ന്യൂദല്‍ഹി: ബിജെപി ഇതര ഐ എന്‍ ഡി ഐ എ സഖ്യം ബുധനാഴ്ച നടത്താനിരുന്ന യോഗം മാറ്റിവച്ചു. പ്രതിപക്ഷ നിരയിലെ മുതര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഐ എന്‍ ഡി ഐ എ സഖ്യത്തിന്റെ യോഗം വിളിച്ചു കൂട്ടിയത്.അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഐ എന്‍ ഡി ഐ എ സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസ് മത്സരിച്ചതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവര്‍ ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.
നിതീഷ് കുമാര്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ചത്. മിഗ്ജാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത മഴ മൂലം ചെന്നൈ നഗരം വെളളത്തിലായതാണ് മുഖ്യമന്ത്രി സ്റ്റാലിന് വിട്ടു നില്ക്കാന് കാരണം. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ മമത ബാനര്‍ജിയും അഖിലേഷ് യാദവും അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: