നെന്മാറ: ഡ്രോണ്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് രാസവളങ്ങളും സസ്യ വളര്‍ച്ച പ്രേരകങ്ങളും തളിക്കുന്ന രീതി പരിചയപ്പെടുത്തി. നെന്മാറ ബ്ലോക്ക് ആത്മ സ്കീമിന്റെയും അയിലൂര്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് നെല്‍പ്പാടങ്ങളില്‍ രാസവളവും സസ്യ വളര്‍ച്ച പ്രേരകവും തളിക്കുന്ന രീതി പരിചയപ്പെടുത്തിയത്. ആത്മയുടെ
നേതൃത്വത്തില്‍ നെല്‍കൃഷിയില്‍ ശാസ്ത്രീയ കൃഷിരീതിയില്‍ സാങ്കേതിക വിദ്യ പ്രയോഗിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഡ്രോണ്‍ ഉപയോഗിച്ച് വളങ്ങള്‍ തളിച്ചു നല്‍കിയത്.
നാനോ യൂറിയയും സൂക്ഷ്മ സസ്യവളര്‍ച്ച പ്രേരകങ്ങളും ഉള്‍പ്പെടുന്ന ലായനിയാണ് ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണ തളിക്കല്‍ നടത്തിയത്. ലായനിരൂപത്തിലുള്ള നാനോ യൂറിയയും, സസ്യവളര്‍ച്ച പ്രേരകമായ സാഗരികയുടെയും ഉല്പാദകരായ ഇഫ്ക്കോയുടെ സഹകരണത്തോടെയാണ് അയിലൂര്‍ കൃഷിഭ വനിലെ പുത്തന്‍തറ പാടശേഖരത്തിലെ
തെരഞ്ഞെടുത്ത 10 കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ സൗജന്യമായി തളിച്ചത്. ഒരുഏക്കര്‍ നെല്‍പ്പാടത്ത് നാനോ യൂറിയയും സസ്യ വളര്‍ച്ച പ്രേരകവും തളിക്കുന്നതിന് 10 മിനിറ്റില്‍ താഴെ മാത്രമാണ് സമയം വേണ്ടിവന്നത്. ഇതുമൂലം രാസവളങ്ങളും മറ്റും സസ്യങ്ങള്‍ക്ക് നേരിട്ട് ഇലയിലൂടെ ലഭിക്കുമെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പ്രദേശത്ത് കുറഞ്ഞചെലവില്‍ വളപ്രയോഗം നടത്താന്‍ കഴിയും.
മണ്ണിലൂടെയും ജലത്തിലൂടെയും വളം നഷ്ടപ്പെടാതെ ഇലയിലൂടെ നേരിട്ട് ചെടികള്‍ക്ക് ലഭിക്കുമെന്ന മേന്മയുണ്ടെന്നും കൃഷി അധികൃതര്‍ വിവരിച്ചു.
അര ലിറ്റര്‍ നാനോ യൂറിയയാണ് ഒരേക്കര്‍ നെല്‍പ്പാടത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചത്. മിനിറ്റുകള്‍ക്കകം നെല്‍പ്പാടങ്ങളിലെ വളപ്രയോഗം തീര്‍ന്നത് കൗതുകത്തോടെ കര്‍ഷകര്‍ നോക്കിനിന്നു. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ നെല്‍പ്പാടങ്ങള്‍ക്ക് മുകളിലൂടെ പറത്തിയത്. കര്‍ഷകര്‍ക്ക് നേരിട്ട്
ഈ കമ്പനി മണിക്കൂറിന് 500 രൂപ നിരക്കില്‍ വളപ്രയോഗം നടത്തിക്കൊടുക്കാറുണ്ടെന്ന് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. വി ഘ്നേഷ് ഉദ്ഘാടനം ചെയ്തു. കൃഷിഅസിസ്റ്റന്റ് സി. സന്തോഷ്, പരിപാടി വിശദീകരിച്ചു. ബ്ലോക്ക് ടെക്നോളജി മാനേജര്‍ (ബിപിഎം) എന്‍.എം. അസ്ലം ക്ലാസെടുത്തു. ആത്മ അസിസ്റ്റന്റ് ടെക്നിക്കല്‍ മാനേജര്‍ കെ. സുനിത, കൃഷി അസിസ്റ്റന്റ് ജി. ദീപിക, സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് എ. പ്രഭാകരന്, സെക്രട്ടറി കെ. നാരായണന്, വിവിധ പാടശേഖരസമിതി ഭാരവാഹികളും കര്‍ഷകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: