പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വികസന പദ്ധതികളുടെ കാര്യത്തിൽ ആളുകൾക്കിടയിൽ വേർതിരിവ് കാണിക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ശനിയാഴ്ച പാലക്കാട് സംഘടിപ്പിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കളുമായുള്ള സംവേദനാത്മക പരിപാടിയോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സംസ്ഥാനമായാലും കേന്ദ്രമായാലും ആര് സംഭാവന നൽകിയാലും ജനങ്ങൾക്ക് പ്രയോജനം ലഭിക്കണമെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു. പിഎംഎവൈ ഗുണഭോക്താവിന്റെ വീട്ടിൽ പിഎംഎവൈയുടെ ലോഗോ മാത്രം മതിയെന്നും മറ്റിടങ്ങളിൽ ഒരിടത്തും ആരും പ്രശ്‌നങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്‌ട്രീയ പ്രേരിതമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
ഭാരതം അതിവേഗം വളരുകയാണെന്നും ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് സംസാരിച്ച ഹർദീപ് സിംഗ് പുരി, പ്രതിവർഷം 12 സബ്‌സിഡി സിലിണ്ടറുകൾ വരെ ഉപയോഗിക്കാവുന്ന തരത്തിൽ നമ്മുടെ സഹോദരിമാർക്ക് 9.6 കോടി സൗജന്യ കണക്ഷനുകൾ നൽകിയിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: