മുംബൈ: നാവികസേനയിലെ പദവികള്‍ ഭാരതീയ സംസ്കാരത്തിന് അനുസൃതമായി പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ മാല്വനില് സംഘടിപ്പിച്ച നാവികസേനാദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവിക ദിനത്തിൽ ഭാരതീയ നാവികസേനയ്ക്ക് ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഇനിമുതല്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ധരിക്കുന്ന, പദവി സൂചിപ്പിക്കുന്ന തോള്‍മുദ്രയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ സൈന്യത്തിന്റെ മുദ്ര ചേര്‍ക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തെ ആദ്യ ആധുനിക നാവികസേനയെ രൂപവത്കരിച്ചതിനുള്ള നന്ദിപ്രകടനത്തിന്റെ ഭാഗമായാണിത്.
സമുദ്രശക്തിയുടെ പ്രാധാന്യം കൃത്യമായി അറിയാമായിരുന്ന വ്യക്തിയായിരുന്നു ഛത്രപതി ശിവജി മഹാരാജെന്ന് മോദി വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പ് രാജ്കോട്ട് കോട്ടയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത മോദി, അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുകയും ചെയ്തു. ഒരു രാജ്യത്തിന് നാവികശക്തി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ശിവജിക്ക് അറിയാമായിരുന്നെന്നും തന്റെ ഭരണകാലത്ത് മികച്ചൊരു നാവികസേനയെ അദ്ദേഹം വാര്‍ത്തെടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ എപ്പൗലെറ്റുകൾ ഇനി ശിവാജി മഹാരാജിന്റെ സൈന്യത്തിന്റെ പ്രതീകമായിരിക്കും. നാവിക പതാകയെ ഛത്രപതി ശിവാജി മഹാരാജിന്റെ പൈതൃകവുമായി ബന്ധിപ്പിക്കാൻ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. സായുധസേനയിലെ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. യുദ്ധക്കപ്പലിന്റെ കമാന്‍ഡിങ് ഓഫീസറായി ഒരു വനിതയെ നിയോഗിച്ചതിന് പ്രധാനമന്ത്രി നാവികസേനയെ അദ്ദേഹം അഭിനന്ദിച്ചു.
ഛത്രപതി ശിവജി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആശ്രിതത്വത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിച്ച് രാഷ്ട്രം മുന്നേറുകയാണ്. പ്രതീക്ഷാരഹിതമായ രാഷ്ട്രീയത്തെ ജനങ്ങൾ പരാജയപ്പെടുത്തി, എല്ലാ മേഖലയിലും മുന്നേറുമെന്ന് നമ്മൾ ഇന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട് . ഈ പ്രതിജ്ഞ നമ്മെ വികസിത ഭാരതത്തിലേക്ക് നയിക്കും. ഈ പ്രതിജ്ഞ ഈ രാജ്യം അർഹിക്കുന്ന അഭിമാനം തിരികെ കൊണ്ടുവരും. ഭാരതത്തിന്റെ ചരിത്രം 1000 വർഷത്തെ അടിമത്തത്തിന്റെയും പരാജയത്തിന്റെയും നിരാശയുടെയും മാത്രമല്ല, വിജയം, ധീരത, അറിവ്, ശാസ്ത്രം, കല, നമ്മുടെ നാവിക വൈദഗ്ധ്യം എന്നിവയുടേതാണ്.
നാവികസേനാദിന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നാവികസേനാ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, എയര്‍ക്രാഫ്റ്റുകള്‍ തുടങ്ങിയവയുടെ പ്രകടനം താര്‍കര്‍ലി ബീച്ചില്‍നിന്ന് കാണുകയുംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: