ്ത്രം ധരിച്ചാണ് സംസ്ഥാന പ്രസിഡന്റ് ഡോ. വൈശാഖ് സദാശിവന്, സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരളസംഘം ശോഭായാത്രയില്‍ പങ്കെടുത്തത്.
ശോഭായാത്ര സമാപനസമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല മുഖ്യപ്രഭാഷണം നടത്തി. ഇന്നലെ രാവിലെ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്. മുകുന്ദ് ആഗോള സാഹചര്യത്തില്‍ ഭാരതത്തിന്റെയും യുവാക്കളുടെയും പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നാലുദിവസം നീണ്ടുനിന്ന സമ്മേളനം ഇന്ന് സമാപിക്കും. യശ്വന്ത്റാവു കേല്‍ക്കര്‍ യുവജന പുരസ്കാരസമര്‍പ്പണവും പുതിയ ദേശീയ ഭാരവാഹികളുടെ പ്രഖ്യാപനവും ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: