ചെങ്ങന്നൂര്‍: ശബരിമല പ്രവേശനകവാടമായ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ദര്‍ശനത്തിന് ശേഷം നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നത് രണ്ടായിരത്തോളം അയ്യപ്പഭക്തര്‍.
തമിഴ്നാട്ടില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റും അതിശക്തമായ മഴയുമാണ് ട്രെയിന്‍ റദ്ദാക്കലിലേക്ക് നയിച്ചത്. ചെങ്ങന്നൂരില്‍ സ്റ്റേഷനിലെ തീര്‍ത്ഥാടകരുടെ വിശ്രമകേന്ദ്രം നിറഞ്ഞനിലയിലാണ്. എത്ര ദിവസം ഇങ്ങനെ തുടരാനാകുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും ആശങ്കയുണ്ട്. പ്ലാറ്റ്ഫോമുകളിലും റെയില്‍വെ കോമ്പൗണ്ടിലുമെല്ലാം നൂറുകണക്കിന് അയ്യപ്പന്മാരാണ് നാട്ടിലേക്ക് പോകാനാകാതെ തമ്പടിച്ചിരിക്കുന്നത്.
ദിവസങ്ങളോളം നില്ക്കാന് കയ്യില്‍ പണം കരുതിയിട്ടില്ലാത്തവരാണ് ഇവരിലേറെയും. തമിഴ്-തെലുങ്ക് സംഘങ്ങളില്‍ കുഞ്ഞുമാളികപ്പുറങ്ങളും പ്രായമായവരും ഉള്‍പ്പെടുന്നുണ്ട്. 35 ദീര്‍ഘദൂര സര്‍വീസുകളാണ് കേരളത്തില്‍ റദ്ദാക്കിയിട്ടുള്ളതെന്നാണ് റെയില്‍വെയില്‍ നിന്നും ലഭിക്കുന്ന വിവരം.
മറ്റ് മാര്‍ഗങ്ങള്‍ മുഖേന നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നവരും കുറവല്ല. എന്നാല്‍ ബസുകളിലെയും സമാന്തരവാഹനങ്ങളിലെയും ചാര്‍ജും അസൗകര്യങ്ങളും സമയദൈര്‍ഘ്യവും കാരണം മിക്കവരും പിന്മാറുകയാണ്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നാണ് റെയില്‍വെ അറിയിച്ചിട്ടുള്ളത്.
മഴ ശക്തമായതുകാരണമുള്ള വെള്ളപ്പൊക്കവും വീശിയടിക്കുന്ന കാറ്റും കാരണം ചെന്നൈയിലെ സാഹചര്യം വളരെ മോശമാണ്. ഇതിനാല്‍തന്നെ വിവിധ സംസ്ഥാനങ്ങള്‍ വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഞായര്‍ മുതലെ റദ്ദാക്കിയിരുന്നു. ദില്ലിയില്‍ നിന്നും തിരിച്ചുള്ള സര്‍വീസ് കേരളത്തിലെത്തിയിട്ടില്ലന്നതും മഴയുടെ കാഠിന്യവും ദുരിതവും
കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: