ന്യൂദല്‍ഹി: ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും സമാധാനപൂര്‍ണമായ വര്‍ഷമാണ് 2022 എന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ സമയം മുതല്‍, 2022 വരെയുള്ള കണക്ക് അനുസരിച്ച് ഏറ്റവും കുറവ് കലാപങ്ങള്‍ നടന്ന വര്‍ഷമാണ് ഇത്. 2022ല്‍ രാജ്യത്തുടനീളം 37,816 കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ അഞ്ച് വര്‍ഷമായി കലാപങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. ഈ കാലയളവില്‍ ഇത് 35 ശതമാനത്തിലധികം കുറഞ്ഞു. 2021നെ അപേക്ഷിച്ച് 2022ല്‍ കലാപങ്ങളുടെ എണ്ണത്തില്‍ 9.5% കുറവുണ്ടായി. എന്‍സിആര്‍ബിയുടെ കണക്ക് പ്രകാരം 2021ല്‍ രാജ്യത്ത് മൊത്തം 41,954 കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മോദി പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ഒമ്പത് വര്‍ഷത്തെ കണക്ക് പ്രകാരം 48 ശതമാനം കുറവാണ് കലാപങ്ങളുടെ കാര്യത്തില്‍ സംഭവിച്ചത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കലാപങ്ങള്‍ കുറയ്ക്കുന്നതിലും ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിലും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കലാപങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ കലാപങ്ങള്‍ വര്‍ദ്ധിച്ചു.
2022 ലെ കേസുകളുടെ എന്‍സിആര്‍ബി ഡാറ്റ 2018ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തിലെയും ആസാമിലെയും കലാപങ്ങളുടെ എണ്ണം യഥാക്രമം 90%, 80% കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് കലാപങ്ങള്‍ 50% കുറവുണ്ടായി.
2018ല്‍ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരമേറ്റതിന് ശേഷം അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചു. 2018ല്‍ മാത്രം 665 കലാപങ്ങളാണ് അവിടെ രജിസ്റ്റര്‍ ചെയ്തത്. 2022ഓടെ അത് 30% വര്‍ദ്ധിച്ച് 961 ആയി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനപാലനത്തിന് സ്വീകരിച്ച കര്‍ശന നിലപാടുകളാണ് അക്രമങ്ങള്‍ കുറയാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. അക്രമികളുടെ അനധികൃത സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തും സ്വത്തുക്കള്‍ കണ്ടുകെട്ടിയും സംഘര്‍ഷം ഉണ്ടാക്കുന്നവരുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചും സ്വീകരിച്ച നടപടികള്‍ ഫലം കണ്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഓരോ വര്‍ഷവും രാജ്യത്ത് കലാപങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 1981ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കലാപങ്ങളുടെ എണ്ണം 1.10 ലക്ഷം കടന്നിരുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്താണ് ഇതില്‍ കുത്തനെ ഇടിവ് ആദ്യമായി രേഖപ്പെടുത്തിയത്. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ഓരോ വര്‍ഷവും അക്രമസംഭവങ്ങളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.
കോണ്‍ഗ്രസ് ഭരണത്തിന്റെ അവസാന വര്‍ഷമായ 2013ല്‍ രാജ്യത്ത് 72,126 കലാപങ്ങള്‍ നടന്നിരുന്നു, ഇത് പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത് പകുതിയായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: