ശബരിമല: കുടിവെള്ളമില്ല, വിശ്രമിക്കാന്‍ സംവിധാനങ്ങളില്ല, മലകയറ്റത്തിനിടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ കാടുതന്നെ ശരണം. ഇങ്ങനെ പറഞ്ഞാല്‍ തീരില്ല ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍. ദര്‍ശനത്തിനായി മണിക്കൂറുകള്‍ ക്യൂവില്‍ അകപ്പെടുന്ന കൊച്ച് കുട്ടികളുടെ സ്ഥിതിയാണ് ദയനീയം. ഇതിനൊപ്പം പോലീസുകാരുടെ ദയയില്ലാത്ത പെരുമാറ്റം കൂടി ആകുമ്പോള്‍ എല്ലാം പൂര്‍ണ്ണം.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴാണ് തീര്‍ത്ഥാടകരുടെ ദുരിതക്കറ്റം. വലിയ തീര്‍ത്ഥാടക തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. പമ്പ മുതല്‍ നിയന്ത്രണം ഉണ്ടെങ്കിലും ശബരിപീഠം മുതലാണ് തീര്‍ത്ഥാടകരെ പൂര്‍ണ്ണായും നിയന്ത്രിക്കുന്നത്. വടം കെട്ടി തീര്‍ത്ഥാടകരെ നിയന്ത്രിക്കുമ്പോള്‍ ഇതിനുള്ളില്‍ അകപ്പെട്ടുപോകുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
ചില സ്ഥലങ്ങളില്‍ കുടിവെള്ളത്തിന് ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് എടുത്ത് കുടിക്കാനുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. ശബരിപീഠത്തിന് സമീപം പേരിന് ഒരു താത്ക്കാലിക ശൗചാലയം മാത്രമാണുള്ളത്. അതാവട്ടെ കണ്ടാല്‍ അറയ്ക്കുന്ന നിലയിലും.
ശരംകുത്തിവഴിയാണ് തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. ഇവിടെ ക്യൂ കോംപ്ലക്സുകളിലൂടെയാണ് സന്നിധാനത്തേയ്ക്ക് തീര്‍ത്ഥാടകരെ പോകുന്നത്. ക്യൂ കോംപ്ലക്സുകളില്‍ മണിക്കൂറുകള്‍ കിടക്കേണ്ട അവസ്ഥയാണ് ഭക്തര്‍ക്ക്. ഇവിടെ കുടിവെള്ളം പേരിന് ഉണ്ടെങ്കിലും വിതരണം കാര്യക്ഷമമല്ലെന്ന് ഭക്തര്‍ പറഞ്ഞു. നൂറ് കണക്കിന് ആളുകള്‍ ഒന്നിച്ചാണ് ക്യൂ കോംപ്ലക്സില്‍ ഉണ്ടാവുക. ഇവര്‍ക്ക് ആവശ്യത്തിനുള്ള വെള്ളം ഉണ്ടാകാറില്ല. ശൗചാലങ്ങള്‍ ആവശ്യത്തിന് ഇല്ലെന്നും പരാതിയുണ്ട്. ക്യൂ കോംപ്ലക്സുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിന്റെ ഇരട്ടിയിലധികം ആളുകളെയാണ് പോലീസ് കുത്തിനിറയ്ക്കുന്നതെന്നും ഭക്തര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: