ന്യൂദല്‍ഹി: ചായയ്ക്കും സമൂസയ്ക്കും വേണ്ടി മാത്രമാണ് ഇന്‍ഡി മുന്നണി യോഗം ചേരുന്നത് ഘടകകക്ഷി നേതാവ്. മുന്നണി രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ പാര്‍ട്ടിയുടെ സീതാമര്‍ഹി എംപി സുനില്‍കുമാര്‍ പിന്റുവാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.
മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിലൂടെ എന്തും സാധ്യമാക്കുന്ന നേതാവ് എന്ന വിശേഷണം മോദി സത്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ഇന്‍ഡി മുന്നണിക്കുള്ളില്‍ ഒരു ധാരണയുമില്ല. ആരെ എവിടെ മത്സരിപ്പിക്കണമെന്നോ പാര്‍ട്ടികള്‍ക്ക് എത്ര സീറ്റുകള്‍ നല്‍കണമെന്നോ എന്നൊന്നുമുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല. അവിടെ ചായകുടിയും സമൂസ തീറ്റയും മാത്രമാണുള്ളത്, സുനില്‍കുമാര്‍ പിന്റു പറഞ്ഞു.
ബിജെപിയോട് എനിക്ക് ആദരവാണ്. മനസുകൊണ്ട് ഞാനൊരു ബിജെപിക്കാരനാണ്. എന്റെ നേതാവ് നിതീഷ്കുമാര്‍ പറയുന്നതുകൊണ്ടാണ് ഇതില്‍ തുടരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായി ചേരാനുള്ള ജെഡിയു നീക്കം അലോസരപ്പെടുത്തുന്നുണ്ടെന്നും സുനില്‍കുമാര്‍ പിന്റു പറഞ്ഞു. സ്ത്രീകളും യുവാക്കളും കര്‍ഷകരും ദരിദ്രരുമാണ് തനിക്ക് നാല് ജാതികളെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വിപ്ലവകരമാണ്. ഈ നാല് വിഭാഗങ്ങളെ സമൃദ്ധിയുടെ വഴിയില്‍ നയിക്കാതെ രാഷ്ട്രവികസനം സാധ്യമാവില്ലെന്ന കാഴ്ചപ്പാട് മഹാനായ രാഷ്ട്രതന്ത്രജ്ഞന് മാത്രം ചേരുന്നതാണ്, ജെഡിയു നേതാവ് പറഞ്ഞു.
കോണ്‍ഗ്രസിന് ഇന്‍ഡി മുന്നണിയില്‍ എന്തെങ്കിലും പ്രതിബദ്ധതയുണ്ടെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പ് തോല്‍ക്കുമ്പോള്‍ മാത്രമാണ് അവര്‍ യോഗം വിളിക്കുന്നത്. മത്സരിക്കുമ്പോള്‍ സീറ്റിനുവേണ്ടി ആര്‍ത്തി പിടിച്ച് മറ്റെല്ലാവരെയും മറക്കുകയാണ്, സുനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: