ന്യൂദല്‍ഹി: സമാനതകളില്ലാത്ത സമര്‍പ്പണമനോഭാവത്തോടെയാണ് സൈനികര്‍ രാജ്യത്തെ സംരക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സായുധ സേന പതാക ദിനത്തോടനുബന്ധിച്ചാണ് സൈനികരുടെ ധീരതയെക്കുറിച്ചും സമര്‍പ്പണത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചത്. സായുധ സേന പതാക ദിനത്തില്‍ നാം സൈനികരുടെ ത്യാഗത്തേയും പ്രതിബദ്ധതയേയും സമര്‍പ്പണത്തേയും ആദരിക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ സമര്‍പ്പണത്തിന് സമാനതകളില്ല. പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. സായുധ സേന പതാക ദിന ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ കേന്ദ്രീയ സൈനിക ബോര്‍ഡ് സെക്രട്ടറി കമ്മഡോര്‍ എച്ച്. പി. സിങ് മോദിയെ പതാക ദിന ബാഡ്ജ് അണിയിച്ചു.
സൈനികരുടെ ധീരതയേയും ത്യാഗത്തെയും ആദരിക്കാന്‍ 1949 മുതലാണ് എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴ് സായുധ സേന പതാക ദിനമായി ആചരിക്കുന്നത്. വീരമൃത്യുവരിച്ച സൈനികരുടെ വിധവകള്‍, കുടുംബാംഗങ്ങള്‍, സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ തുടങ്ങിയവരെ കരുതലോടെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കാന്‍ എല്ലാവരോടും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭ്യര്‍ഥിച്ചു. അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ മാത്രമല്ല, പ്രകൃതിദുരന്തം പോലുള്ള എല്ലാ ഘട്ടങ്ങളിലും സൈനികരുടെ സേവനം രാജ്യത്തിനു ലഭിക്കുന്നു. ആഗോള തലത്തില്‍ സമാധാന സംരക്ഷണ ദൗത്യങ്ങളിലും നമ്മുടെ സൈനികര്‍ ശ്രദ്ധേയ പങ്കു വഹിക്കുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ എത്രയോ സൈനികര്‍ വീരമൃത്യു വരിച്ചു. എത്രയോ പേര് ദിവ്യാംഗരായി. അവരെയും കുടുംബാംഗങ്ങളേയും കരുതലോടെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്, രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: