കാസര്‍കോട്: കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയിരിക്കുന്നത് നവകേരളയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അനുകൂലിക്കുന്നതിനും ശരിവെക്കുന്നതിനുമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
കാസര്‍കോട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കടുത്ത സാമ്പത്തിക തകര്‍ച്ചയിലാണെന്നും അതിന് കാരണം കേന്ദ്രസര്‍ക്കാരാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള യാത്രയിലൂടെ ആരോപിക്കുന്നത്. അത് തന്നെയാണ് ടി.എന്‍. പ്രതാപന്‍ അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കുന്നതും.
പ്രമേയത്തിന്റെ കാര്യം തീരുമാനമെടുത്തത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഗാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡി മുന്നണി യോഗത്തിലാണ്. ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ തിരിച്ചറിയാത്തവിധം ഒന്നായിരിക്കുന്നുവെന്നാണ്. പിണറായി വിജയന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചിട്ടും കേരളത്തിലെ കെപിസിസി പ്രസിഡന്റോ പ്രതിപക്ഷനേതാവോ ഒരക്ഷരം ശബ്ദിക്കാനോ തള്ളിപ്പറയാനോ തയ്യാറായിട്ടില്ല. ഇന്‍ഡി മുന്നണിയുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. അങ്ങനെയെങ്കില്‍ നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം രാഷ്‌ട്രീയ തട്ടിപ്പും നാടകവുമാണ്.
ഏഴര വര്‍ഷത്തെ സിപിഎമ്മിന്റെ ദുര്‍ഭരണം കൊണ്ടാണ് കേരളം കടുത്ത സാമ്പത്തിക അരാജകത്വത്തിലേക്ക് എത്തിപ്പെട്ടത്. സംസ്ഥാനത്തെ പട്ടിണിയും പരിവട്ടവും മറച്ച് വെക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള യാത്ര നടത്തുന്നത്. യാത്രയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേപടി ഏറ്റുപിടിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പ്രമേയത്തിലൂടെ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യമന്ത്രിയോടൊപ്പം നവകേരളയാത്രയില്‍ പങ്കെടുക്കാമായിരുന്നില്ലെ. ഈ സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഐഎന്‍ഡി മുന്നണിയുണ്ടാക്കി മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും രാഷ്‌ട്രീയ തട്ടിപ്പ് നടത്തുന്നത് ജനവഞ്ചനയാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: