തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിവേദനം നല്കി. ശബരിമല തീര്‍ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്നാണ് നിവേദനം നല്‍കിയത്.
ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവില്‍, കൊടിമരം, ബലിക്കല്ല്, പതിനെട്ടാംപടി എന്നിവ മറയ്ക്കുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുക, നിലയ്ക്കല്‍ പമ്പ കെഎസ്ആര്‍ടിസി ബസില്‍ അയ്യപ്പന്മാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന നടപടി അവസാനിപ്പിക്കുക, ചക്കുപാലം, ത്രിവേണി, ഹില്‍ടോപ്പ് എന്നിവിടങ്ങളിലെ ദേവസ്വം ഭൂമിയില്‍ സ്വകാര്യ ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുക, പമ്പാ തീരത്ത് കൂടുതല്‍ പന്തലുകള്‍ നിര്‍മിച്ച് വിരിവയ്ക്കുന്നതിനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുക, ത്രിവേണിയില്‍ ബലിതര്പ്പണത്തറകളുടെ എണ്ണം കൂട്ടുക, അന്നദാനം, വിരിവയ്ക്കല്‍, കുടിവെള്ളം എന്നീ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഹിന്ദു സംഘടനകളെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനു നല്കിയ നിവേദനത്തില്‍ പറയുന്നു.
സംസ്ഥാന ട്രഷറര്‍ ജ്യോതീന്ദ്രകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ പി.വി. മുരളീധരന്, കെ. പ്രഭാകരന്, സമിതി അംഗം സന്ദീപ് തമ്പാനൂര്‍, തിരുവനന്തപുരം ജില്ലാ ട്രഷറര്‍ നെടുമങ്ങാട് ശ്രീകുമാര്‍ എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: