പ്രസന്നന് ബി
അനവധി ജന്മത്തിലൂടെ പര്യവസാനിക്കാറായ ഒരു ജന്മത്തിന്റെ അല്ലെങ്കില്‍ ഒരു സൃഷ്ടിയുടെ അവസാന ഘട്ടമാണ് ബ്രഹ്മജ്ഞാനാവസ്ഥ. ഈ അവസ്ഥയിലൂടെ സഞ്ചരിക്കുന്ന യോഗിമാത്രമായിരിക്കും സര്വ്വസംഗപരിത്യാഗിയാവുക. ഇത്തരം യോഗികളുടെ നിര്‍ഗുണാവസ്ഥ ജ്ഞാനികള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാം. ജ്വലിക്കുന്ന ദീപത്തിലേക്ക് പറന്നടുക്കുന്ന ഇയ്യാംപാറ്റ കണക്കെ നാലുപാടുനിന്നും ജ്ഞാനികള്‍ ഈ യോഗിയിലേക്ക് പറന്നടുക്കും. നിര്‍ഗുണാവസ്ഥയില്‍ ബ്രഹ്മജ്ഞാനി നിലകൊണ്ട് ബ്രഹ്മാനന്ദത്തില്‍ ലയിച്ചാനന്ദിക്കവേ തന്നോടടുക്കുന്നവരിലേക്കും ഈ ആനന്ദാമൃതം ഒഴുക്കിക്കൊണ്ടേയിരിക്കും. ഇതു നുകരുകയെന്നതും ജന്മാന്തരങ്ങളായുള്ള സാധനയിലൂടെയേ സാധ്യമാവൂ. ഇതൊരു പ്രത്യേക വിഷയത്തില്‍ അധിഷ്ഠിതവുമല്ല. അങ്ങനെ കാണുന്ന തെറ്റിദ്ധാരണയാണ് ഇന്നുകാണുന്ന ശാസ്ത്ര ചേരിതിരുവുകളാല് ആത്മീയവിള്ളലുകള് സംജാതമാകുന്നത്. പ്രപഞ്ചത്തിലെ ഏതൊരറിവും ബ്രഹ്മജ്ഞാനം തന്നെയാണ്. അതിന്നതേയാകാവൂ എന്നൊന്നില്ല. അനന്തമായ അറിവിന്റെ സമ്മേളനം പ്രപഞ്ചവും, പ്രപഞ്ചം ബ്രഹ്മവുമാകുന്നു.
കോടാനുകോടി അറിവുകള്‍ കോടാനുകോടി സൃഷ്ടികളിലൂടെ ഒന്നുമറ്റൊന്നുമായി കൂടിക്കലരാതെ (തമ്മിലറിയാതെ) തമ്മില്‍ അന്തര്‍ലീനമായി ഒഴിച്ചുകൂടാനാകാത്ത കണ്ണികളായി കൂട്ടിവിളക്കിയാണീ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുക. ഇതിലേതൊരു കണ്ണി എവിടെവിട്ടുപോയാലും സര്‍വ്വനാശമായിരിക്കും സംഭവിക്കുക. ആ അസന്തുലിതാവസ്ഥ സൃഷ്ടികളാല് സ്വയം നടത്താവുന്നതുമല്ല. സര്‍വ്വനാശം സംഭവിക്കുക എന്നത് ഒരു ഭാരിച്ച സംഭവവുമല്ല. ഭൂമിയിലൊരു സര്‍വ്വനാശം വരുത്തുന്നതിന് നാം ധരിക്കുന്നരീതിയിലോരു കോലാഹലമൊന്നും സൃഷ്ടിക്കേണ്ടതായിട്ടില്ല. ന്യൂക്ലിയര്വിസ്ഫോടനവും ഭൂമിവെട്ടിപ്പിളര്ന്നൊരു മഹാസ്ഫോടനമൊന്നും ആവശ്യമില്ല. ചരാചരവ്യവസ്ഥയിലെ ഒരുകണ്ണിയടര്ത്തി മാറ്റിയാല്‍ സകലം നാമാവിശേഷമായി മൂലകങ്ങള്‍ മാത്രമവശേഷിച്ച് യാതൊരു കോലാഹലവും കൂടാതെ നാം സ്വപ്നേപി നിരൂപിക്കാത്ത മറ്റൊരു പുതുസൃഷ്ടിപരമ്പരയുടെ തുടക്കമാകുന്നതു കാണാം. ഇത് അനേകകാലം എടുത്തായിരിക്കുമെന്നുമാത്രം. ഈയവസ്ഥ ശൂന്യമായി കിടക്കുന്ന പല നക്ഷത്ര ഗ്രഹോപഗ്രഹത്തിലും നടന്നു കൊണ്ടേയിരിക്കുന്നു. ഈ അവസ്ഥവരുത്തുവാന് പ്രപഞ്ചം ധൃതികാട്ടുകയോ, കാലവിളംബം വരുത്തുകയോ ചെയ്യില്ല. അവസ്ഥാനുസരണം ഇതിനെ പുരാണം ബ്രഹ്മായുസ്സെന്നാണു പറയുക. എന്നാല്‍ “മന്വന്തരം” ഒരുമനുവിന്റെ കാലഘട്ടത്തില്‍ നിന്നും അടുത്തതിലേക്കുള്ള പ്രയാണം സംഭവബഹുലമാണ്. ഇത് പ്രപഞ്ച നീതിക്കനുകൂലമാണ്. ഈ അവസ്ഥയെ ജ്ഞാനികള്‍ അവരുടേതായ തലത്തില്‍ നിന്ന് ചെറു ചൂണ്ടുപലകകളാക്കിയവയത്രേ ഈ പുരാണോപനിഷത്തുക്കള്. അവ മനസിലാക്കാന്‍ ആ തലമേറി നിരീക്ഷിക്കണം. അതിനായുള്ള പ്രയത്നം ബോധതലത്തിലുള്ള കഠിനാദ്ധ്വാനം മാത്രമാണ്. അതെല്ലാവരാലും സാധ്യവുമല്ല. അതൊരു തപസ്സാണ്. ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകാം പ്രാവര്‍ത്തികമാക്കുക ജന്മാന്തരങ്ങളിലൂടെമാത്രം. ഓരോ സൃഷ്ടിയുടെ കാലയളവും കര്മ്മദൈര്ഘ്യവും തമ്മിലുള്ള അന്തരം വളരെ വലുതാണ്.
ഈ പാതയിലെ തിരിച്ചറിവു സിദ്ധിച്ച സഞ്ചാരിയത്രേ ബ്രഹ്മജ്ഞാനി. ഇതിനിടയില്‍ നാം സഞ്ചരിച്ച വാഹനമൊ, പാതയൊ ഒന്നും ലക്ഷ്യത്തില്‍ എത്തുന്ന കര്‍മ്മവുമായി യാതൊരു ബന്ധവുമില്ല. അതു നാം സ്വയം തിരഞ്ഞു സ്വീകരിച്ചവയാണ്. സഞ്ചാരവേളയില്‍ യാത്രക്കാര്‍ പലരുമുണ്ടാവാം അതില്‍ ലക്ഷ്യമറിഞ്ഞ സഞ്ചാരിയെ ആദരിച്ച് ഇറക്കുമ്പോള്‍ അലക്ഷ്യമായി യാത്രാസുഖം നുകര്‍ന്ന് ഇറങ്ങാതിരിക്കുന്ന സഞ്ചാരിയെ ആട്ടിയിറക്കുന്നതും കാണാം. ഇരുവരുടേയും ലക്ഷ്യം വ്യത്യസ്തമാണെങ്കിലും ഇറങ്ങേണ്ടിടത്ത് ഇറങ്ങിത്തന്നാകണം. ഇതാണ് ജന്മങ്ങളുടെ അവസ്ഥ. ഇവയെല്ലാം സ്പഷടമായി പ്രത്യക്ഷത്തില്‍ നിലനില്‍ക്കെ അവയെ മനസിലാക്കാന്‍ പറ്റാത്ത അവസ്ഥ പോലും നമുക്കു കാണാം. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുഞ്ഞുങ്ങളുടെ അതിഗംഭീര പ്രകടനം ബാല്യകൗമാര യൗവ്വന വാര്‍ദ്ധക്യ ദിശകളിലെ അറിവിന്റെ അതിശയിപ്പിക്കുന്ന പ്രകടനം അതു പഞ്ചേന്ദ്രിയപ്രോക്തമാകാതിരിക്കുന്നതുമെല്ലാം ഓരോ ജന്മത്തിന്റെ സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: