ന്യൂദല്‍ഹി: തെലുങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയതോടെ ദക്ഷിണേന്ത്യ ബിജെപി മുക്തമായി എന്ന ചിലരുടെ വാദം വ്യാജ വംശീയത സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്ന് ചിന്തകനും സുപ്രീംകോടതി അഭിഭാഷകനും പുസ്തകരചയിതാവുമായ ജെ. സായി ദീപക്. ഇത് ക്ഷദ്രകരമാണെന്ന് മാത്രമല്ല രാഷ്‌ട്രീയപ്രേരിതമായ ചേരിതിരിവ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള ആസൂത്രിതപ്രചാരണവുമാണ്. – അദ്ദേഹം പറഞ്ഞു.
ഹിന്ദി ഹൃദയഭൂമിയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ചതോടെ ഗോമൂത്രസംസ്ഥാനങ്ങളിലെ വിജയമാണതെന്ന ഡിഎംകെ എംപിയുടെ പ്രസ്താവനയും കൂടുതല്‍ മതേതരരമായ ദക്ഷിണേന്ത്യന്‍ വോട്ടര്‍മാര്‍ പക്വതയോടെ ചിന്തിക്കുന്നുവെന്നുമുള്ള പ്രചാരണം സമൂഹമാധ്യമങ്ങളില്‍ അരങ്ങു തകര്‍ക്കുകയാണ്. ഇതിനെ അതിശക്തമായി നേരിടണം.- സായി ദീപക് പറയുന്നു.
ഇത് ഭാരതത്തെ ബാള്‍കനൈസ് ചെയ്യാനുള്ള ശ്രമം
18-19 നൂറ്റാണ്ടിലേ ഈ ചേരിതിരിവ് സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ദക്ഷണിഭാരതം, ഉത്തരഭാരതം എന്ന രീതിയിലായിരുന്നു ഭാരതത്തെ രണ്ടായി കാണാന്‍ ശ്രമം നടന്നത്. ഒരു രാജ്യത്തെ പല കഷണങ്ങളായി മുറിച്ച് ഈ കഷണങ്ങള്‍ തമ്മില്‍ ശത്രുത നിലനിര്‍ത്തുക എന്നതാണ് ബാള്‍കനൈസേഷന്‍. അതാണ് ഇപ്പോള്‍ ഭാരതത്തില്‍ വടക്ക്, തെക്ക് വേര്‍തിരിവിലൂടെ ചിലര്‍ ശ്രമിക്കുന്നത്. പക്ഷെ ഈ ശ്രമങ്ങളെ ശക്തമായി അടിച്ചമര്‍ത്തുക തന്നെ വേണം. – ജെ. സായി ദീപക് പറയുന്നു. 19ാം നൂറ്റാണ്ടിലെ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ ബാള്‍കന്‍ പ്രദേശം പരസ്പരം അഭിപ്രായഭിന്നതകളുള്ള പല ഭാഗങ്ങളായി പിരിഞ്ഞതിനെ ജേണലിസ്റ്റുകളും രാഷ്‌ട്രീയക്കാരും വിശേഷിപ്പിച്ച പേരാണ് ബാള്‍കനൈസേഷന്‍ എന്നത്. 1872നും 1912നും ഇടയില്‍ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നതോടെ, അതുവരെ ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴില്‍ ഒരൊറ്റ സാമ്രാജ്യമായി നിന്ന ബാള്‍കന്‍ പ്രദേശം അന്യോന്യം കലഹിക്കുന്ന ചെറു രാജ്യങ്ങളായി മാറുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു ഇതോടെ ബാള്‍കനൈസേഷന്‍ എന്നത് ഒരു പ്രയോഗമായി മാറി. സൗത്തിനെ കട്ട് ചെയ്യുക (ദക്ഷിണേന്ത്യയെ മുറിച്ച് മാറ്റുക) എന്ന രീതിയിലുള്ള ചിന്തകളും ചര്‍ച്ചകളും എന്‍ജിഒ തലങ്ങളില്‍ നടക്കുന്നത് ഈ ബാള്‍കനൈസേഷന്‍ പ്രവണതയുടെ ഭാഗമായാണ്.
ദ്രാവിഡവല്‍ക്കരണം തെക്ക് നിന്നും വടക്കേയിന്ത്യയിലേക്ക് കൂടി പടര്‍ത്താനുള്ള ശ്രമം
ഇത്തരം വാദങ്ങള്‍ തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന ദ്രാവിഡരീതി ഉത്തരേന്ത്യയിലേക്ക് കൂടി പടര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്. കര്‍ണ്ണാടകത്തിലും ഇപ്പോള്‍ തെലുങ്കാനയിലും കോണ്‍ഗ്രസ് ജയിച്ചെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിക്കുകയാണ്. 6.98 ശതമാനം മാത്രമായിരുന്നു ബിജെപിയുടെ 2018ലെ വോട്ട് പങ്ക് എങ്കില്‍ 2023ല്‍ അത് 13.90 ശതമാനമായി ഉയര്‍ന്നു. ഇക്കുറി ബിജെപിയ്‌ക്ക് എട്ട് എംഎല്‍എമാരെയും കിട്ടി. അതുപോലെ തമിഴ്നാട്ടില്‍ അണ്ണാമലൈ വന്‍ജനക്കൂട്ടത്തെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത് ബിജെപിയുടെ ഭാഗധേയത്തെ മാറ്റിമറിയ്‌ക്കും. – ജെ. സായി ദീപക് പറഞ്ഞു.
അതുപോലെ ഹിന്ദുത്വ എന്ന ചിന്ത വടക്കേയിന്ത്യയില്‍ രൂപപ്പെട്ട ഒന്നല്ല. കര്‍ണ്ണാടകയുടെ തീരപ്രദേശങ്ങള്‍ ശക്തമായ കാവിവോട്ട് അടിത്തറയാണ്. കര്‍ണ്ണാടകയില്‍ ബിജെപി ഭരണത്തില്‍ ഏറിയിട്ടുമുണ്ട്. അതുപോലെ മഹാരാഷ്‌ട്രയും ഗുജറാത്തും നോക്കൂ. അത് ഹിന്ദി ഹൃദയഭൂമിയല്ല. അത് പടിഞ്ഞാറന്‍ ഇന്ത്യയുടെ ഭാഗമാണ്. പക്ഷെ എന്താണ് രാഷ്‌ട്രീയം?- സായി ദീപക് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക