Categories: Kerala

സിപിഎം പ്രചരണം ഏറ്റുപിടിച്ച് കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍; കേരളത്തെ കേന്ദ്രം അവഗണിക്കുവെന്ന് അടിയന്തര പ്രമേയം

ഇന്നലെ ലോക്സഭയില്‍ നല്കിയ അടിയന്തര പ്രമേയനോട്ടീസിലാണ് ടി.എന്‍. പ്രതാപന്‍ സിപിഎം പ്രചരണത്തെ പിന്തുണച്ചത്.

Published by

ന്യൂദല്‍ഹി: കേരളത്തെ കേന്ദ്രം അവഗണിക്കുന്നെന്നും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നുമുള്ള സിപിഎം പ്രചരണം ഏറ്റുപിടിച്ച് കോണ്‍ഗ്രസ് നേതാവും തൃശ്ശൂര്‍ എംപിയുമായ ടി.എന്‍. പ്രതാപന്‍. ഇന്നലെ ലോക്സഭയില്‍ നല്കിയ അടിയന്തര പ്രമേയനോട്ടീസിലാണ് ടി.എന്‍. പ്രതാപന്‍ സിപിഎം പ്രചരണത്തെ പിന്തുണച്ചത്.

സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിക്ക് കാരണം ഇടതുസര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവുമാണെന്ന് കോണ്‍ഗ്രസ് പ്രചരണം നടത്തുമ്പോഴാണ് ഇതിനെത്തള്ളിക്കളഞ്ഞ് മുതിര്‍ന്ന നേതാവുകൂടിയായ ടി.എന്‍. പ്രതാപന്‍ സിപിഎം നടത്തുന്ന പ്രചരണത്തിന് ശക്തി പകരുന്നത്.

കേരള സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രസ്തുത വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ടി.എന്‍. പ്രതാപന്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയത്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കക്ഷി രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളോട് അനീതി കാണിക്കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ന്നിരിക്കുകയാണെന്നും ടി.എന്‍. പ്രതാപന്‍ നോട്ടീസില്‍ പറയുന്നു.

സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം പോലും തടസ്സപ്പെടും വിധം രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലാണ് കേരളം ഇപ്പോഴുളളതെന്ന് നോട്ടീസിലുണ്ട്. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ല.

ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാങ്ങളോട്, പ്രത്യേകിച്ച് ബിജെപിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് തുടരുന്നത് കടുത്ത അവഗണനയും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത അനീതിയുമാണ്.

നേരത്തേ, 2018 പ്രളയ കാലത്ത് സംസ്ഥാനത്തിന് മതിയായ ഫണ്ട് നല്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ വിദേശ ധനസഹായങ്ങള്‍ മുടക്കുക കൂടി ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്ത നങ്ങള്‍ക്ക് ബില്‍ നല്കിയ സാഹചര്യം വരെ ഉണ്ടായി.

രാഷ്‌ട്രീയം നോക്കി സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്യുന്ന നടപടി തുടരുന്നത് ശരിയല്ല. ബിജെപിക്ക് കേരളത്തില്‍ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വച്ചുപുലര്‍ത്തുന്നത് സങ്കടകരമാണെന്നും ടി.എന്‍. പ്രതാപന്‍ നല്കിയ നോട്ടീസില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by