Categories: Main Article

പരിവര്‍ത്തനത്തിന്റെ ശില്പി; ഇന്ന് അംബേദ്കര്‍ സ്മൃതിദിനം

മഹാത്മാഗാന്ധിയും ഡോ.അംബേദ്കറും തമ്മില്‍ പലവിഷയങ്ങളിലും പ്രകടമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഗാന്ധിജിയോടുള്ള അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നതിനും ഗാന്ധിജിയെ പരസ്യമായി എതിര്‍ക്കുന്നതിനും അംബേദ്കര്‍ ഒരിക്കലും മടിച്ചിരുന്നില്ല. തന്റെ വാദങ്ങള്‍ കാര്യകാരണ സഹിതം സ്ഥാപിക്കുന്നതില്‍ അംബേദ്കര്‍ ശ്രദ്ധിച്ചിരുന്നു. ഗാന്ധിജിയുമായുള്ള കത്തിടപാടുകളും ഗാന്ധിജിക്കെതിരെ നടത്തിയിട്ടുള്ള പരസ്യപ്രസ്താവനകളും ഇത് വെളിവാക്കുന്നതാണ്. ജാതിവ്യവസ്ഥയെ സംബന്ധിച്ചും മറ്റും ഗാന്ധിജിയുമായി നടത്തിയിട്ടുള്ള വാദപ്രതിവാദങ്ങള്‍ ഭാരതത്തിലെസാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുകയുണ്ടായി.

Published by

രണഘടനയുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന് ഭാരതം തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയുടെ പ്രഥമ നിയമമന്ത്രികൂടിയായിരുന്ന ഡോ.അംബേദ്കര്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ ഓര്‍ക്കേണ്ടതുണ്ട്. 1949 നവംമ്പര്‍ 26ന് നിലവില്‍വന്ന നമ്മുടെ ഭരണഘടനയുടെ മുഖ്യശില്പിയെ മുന്‍ സര്‍ക്കാരുകളൊന്നും വേണ്ടവണ്ണം അംഗീകരിച്ചതേയില്ല. അദ്ദേഹത്തിന്റെ 125-ാംജന്മദിനത്തോടനുബന്ധിച്ച് ഡോ.അംബേദ്കര്‍ക്ക് ഭാരതരത്‌ന ബഹുമതി നല്‍കിയതും, നവംമ്പര്‍ 26 ഭരണഘടനാദിനമായി അംഗീകരിച്ചതും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരാണ്.

ഭാരതത്തിന്റെ സാമൂഹിക രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ വിപ്ലവകരമായ ചിന്തകള്‍ അവതരിപ്പിക്കുകയും മാറ്റങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്ത മഹാനുഭാവനാണ് ഡോ.അംബേദ്കര്‍. ഭാരതഭരണഘടനയുടെ മുഖ്യശില്പി ഡോ.അംബേദ്കറാണ്. എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതും ഉള്ളടക്കത്തിലെവൈവിധ്യത്താല്‍ സവിശേഷപ്പെട്ടതുമാണ് ഭാരത ഭരണഘടന. നമ്മുടെ ഭരണഘടനയില്‍ പരാമര്‍ശിക്കാത്തതായി ഒന്നുമില്ല. ലോകത്തിലേറ്റവും വലിയ ജനാധിപത്യരാജ്യമായി ഭാരതം നിലകൊള്ളുന്നതിന്റെ അടിസ്ഥാന കാരണം നമ്മുടെ ഭരണഘടനയാണെങ്കില്‍ അതിന്റെമുഖ്യ സൂത്രധാരന്‍ ഡോ.അംബേദ്കറാണ്.

ലണ്ടനിലെ വിദ്യാഭ്യസം പൂര്‍ത്തിയാക്കി എത്തിയ അദ്ദേഹത്തെ 1927ല്‍ മുംബയ് നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തു. ആവര്‍ഷം ബഹിഷ്‌കൃതഭാരതം എന്ന മറാത്തി പത്രത്തിനു തുടക്കം കുറിക്കുകയും ചൗദാര്‍ കുളത്തില്‍ നിന്നും വെള്ളമെടുക്കാനുള്ള അവകാശത്തിനായി പ്രക്ഷോഭം നടത്തുകയും ചെയ്തു. പിന്നീട് സര്‍ക്കാര്‍ ലോകോളജില്‍ ആക്ടിംഗ് പ്രൊഫസറായ അദ്ദേഹം ഡിപ്രസ്ഡ് ക്ലാസ്‌സ് എഡ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിക്കുകയും അധ:സ്ഥിത വിദ്യാര്‍ത്ഥികളുടെ പുരോഗതിക്കായി പരിശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1930ല്‍ പ്രസിദ്ധമായ നാസിക്ക് ക്ഷേത്രപ്രവേശന പ്രക്ഷോഭം സംഘടിപ്പിച്ച അദ്ദേഹം 1930,1931,1932 വര്‍ഷങ്ങളില്‍ ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു. അംബേദ്കറുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അധ:സ്ഥിതര്‍ക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ കമ്യൂണല്‍ അവാര്‍ഡിലെ ചിലവ്യവസ്ഥകള്‍ക്കെതിരെ ഗാന്ധിജി പരസ്യമായി രംഗത്തു വരികയും യാര്‍വാദാ ജയിലില്‍ മരണംവരെ ഉപവാസം ആരംഭിക്കുകയും ചെയ്തതോടെ അംബേദ്കര്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായി. 1932 സെപ്തംമ്പര്‍ 26ന് പൂനകരാര്‍ ഒപ്പുവച്ചു. ഇതോടെ ഗാന്ധിജി ഉപവാസം അവസാനിപ്പിച്ചു.

മഹാത്മാഗാന്ധിയും ഡോ.അംബേദ്കറും തമ്മില്‍ പലവിഷയങ്ങളിലും പ്രകടമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഗാന്ധിജിയോടുള്ള അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നതിനും ഗാന്ധിജിയെ പരസ്യമായി എതിര്‍ക്കുന്നതിനും അംബേദ്കര്‍ ഒരിക്കലും മടിച്ചിരുന്നില്ല. തന്റെ വാദങ്ങള്‍ കാര്യകാരണ സഹിതം സ്ഥാപിക്കുന്നതില്‍ അംബേദ്കര്‍ ശ്രദ്ധിച്ചിരുന്നു. ഗാന്ധിജിയുമായുള്ള കത്തിടപാടുകളും ഗാന്ധിജിക്കെതിരെ നടത്തിയിട്ടുള്ള പരസ്യപ്രസ്താവനകളും ഇത് വെളിവാക്കുന്നതാണ്. ജാതിവ്യവസ്ഥയെ സംബന്ധിച്ചും മറ്റും ഗാന്ധിജിയുമായി നടത്തിയിട്ടുള്ള വാദപ്രതിവാദങ്ങള്‍ ഭാരതത്തിലെസാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുകയുണ്ടായി.

1937ല്‍ മുംബയ് പ്രവിശ്യാനിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു. 1940ല്‍ തോട്ട്‌സ് ഓണ്‍ പാകിസ്ഥാന്‍ എന്ന പുസ്തകം രചിച്ച അദ്ദേഹം വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ തൊഴില്‍വകുപ്പിന്റെ ചുമതലയുള്ള അംഗമായി. പിന്നീട് ബംഗാള്‍ അസംബ്ലിയില്‍നിന്നും കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തിനുശേഷം മുംബയ് നിയമസഭയിലൂടെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെത്തി. പിന്നീട് നെഹ്രു മന്ത്രിസഭയില്‍ അംഗമായ അദ്ദേഹം ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനാകുകയും 1948ല്‍ കരട് ഭരണഘടന പ്രസിഡണ്ടിന് സമര്‍പ്പിക്കുകയും ചെയ്തു. 1949നവംമ്പര്‍ 26ന് ഭരണഘടന ഔപചാരികമായി നിലവില്‍വന്നു.

1951ല്‍ അവതരിപ്പിച്ച ഹിന്ദുകോഡ് ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അംബേദ്കര്‍ മന്ത്രിസഭയില്‍നിന്നും രാജിവച്ചു. ബില്‍ പരാജയപ്പെട്ടതിലുള്ള നിരാശ കടുത്തവാക്കുകളിലൂടെ അദ്ദേഹം നെഹ്രുവിനെ ധരിപ്പിച്ചു. പുതിയ ഭരണഘടന നിലവില്‍ വന്നതിനുശേഷം ആദ്യം നടന്ന 1952ലെ തെരഞ്ഞെടുപ്പില്‍ അംബേദ്കര്‍ പരാജയപ്പെട്ടു. പിന്നീട് മുംബയ് നിയമസഭയില്‍ നിന്നും അദ്ദേഹം രാജ്യസഭയിലെത്തി. അദ്ദേഹത്തിന്റെ ശ്രമഫലമായി അണ്‍ടച്ചബിലിറ്റി (ഒഫന്‍സസ്സ്) ആകട് പാര്‍ലമെന്റിലവതരിപ്പിച്ചു. 1954ലെ ഉപതെരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും അംബേദ്കര്‍ പരാജയപ്പെട്ടു.

1956 ഒക്ടോബര്‍ 14നു മൂന്ന് ലക്ഷത്തോളം അനുയായികളുമായി അംബേദ്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു. മതപരിവര്‍ത്തനത്തിന് രാജ്യത്ത് കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍ നടക്കുകയും അംബേദ്കറേയും കൂട്ടരേയും തങ്ങളുടെ മതത്തിലേക്കാകര്‍ഷിക്കാന്‍ സെമിറ്റിക് മതനേതാക്കള്‍ പരിശ്രമിക്കുന്നതിനുമിടയിലാണ് ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഹാനിയാകാത്ത തരത്തിലും എന്നാല്‍ ജാതിഭ്രാന്തന്മാര്‍ക്കുള്ള മറുപടി എന്ന നിലയ്‌ക്കും അംബേദ്കര്‍ ബുദ്ധമതം തെരഞ്ഞെടുത്തത്. ബുദ്ധമതം സമത്വത്തിനുവേണ്ടി നിലകൊള്ളുന്നു എന്നതായിരുന്നു അംബേദ്കറുടെ അഭിപ്രായം. ഭാരതത്തിന്റെവീരപുത്രന്മാരിലൊരാളായ ഡോ.അംബേദ്കര്‍ 1956 ഡിസംമ്പര്‍ 6-ന് അന്തരിച്ചു.

എല്ലാ തത്വശാസ്ത്രങ്ങളേയും ആഴത്തിലും പരപ്പിലും പഠിക്കാന്‍ശ്രമിച്ച പണ്ഡിതനായിരുന്നു അംബേദ്കര്‍. ബുദ്ധമതത്തിലുംഹൈന്ദവ തത്വശാസ്ത്രത്തിലും സോഷ്യലിസത്തിലുമടക്കമുള്ള വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പഠനങ്ങളും താരതമ്യങ്ങളും അദ്ദേഹത്തിന്റെ തത്വശാസ്ത്രബോധത്തെ വെളിവാക്കുന്നതാണ്. അദ്ദേഹത്തിന്റെ ചിന്താധാര പ്രവഹിക്കാത്ത മേഖലകളുണ്ടായിരുന്നില്ല. ഭാരതത്തില്‍ അക്കാലത്ത് നിലനിന്നിരുന്നപലസമ്പ്രദായങ്ങളോടും അദ്ദേഹം പരസ്യമായി ഏറ്റുമുട്ടിയപ്പോള്‍ തന്നെ ഭാരതത്തിന്റെ സംസ്‌കാരത്തെകുറിച്ച് അഭിമാനിതനും രാഷ്‌ട്രത്തിന്റെ ഐക്യത്തെകുറിച്ച് ബോധവാനും ആയിരുന്നു. അതിനാലാണ് ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ മതംമാറ്റത്തെകുറിച്ച് ചിന്തിച്ചപ്പോള്‍ ബുദ്ധമതം തെരഞ്ഞെടുത്തത്. ഭാരതത്തിന്റെ സാംസ്‌കാരിക തനിമയില്‍ അങ്ങേയറ്റം അഭിമാനിയായിരുന്നു ഡോ.അംബേദ്കര്‍. ഭാരതത്തിലെ ഹിന്ദുസമൂഹത്തിന്റെ അന്തഃഛിദ്രത്തിന് കാരണമായി നിന്നത് ഇവിടുത്തെ ജാതിവ്യവസ്ഥയായിരുന്നു. ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അങ്ങേയറ്റം അഭിമാനിതനായിരുന്ന അംബേദ്കര്‍ ജാതിചിന്തമൂലമുള്ള അപകടത്തെകുറിച്ചും സാമൂഹിക പരിഷ്‌കരണത്തിന് ജാതി വ്യവസ്ഥ വിഘാതം സൃഷ്ടിക്കുന്നതിനെകുറിച്ച് ബോധവാനായിരുന്നു.

ജാതിവ്യവസ്ഥ ഹിന്ദുക്കള്‍ക്കുണ്ടാക്കിയ അപകടത്തെകുറിച്ച് അംബേദ്കര്‍ പറയുന്നതിങ്ങനെയാണ് ‘ജാതി സാമ്പത്തികമായ വൈദഗ്ധ്യം സൃഷ്ടിക്കുന്നില്ല, ജാതിക്കും വംശത്തിന്റെ ഉന്നമനത്തിനും കരുത്തില്ലതാനും. എന്നിരുന്നാലും ജാതി ഒരുകാര്യം നിര്‍വ്വഹിച്ചിട്ടുണ്ട്. അത് ഹിന്ദുക്കളെ പൂര്‍ണ്ണമായി വിഘടിപ്പിക്കുകയും അവര്‍ക്ക് ധര്‍മ്മഭ്രംശം വരുത്തുകയും ചെയ്തു’. ജാതിമൂലം ഹിന്ദു നേരിട്ട അപകടങ്ങള്‍ ഈവാക്കുകളില്‍ പ്രകടമാണ്. അദ്ദേഹംതുടരുന്നു: ”നിങ്ങളുടെ സാമൂഹിക വ്യവസ്ഥ മാറ്റാത്തപക്ഷം നിങ്ങള്‍ക്ക് പുരോഗതി ഉണ്ടാവുകയില്ല. ജനസമൂഹത്തെ പ്രതിരോധത്തിനോ അക്രമണത്തിനോ വേണ്ടി അണിനിരത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. ജാതിയുടെ അടിത്തറയ്‌ക്കുമേല്‍ ഒന്നും പടുത്തുയര്‍ത്താന്‍ പറ്റുകയില്ല. ഒരുരാഷ്‌ട്രം പണിയാന്‍ നിങ്ങള്‍ക്ക് പറ്റുകയുമില്ല. ഒരുസൈന്യത്തെ സംഘടിപ്പിക്കുവാന്‍ നിങ്ങളെക്കൊണ്ടാവില്ല. ജാതിയുടെ അടിത്തറയിന്മേല്‍ പണിയുന്നതെന്തായാലും അതില്‍ വിള്ളലുണ്ടാവും. അതൊരിക്കലും സമഗ്രതയാവുകയില്ലതാനും”. ഇന്നും ജാതിയുടെ വക്താവായി അംബേദ്കറെ ഉയര്‍ത്തികാട്ടാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ആഴത്തില്‍ മനസ്സിലാക്കണം. മിശ്രവിവാഹത്തിന് ജാതി വ്യവസ്ഥയ്‌ക്കൊരുപരിധിവരെ പരിഹാരം കാണാനാവുമെന്ന് ബാബാസാഹബ് അംബേദ്കര്‍ വിശ്വസിച്ചിരുന്നു. ഭാരതത്തിന്റെ സംസ്‌കാരത്തില്‍ വിശ്വസിക്കുകയും സമസ്ത മേഖലകളെക്കുറിച്ചും പഠിക്കുകയും തന്റെ അഭിപ്രായങ്ങളും ആശങ്കകളും ഭയലേശമന്യേ ഉറക്കെ പറയുകയും ചെയ്ത ഡോ.അംബേദ്കറെ ഭാരതസമൂഹം ശരിയായ രീതിയില്‍ തിരിച്ചറിയണം. രാഷട്രവിരുദ്ധ ശക്തികള്‍ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് തടയുകയും വേണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by