കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജിന്റേതാണ് ഉത്തരവ്.
സംഭവത്തില്‍ ജില്ലാ സെഷന് ജഡ്ജി അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ പൊലീസിന്റേയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം.
പരാതി ഉണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തില്‍ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാല്‍ ക്രിമിനല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന് നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: