ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 11 പേർ മരിച്ചു. പടിഞ്ഞാറൻ സുമാത്രയിലെ മൗണ്ട് മറാപിയാണ് പൊട്ടിത്തെറിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
ദുരന്തമേഖലയിൽ നിന്നും മൂന്ന് പേരെ രക്ഷപ്പെടുത്തി. 11 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 12 പേരെയാണ് കണ്ടെത്താനുള്ളത് എന്നാണ് റിപ്പോർട്ടുകൾ. ഇവർക്കായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാവിലെയും അഗ്നിപർവ്വതത്തിൽ ചെറുസ്‌ഫോടനങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് സുരക്ഷ പരിഗണിച്ച് ഇടവേളകൾ നൽകികൊണ്ടാണ് രക്ഷാ പ്രവർത്തനം.
2,891 മീറ്റർ ഉയരമുള്ള അഗ്നിപർവ്വതമാണ് മൗണ്ട് മറാപി. ലോകത്തെ തന്നെ സജീവ അഗ്നിപർവ്വതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കൂടിയാണ് ഇത്. മൗണ്ട് മറാപി സ്ഥിതിചെയ്യുന്നതിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പരിസരം നിരോധിത മേഖലയാണ്. അഗ്നിപർവ്വതം കാണാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.
1979 ഏപ്രിലിലാണ് അഗ്നിപർവ്വതം ഇതിന് മുൻപ് പൊട്ടിത്തെറിച്ചത്. അന്ന് 60 പേർ കൊല്ലപ്പെട്ടിരുന്നു. ഈ മാസം ജനുവരി, ഫെബ്രുവരി മാസങ്ങളിലും മൗണ്ട് മറാപിയിൽ സ്‌ഫോടനം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: