1962ല്‍ കോയമ്പത്തൂരില്‍ നടന്ന സംഘശിക്ഷാ വര്‍ഗിലാണ് ശ്രീഗുരുജി തമിഴ്നാട്ടിന്റെയും കേരളത്തിന്റെയും സംഘപ്രവര്‍ത്തനത്തെ രണ്ടു പ്രാന്തങ്ങളാക്കിയവിവരം പ്രഖ്യാപിച്ചത്. കേരളത്തിന് ശ്രീ.എന്‍.ഗോവിന്ദമേനോന് സംഘചാലകനും, ശ്രീ.അഡ്വക്കേറ്റ് ഡി.എന്‍.പൈ കാര്യവാഹും. ഭാസ്കര്‍റാവു പ്രചാരകനുമായി നിശ്ചയിക്കപ്പെട്ടു. അതിനുശേഷം ദത്താജി നാഗ്പൂരില്‍ തിരിച്ചെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. അവ വളരെ ജനപ്രീതി നേടി. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി അത് നാഗ്പൂരിലും പരിസരങ്ങളിലും വ്യാപിച്ചു. അദ്ദേഹം വിദ്യാര്‍ത്ഥിപരിഷത്തിന്റെ അധ്യക്ഷനായി നിശ്ചയിക്കപ്പെട്ടു. അക്കാലത്താണ് തിരുവനന്തപുരം സമ്മേളനം. ഞാന്‍ ചങ്ങനാശേരിയില്‍ പ്രചാരകനായിരിക്കെ അദ്ദേഹം അവിടെ വരികയും ഏതാനും അധ്യാപകരെ പരിചയപ്പെടുകയും ചെയ്തു.
1989ല്‍ നാഗപൂരില്‍ ഡോക്ടര്‍ജി ജന്മദിനാഘോഷങ്ങള് സംഘടിപ്പിച്ചതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. അതില്‍ പങ്കെടുക്കാന്‍ ഞാനും പോയിരുന്നുവെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ഉച്ചഭാഷിണിയിലൂടെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേള്ക്കുകമാത്രമെ സാധ്യമായുള്ളൂ.
എന്നാല്‍ ജന്മഭൂമി ആരംഭിക്കുന്നതിന് മുമ്പ് നാഗ്പൂരിലെ തരുണ ഭാരത് പത്രമാഫീസില്‍ പോയി പത്രം നടത്തുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ നേരില്‍ മനസ്സിലാക്കാന്‍ ശ്രമം നടത്തി. കേന്ദ്ര കാര്യാലയത്തില്‍ ശ്രീദേവറസ്ജിയെ കണ്ടു. അദ്ദേഹം തരുണഭാരതിന്റെ പ്രസാധകനെ വിവരമറിയിച്ചു. അതിനടുത്തുതന്നെയായിരുന്നു ദത്താജിയുടെ താമസം. ഓട്ടോയില്‍ പോകുമ്പോള്‍ ശങ്കര്ശാസ്ത്രിയെയും കിട്ടി. ശാസ്ത്രിജി ദത്താജിയുടെ വീട്ടില്‍ കൊണ്ടുപോയി. ദത്താജിയുടെ സംഭാഷണം മുഴുവന്‍ മലയാളത്തിലായിരുന്നു. കേസരിയില്‍ വരുന്നതുമുഴുവന്‍ വായിക്കുമത്രേ. അവിടന്നു ഭക്ഷണം കഴിച്ച് തരുണഭാരതില്പോയി.
ജന്മഭൂമി എളമക്കരയില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ദത്താജിക്കും അയച്ചുതുടങ്ങി. പിന്നീട് കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഓര്‍ഗനൈസറില്‍ നിന്നാണ് ദത്താജിയുടെ ചരമവിവരമറിഞ്ഞത്. മഞ്ഞപ്പിത്തമായിരുന്നത്രേ. മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലി പ്രയോഗം നാഗ്പൂരിലില്ലായിരിക്കും എന്ന് സമാധാനിച്ചു. താന്‍ ഒറ്റമൂലികൊണ്ട് രക്ഷപ്പെട്ടതാണെന്ന് പരമേശ്വര്‍ജി പറഞ്ഞു.
നാഗ്പൂരില്‍ ഭാരതീയഭാഷാ സമ്മേളനം നടന്നിരുന്നു. കേരളത്തില്‍ നിന്നു മഹാകവി അക്കിത്തം പങ്കെടുത്തിരുന്നു. മടങ്ങിയെത്തിയശേഷം അതിന്റെ വിവരങ്ങള്‍ വി.എം. കൊറാത്തുമായി പങ്കുവയ്ക്കാന്‍ അദ്ദേഹം ജന്മഭൂമിയില് വന്നു. നല്ലതുപോലെ മലയാളം അറിയുന്ന ആളുടെ കൂടെയായിരുന്നുതാമസം. ആതിഥേയന് മലയാളത്തിലെ നാടന്‍ ശ്ലോകങ്ങളും കവിതകളും പാടും. പ്രൊഫസറാണ്. ദത്താജി ഡിഡോള്ക്കറാണോ എന്ന് ഞാന്‍ ചോദിച്ചു. അത് നാരായണന് എന്ന പ്രചാരകനാണ് പഠിപ്പിച്ചതെന്നുകൂടി പറഞ്ഞു. ആ നാരായണനാണീനാരായണന് എന്ന് കൊറാത്ത്സാര്‍ പരിചയപ്പെടുത്തിയപ്പോള്‍ രണ്ടുപേര്‍ക്കുമുണ്ടായ വികാരം പറയാനാവില്ലായിരുന്നു.
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെ ആശയവും, ദത്താജിയുടെ മനസ്സിലാണുദിച്ചത്. ശതാബ്ദി പ്രമാണിച്ചു പാറയില്‍ ദീപം തെളിക്കാനുള്ള പരിശ്രമത്തിനുണ്ടായ പ്രയാസങ്ങള്‍ അദ്ദേഹത്തെ ചിന്താകുലനാക്കി. പാറയില്‍ ഒരു തറയും ലിഖിതവും മാത്രമേ അവര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. അവിടത്തുകാരായ മുക്കുവരുടെ സഹായത്തോടെ അവര്‍ പാറയില്‍പോയി ഒരു തറനിര്മിക്കുകയും സ്വാമിജി പാറയില്പോയ തീയതിയും മറ്റും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കന്യാകുമാരിയിലെ മുക്കുവര്‍ അത് തകര്‍ത്തതിന്റെ ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നപ്പോള്‍ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ദത്താജിയുടെ മനസ്സില്‍ തെളിഞ്ഞു. നാഗപൂരില്‍ സംഘത്തിന്റെ അഖിലഭാരതീയ സഭ കൂടുന്ന സമയത്തും സമിതിയുടെ ആള്‍ക്കാരോട് അവിടെ ചെന്ന് ശ്രീ ഗുരുജിയുടെ സഹായം അപേക്ഷിക്കണമെന്നും, സര്‍കാര്യവാഹ് കാലാവധി അവസാനിക്കുന്ന ശ്രീ ഏകനാഥ് റാനഡെയുടെ സഹായത്തിന് ആവശ്യപ്പെടണമെന്നും നിര്‍ദ്ദേശിച്ചു. കോഴിക്കോട്, കൊയിലാണ്ടി കടപ്പുറങ്ങളിലെ സ്വയം സേവകരെ പാറയിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ നിയോഗിക്കാമെന്നതും ദത്താജിയുടെ ആശയമായിരുന്നു.
കന്യാകുമാരിയിലെ ശതാബ്ദി സ്മാരക സമിതി ഭാരവാഹികളുടെ അഭ്യര്‍ഥന ശ്രീഗുരുജി അംഗീകരിച്ചു, സ്മാരക നിര്‍മാണച്ചുമതല ഏകനാഥജിക്കു നല്‍കുകയായിരുന്നു.
തിരുവനന്തപുരത്തെ നരസിംഹവിലാസത്തില് ദിവാകര്‍ കമ്മത്തിന്റെ മുറിയില്‍ താമസിക്കുമ്പോള്‍ ഒരു പ്രഭാതത്തില്‍ കവടിയാര്‍ കൊട്ടാരത്തിലെ കുതിരപ്പടയാളികള്‍ പടികയറിവന്നു. സംഘത്തിന്റെ തൊപ്പി ഒരെണ്ണം അവര്‍ ആവശ്യപ്പെട്ടു. രാജപ്രമുഖന്റെ തൊപ്പി കേടായി. അദ്ദേഹത്തിന് ഔപചാരികവേളകളില്‍ ധരിക്കാന്വേണ്ടിയാണ്. സ്വകാര്യ ഉപയോഗത്തിനുള്ളതല്ലാതെ വില്പനയ്ക്കില്ല എന്ന് ദത്താജി പറഞ്ഞു. സംഘത്തിന്റെ വസ്തുക്കളുടെ പവിത്രത എത്രയും പ്രധാനമാണെന്നും ഭരണത്തലവന്റെ മുന്നിലായാലും അതിന് ഇളവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ബൈഠകില്‍ തന്നെയായിരുന്നു ശ്രീ ഗുരുജിയുടെ 51-ാം ജന്മദിനത്തിന്റെ വേളയില്‍ 51 ദിവസത്തെ രാഷ്ട്രജാഗരണപരിപാടിയുടെ വിവരങ്ങള്‍ വിവരിച്ചതും. അതിന്റെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള സാഹിത്യവും കാണിച്ചുതന്നു. ഗൃഹസമ്പര്‍ക്കപരിപാടിയും മറ്റും പുതിയ ആശയമുള്ക്കൊള്ളുന്നതാണെന്ന് തോന്നി. ദത്താജിയുടെ നൂറ്റാണ്ട് ജയന്തി ആഘോഷിക്കാനുള്ള തീരുമാനം എത്രയും ഉചിതമായി. നമ്മുടെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമുള്ള വഴികളില്‍ നടന്ന് ഏറെ തേഞ്ഞവയാണ് അദ്ദേഹത്തിന്റെ കാലുകള്‍.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: