കോട്ടയം: ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ എന്‍ഡിഎ പദയാത്ര നടത്തും. 20 പാര്‍ലമെന്റ് മണ്ഡലങ്ങളും ഉള്‍പ്പെടുത്തി ബഹുജന പരിപാടിയായാണ് ഇതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കും. വ്യത്യസ്ത മേഖലകളിലുള്ളവരുമായി ആശയ വിനിമയം നടത്തും. കേരള വികസനത്തിന് എന്‍ഡിഎ ഉയര്‍ത്തുന്ന ബദല്‍ രാഷ്ട്രീയം ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തും. കേന്ദ്രത്തിനെതിരേ എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന നുണ പ്രചാരണങ്ങളുടെ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദയാത്രയില്‍ ദിവസവും 25,000 പ്രവര്‍ത്തകര്‍ അണിനിരക്കും. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും. സാമൂഹ്യ, രാഷ്ട്രീയ രംഗത്തുള്ളവരെയും എല്‍ഡിഎഫ്-യുഡിഎഫ് രാഷ്ട്രീയത്തോട് എതിര്‍പ്പുള്ള പ്രമുഖരെയും പങ്കെടുപ്പിക്കും. പദയാത്രയ്ക്ക് മുമ്പായി എന്‍ഡിഎ വിപുലപ്പെടുത്തും. എന്‍ഡിഎയുടെ ജില്ലാ, നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും.
മുന്നണി പ്രവര്‍ത്തനം വിപുലപ്പെടുത്താനും സമാന മനസ്കരായ പുതിയ കക്ഷികളെ ഉള്‍പ്പെടുത്താനുമാണ് തീരുമാനം. പി.സി. ജോര്‍ജ് നിലപാടുകളുടെ അടിസ്ഥാനത്തില്‍ ബിജെപിക്കൊപ്പമാണെന്ന് രമേശ് അഭിപ്രായപ്പെട്ടു. ഈ മാസം 20 മുതല്‍ 30 വരെ സ്നേഹ യാത്ര എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും എല്ലാ ക്രിസ്ത്യന്‍ ഭവനങ്ങളും സന്ദര്‍ശിച്ച് ക്രിസ്മസ് ആശംസകള്‍ കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: