ന്യൂദല്‍ഹി: ബിജെപി ജയിച്ചത് ഗോമൂത്ര സംസ്ഥാനങ്ങളിലാണെന്ന് ഡിഎംകെ എംപി സെന്തില്‍കുമാര്‍ ലോക് സഭയില്‍ നടത്തിയ പരാമര്‍ശനത്തിനെതിരെ ലോക് സഭയില്‍ ബിജെപിയുടെയും മറ്റ് ഭരണപക്ഷ പാര്‍ട്ടികളുടെയും അംഗങ്ങള്‍ ബഹളം വെച്ചു. ഒരു ഘട്ടത്തില്‍ സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെയ്‌ക്കേണ്ടിയും വന്നു. ഭരണപക്ഷത്ത് നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെ ഡിഎംകെ എംപി സെന്തില്‍കുമാര്‍ തന്റെ ഗോമൂത്ര പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു.
ഇനി സനാതന ധര്‍മ്മത്തെ പരിഹസിച്ച തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി മാരന്‍ എന്നാണ് ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയുന്നതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. സെന്തില്‍ കുമാറിന്റെ ഗോമൂത്ര പരാമര്‍ശനത്തിനെതിരെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ്, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എന്നിവ ഡിഎംകെ എംപിയുടെ ഗോമൂത്ര പരാമര്‍ശത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തോല്‍വിക്ക് കാരണം സ്റ്റാലിന്റെ മകന്‍ ഉദയനിധിയുടെ സനാതന ധര്‍മ്മത്തിനെതിരായ പ്രസ്താവനയാണെന്ന് പോലും വ്യാഖ്യാനങ്ങളുണ്ടായി. ഇതോടെ സ്റ്റാലിനും കൂട്ടരും പത്തിമടക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യ ലക്ഷണമാണ് ബുധനാഴ്ച പാര്‍ലമെന്‍റില്‍ ഡിഎംകെ എംപി സെന്തില്‍ കുമാറിന്റെ മാപ്പ് പറച്ചിലില്‍ കണ്ടത്.
തന്റെ പ്രസ്താന ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുകയാണെന്ന് സെന്തില്‍ കുമാര്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു. അറിയാതെ നടത്തിയ ഈ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സെന്തില്‍ പറഞ്ഞു. 2022ല്‍ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സഭയില്‍ സംസാരിച്ചപ്പോഴും സെന്തില്‍കുമാര്‍ ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ ഗോമൂത്രം കുടിക്കുന്ന സംസ്ഥാനങ്ങള്‍ എന്ന് അധിക്ഷേപിച്ചിരുന്നു.
നേരത്തെ സെന്തിലിനെതിരെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആഞ്ഞടിച്ചു. ഗോമൂത്രത്തിന്റെ ഗുണം ഉടനെ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന് മനസ്സിലാകുമെന്ന് മീനാക്ഷി ലേഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: