നൈഹാട്ടി(കൊല്‍ക്കത്ത): ഐ ലീഗില്‍ ഗോകുലം കേരള ഇന്ന് പട്ടികയില്‍ മുന്നിലുള്ള മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെതിരെ. വൈകീട്ട് ഏഴിന് നടക്കുന്ന മത്സരം മുഹമ്മദന്‍ എസ് സിയുടെ തട്ടകത്തിലാണ്. സീസണില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന മുഹമ്മദന്‍സ് എസ് സി ഇതുവരെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ല. കളിച്ച ഏഴ് കളികളില്‍ ആറെണ്ണത്തിലും ജയിച്ചു. ഒരു കളിയില്‍ സമനില വഴങ്ങി. 19 പോയിന്റുമായാണ് ടീം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
മുന്‍പ് തുടരെ രണ്ട് വട്ടം ചാമ്പ്യന്‍മാരായ ഗോകുലം കേരളയ്‌ക്ക് സീസണില്‍ ഒരു തോല്‍വിയേ നേരിട്ടിട്ടുള്ളൂ. പക്ഷെ പോയിന്റ് വിജയകണക്ക് കുറവാണ്. ഹോം മാച്ചില്‍ പലതിലും സമനിലയില്‍ കുരുങ്ങി. 12 പോയിന്റുമായി ടീം ഏഴാം സ്ഥാനത്താണ്. ഇന്നലത്തെ കളിയില്‍ ട്രാവുവിനെതിരെ ഐസ്വാള്‍ എഫ്‌സി തകര്‍പ്പന്‍ ജയം നേടിയതോടെ ഗോകുലത്തിന് വീണ്ടും ഒരു സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇന്നലത്തെ രണ്ടാം മത്സരത്തില്‍ 5-1നാണ് ഐസ്വാള്‍ ജയിച്ചത്.
ഇന്നലത്തെ ആദ്യ പോരാട്ടത്തില്‍ ശ്രീനിധി ഡെക്കാനെ റിയല്‍ കശ്മീര്‍ സമനിലയില്‍ തളച്ചു. ഇരുവരും ഗോള്‍ രഹിത സമനിലയിലാണ് പിരിഞ്ഞത്.
















