അഞ്ച് സംസ്ഥാന നിയമസഭകളിലേക്കാണല്ലൊ തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചിടത്തും സിപിഎമ്മിന്റെ നേട്ടം വലിയ വട്ടപ്പൂജ്യമായിരുന്നു. സിപിഐക്ക് കിട്ടി ഒരു സീറ്റ്. പക്ഷേ, അത് കോണ്‍ഗ്രസിന്റെ ചേലതുമ്പില്‍ ഞാന്നുകിടന്നാണെന്നുമാത്രം. തെലുങ്കാനയിലെ ഈ നേട്ടത്തിന്റെ ഹുങ്കും വമ്പുമെല്ലാം സിപിഐ നേതാവ് മന്ത്രി രാജന് പ്രകടിപ്പിക്കുകയും ചെയ്തു. വേണ്ടത്ര പൊക്കമില്ലെങ്കിലും രണ്ടുചുമലുകുലുക്കി രാഹുലിനോട് രാജന് ഒരു ചോദ്യമുണ്ട്. ”നിങ്ങളെന്തിനാ വയനാട്ടില്‍ മത്സരിക്കുന്നത്. കര്ണാടകത്തിലായിക്കൂടേ” എന്നായിരുന്നു അത്.
വയനാട് സിപിഐ മത്സരിക്കുന്ന സീറ്റാണ്. അവിടെ രാഹുല്‍ വന്നാല്‍ അത് വലിയ കഷ്ടമാണല്ലോ. കര്‍ണാടകയില്‍ ചെന്ന് മത്സരിച്ചാല്‍ അവിടെ ബിജെപിയെ നേരിടാം. ബിജെപിയെ തോല്പിക്കാന് നമുക്കൊരുമിച്ചുനില്ക്കുകയും ചെയ്യാം. എങ്ങിനെയുണ്ട് രാജന്റെ ബുദ്ധി. കാനത്തിന്റത്ര ഹൈറ്റും വെയിറ്റുമില്ലെങ്കിലും രാജന് പറഞ്ഞതില്‍ കാമ്പുണ്ടെന്നുതന്നെയാകും സിപിഐക്കാരുടെ മൊത്തം അഭിപ്രായം. കാരണം കോണ്‍ഗ്രസുകാര്‍ സിപിഐക്കാരുടെ സ്വാഭാവിക സുഹൃത്താണല്ലോ.
ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ പാളയത്തില്‍ തങ്ങിയ ശീലമുള്ള ഈ കക്ഷി ഐഎന്‍ഡിഐഎ സഖ്യത്തില്‍ നിറഞ്ഞ മനസ്സോടെ നില്‍ക്കുകയും ചെയ്യുകയാണല്ലൊ. അങ്ങിനെയാണല്ലൊ സിപിഎം ചന്ദ്രശേഖരറാവുവിനൊപ്പം നിന്ന് തുന്നംപാടിയപ്പോഴും കോണ്‍ഗ്രസിനൊപ്പം നിന്ന് സിപിഐ നേട്ടമുണ്ടാക്കിയത്. മുഖ്യമന്ത്രിയോടൊപ്പം നടന്ന് മറിച്ചൊരഭിപ്രായം വച്ചുകാച്ചുന്നവര്ക്കെതിരെ എന്തുനിലപാടെടുക്കണമെന്ന് ചിന്തിക്കേണ്ടതാണ്.
രാജ്യത്ത് ബിജെപി മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ അപരിഹാര്യമായ ആപത്താണെന്നും പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് ഏതാനും മാസങ്ങള്‍ക്കുമുന്‍പ് മാത്രമാണ്. മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കുകയെന്നതും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുകയെന്നതുമാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞുവച്ചത്. മതാധിഷ്ഠിതരാഷ്ട്രം ഭാരതീയമല്ല. മതന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബിജെപി എന്നത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കള്ളപ്രചരണമാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മയ്ക്ക് രൂപം നല്കി. അതിലൂടെ ബിജെപിയെ തുടര്‍ഭരണസാധ്യതയില്ലാത്ത സ്ഥിതിയിലേക്ക് എത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. ഇനിയൊരു ടേം അസാധ്യമാണെന്ന് തിരിച്ചറിവിലേക്ക് ബിജെപി എത്തിയിട്ടുണ്ട്. അത് കൂടുതല്‍ ആപത്കരമായ നടപടികളിലേക്ക് നീങ്ങുന്നതിന് അവരെ പ്രേരിപ്പിക്കും. പ്രതിപക്ഷപാര്‍ട്ടികളെ ലക്ഷ്യംവച്ചു നടന്ന ഇ ഡി റെയ്ഡ് അതാണ് സൂചിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞുവച്ചത്. അതുക്കുംമേലെയാണ് സംഗതിയുടെ കിടപ്പെന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന.
നാനാത്വത്തില്‍ ഏകത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണഘടനയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടാക്കിയത്. അത് സ്വാതന്ത്ര്യസമരഘട്ടത്തില്‍ ഉയര്‍ത്തിയ മൂല്യങ്ങളുടെ സ്വാംശീകരണമായിരുന്നു. ഈ അവസ്ഥയാണ് സ്വാതന്ത്ര്യസമരത്തിന് അന്നേ എതിരായിരുന്നുവെന്ന് മുഖ്യമന്ത്രി കണ്ടെത്തിയ ആര്‍എസ്എസും സംഘപരിവാറും ഇപ്പോള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. രാജ്യത്തിന്റെ ഏകീകൃതനില അവര്‍ ഇഷ്ടപ്പെടുന്നില്ല. വ്യത്യസ്തതകള്‍ അംഗീകരിക്കാന്‍ തയ്യാറല്ല. ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെ നിങ്ങള്‍ കഴിച്ചോളണം. മാറിക്കഴിച്ചാല്‍ അത് വര്‍ഗീയസംഘര്‍ഷത്തിന് ഇടയാക്കുന്നു. അതിന്റെ ഭാഗമായുള്ള കൊലകള്‍ അരങ്ങേറുന്നത് നമ്മള് കണ്ടു. അതുപോലെ നമ്മുടെ രാജ്യത്ത് പശുവിനെ അടിസ്ഥാനമാക്കിയുള്ള ഒരുപാട് സംഘര്‍ഷങ്ങളുണ്ടായി’ എന്നും മുഖ്യമന്ത്രി തട്ടിമൂളിച്ചു. ഏത് ഉളുപ്പില്ലായ്മയും തട്ടിവിടാന്‍ എനിക്കൊരു മനസാക്ഷിക്കുത്തുമില്ലെന്നാണ് മുഖ്യമന്ത്രി വിളിച്ചുകൂവുന്നത്. അതില്‍ ചിലതാണ് താഴെ പറയുന്നത്:
‘ജനങ്ങളിലൊരുഭാഗത്തെ ശത്രുപക്ഷത്തുനിര്‍ത്തി ആക്രമണങ്ങളഴിച്ചുവിടുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് നമുക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു. ഇതെല്ലാം ഒരേലക്ഷ്യത്തോടെയാണ്. ഒരു മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കുക, ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് നേരെ തികച്ചും പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വലിയതോതിലുള്ള അശങ്കയില്‍ കഴിയേണ്ടിവരുന്നു എന്നത് സാങ്കല്പിക പ്രചാരണമാണ്. ന്യൂനപക്ഷങ്ങള്‍ ഈ പ്രചരണങ്ങള്‍ തിരിച്ചറിയുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന.
രാജ്യത്താകെ മതനിരപേക്ഷതയുടെ സംരക്ഷണമാഗ്രഹിക്കുന്ന എല്ലാവരും ചേര്‍ന്ന് വിശാലമായ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നാണ് അവകാശവാദം. ആ കൂട്ടായ്മയിലൂടെ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന കണക്കുകൂട്ടലും തെറ്റി. ബിജെപിയുടെ കൈയില്‍ തുടര്‍ഭരണം എത്താതിരിക്കാനും ഇടയാക്കുമെന്ന സ്വപ്നവും പൊലിഞ്ഞു. ബിജെപിയെ ഒരു തുടര്‍ഭരണ സാധ്യതയില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് രാജ്യം ഇപ്പോള്‍ പൊതുവേ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്ന കണക്കുകൂട്ടലുകളും തകിടം മറിഞ്ഞിരിക്കുന്നു. അജയ്യശക്തിയായി ബിജെപി മാറി. നാലുസംസ്ഥാനങ്ങളിലും ഒരേദിവസം കേന്ദ്രത്തിന്റെ വിവിധ ഏജന്‍സികള്‍ നടത്തിയ റെയ്ഡ് മുഖ്യമന്ത്രിയെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. സഹകരണമേഖലയിലെ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. സിപിഎം മാത്രമല്ല, സിപിഐയും സഹകരണ കൊള്ളക്കാരുടെ പട്ടികയിലാണ്. ബിജെപി ഈ പുതിയ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് വന്നത്. പക്ഷേ ഇതുകൊണ്ടൊന്നും ജനവികാരത്തെ അട്ടിമറിക്കാനാവില്ല. ഈ കണക്കുകൂട്ടലുകളാണ് മാറിമാറിയുന്നത്. മുഖ്യമന്ത്രി മനസ്സിലാക്കുന്നില്ല. വിശാലമായ വലിയ കൂട്ടായ്മയുടെ കാര്യം പറഞ്ഞല്ലൊ. ആ കൂട്ടായ്മയാണ് ഇപ്പോള്‍ കൂട്ടംതെറ്റി തെറിവിളിക്കുന്നത്. ഐഎന്‍ഡിഐഎ എന്ന അലവലാതികൂട്ടം യോഗം ചേരാന്‍ പോലും കഴിയാത്ത സ്ഥിതിയിലെത്തി.
ബിജെപി വിരുദ്ധ സഖ്യം വേവാത്ത സാമ്പാറുപോലെയായി. മുരങ്ങിക്കയും വെണ്ടക്കയും വേറെ വേറെ. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് മുദ്രാവാക്യമില്ലാതായി എന്നാണ് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന് പറയുന്നത്. രാജ്യത്ത് മൂന്ന് സംസ്ഥാനത്ത് മാത്രം ഭരണമുള്ള കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയുടെ നിലവാരത്തിലെത്തി എന്നുപറയുന്ന ഗോവിന്ദന്റെ പാര്‍ട്ടിക്ക് കേരളത്തില്‍ മാത്രമേ സ്ഥാനമുള്ളൂ. എന്ന സത്യം വിസ്മരിച്ചതുപോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: