ന്യൂദല്‍ഹി: ഭീകരതയാണ് കെനിയയും ഭാരതവും നേരിടുന്ന പ്രധാന സുരക്ഷാ പ്രശ്നമെന്ന് കെനിയന്‍ പ്രസിഡന്റ് വില്യം സമോയി റൂട്ടോ. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. വിവിധ വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നു.
പ്രതിരോധ സേനകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി റൂട്ടോയും മോദിയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭീകരതയെ നേരിടാന്‍ ലഭിക്കുന്ന വിവരങ്ങളും രഹസ്യാന്വേഷണത്തില്‍ ലഭിക്കുന്ന കാര്യങ്ങളും അനുഭവ സമ്പത്തും പങ്കുവയ്ക്കാനും അങ്ങനെ ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടാനും തീരുമാനിച്ചിട്ടുണ്ട്. കിഴക്കന്‍ ആഫ്രിക്ക നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍ മോദിയുമായി സംസാരിച്ചു. സുഡാന്, ഡിആര്‍സി കോംഗോ, സൊമാലിയ എന്നീ രാജ്യങ്ങള്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയെ സുസ്ഥിരവും സുരക്ഷിതവുമാക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാനാണ് തീരുമാനം, റൂട്ടോ പറഞ്ഞു.
കെനിയന്‍ കാര്‍ഷിക രംഗം യന്ത്രവല്‍കൃതമാക്കാന്‍ 250 ദശലക്ഷം ഡോളറിന്റെ വായ്പ നല്കാന് ഭാരതം തീരുമാനിച്ചു. സഹായത്തിന് റൂട്ടോ നന്ദി രേഖപ്പെടുത്തി.
സാമ്പത്തിക സഹകരണം ശക്തമാക്കാനും മോദിയും റൂട്ടോയും തീരുമാനിച്ചു. ഭാരതത്തെ വിശ്വസ്തരായ വികസന പങ്കാളിയെന്ന് റൂട്ടോ വിശേഷിപ്പിച്ചു. ആഫ്രിക്കയ്ക്ക് എന്നും ഭാരതം നയതന്ത്ര കാര്യത്തില്‍ പ്രത്യേക മുന്‍ഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് റൂട്ടോ ഭാരതത്തില്‍ എത്തിയത്. നേരത്തെ രാഷ്ട്രപതി ഭവനില്‍ ഊഷ്മളമായ സ്വീകരണം നല്കി.
റൂട്ടോ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. ഉന്നതതല സംഘവും റൂട്ടോയ്ക്ക് ഒപ്പമുണ്ട്. വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് എന്നിവര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയ റൂട്ടോ ഇന്ന് മടങ്ങും. അദ്ദേഹത്തിന്റെ പ്രഥമ ഭാരതസന്ദര്ശനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: