കണ്ണൂര്‍: നവകേരള സദസിലൂടെ സ്വീകരിച്ച പരാതികള്‍ ലക്ഷ്യംതെറ്റി പറക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകേണ്ട പരാതികള്‍ കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ക്കാണ് കിട്ടിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം ലഭിക്കേണ്ട പരാതിയാണിത്.
മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചെങ്കിലും അഞ്ചു ശതമാനത്തില്‍പോലും തീര്‍പ്പായിട്ടില്ല. പൊതുഖജനാവില്‍നിന്ന് കോടികള്‍ മുടക്കി, നടത്തിയ ആഡംബര വാഹന യാത്രകളും ആഘോഷ സദസുകളും വന്‍ തട്ടിപ്പാണെന്ന് കൂടുതല്‍ വ്യക്തമാവുന്നു.
സങ്കീര്‍ണമായ വിഷയങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ഏഴാഴ്ച, സാധാരണ പരാതികള്‍ ഒറ്റയാഴ്ചയ്ക്കുള്ളില്‍, ഓരോ സദസിലും 20 കൗണ്ടറുകള്‍, എല്ലാ പരാതിയും സ്വീകരിക്കും, അപ്പപ്പോള്‍ വിവരങ്ങള്‍ നവകേരള സദസിന്റെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും എന്നൊക്കെയായിരുന്നു വാദങ്ങള്‍. 15000 മുതല്‍ അരലക്ഷം വരെയാണ് ജില്ലകളില്‍ ലഭിച്ച പരാതികള്‍. കോഴിക്കോട്ട് ഇതുവരെ പരാതികള്‍ തരം തിരിച്ചിട്ടുപോലുമില്ല. കണ്ണൂര്‍, അഴീക്കോട് മണ്ഡലത്തില്‍നിന്ന് ലഭിച്ച 4857 പരാതികളില്‍ 514 എണ്ണം എത്തിയത് കണ്ണൂര്‍ കോര്‍പ്പറേഷനിലാണ്.
ആദ്യ ദിവസം കാസര്‍കോട് ലഭിച്ചത് 14,322 പരാതികള്‍. അഞ്ച് ശതമാനത്തില്‍ പോലും തീര്‍പ്പായില്ല. പെട്ടെന്ന് തീര്‍പ്പാക്കാന്‍ പറ്റുന്നവ പരിഹരിക്കുന്നുവെന്നും മറ്റുള്ളവയ്ക്ക് സമയമെടുക്കുമെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ന്യായീകരിക്കുന്നത്. പരാതിയുടെ നിജസ്ഥിതി അറിയാനുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് കോര്‍പ്പറേഷനിലേക്ക് അയയ്ക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. എന്നാല്‍ കോര്‍പറേഷന്റെ പരിധിക്കു പുറത്തുള്ളതും മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്ന് ചികിത്സാ സഹായം കിട്ടുന്നതിനുമുള്ള അപേക്ഷകളാണ് കണ്ണൂരില്‍ കിട്ടിയിരിക്കുന്നത്.
അപേക്ഷകള്‍ തരംതിരിച്ച് അയച്ചപ്പോള്‍ സംഭവിച്ച പിഴവാണ് കാരണമെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു. പരാതികളുടെ വിവരങ്ങളറിയാന്‍ ആരംഭിച്ച ംംം.ിമ്മസലൃമഹമമെറമ.െസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് സുതാര്യമല്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: