ഉധംപുര്‍ (ജമ്മുകശ്മീര്‍): തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ സഖ്യരൂപീകരണത്തിന് നേതൃത്വം നല്‍കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. തെരഞ്ഞെടുപ്പു സാധ്യതകളെക്കുറിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷികളെ തെറ്റിദ്ധരിപ്പിച്ചു. ഇനി സഖ്യത്തിനില്ല. ഒറ്റയ്‌ക്ക് മത്സരിക്കും. താഴെത്തട്ടിലെ ജനവികാരം മനസിലാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല, ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഭാവിയില്‍ ഐഎന്‍ഡിഐഎയ്‌ക്ക് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ഭാവിയില്‍ ഞങ്ങള്‍ വിജയിക്കില്ല. ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ഐഎന്‍ഡിഐഎ കക്ഷികളെ കോണ്‍ഗ്രസ് പ്രസിഡന്റ് വിളിച്ചിട്ടുണ്ട്. മൂന്നു മാസം കഴിഞ്ഞെപ്പോഴെങ്കിലും സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് ഓര്‍ത്തല്ലോ. മധ്യപ്രദേശില്‍ അഖിലേഷ് യാദവിന് ഏഴു സീറ്റുകള്‍ നല്‍കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ? എന്നിട്ട് കോണ്‍ഗ്രസ് ജയിച്ചോ? ഒമര്‍ അബ്ദുള്ള ചോദിച്ചു.
ബിജെപി അഭിനന്ദനമര്‍ഹിക്കുന്നു. ഇത്തരത്തിലൊരു ഫലം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസ് ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നത് ഛത്തീസ്ഗഡിലും മധ്യപ്രദേശിലും തെലങ്കാനയിലും അധികാരത്തില്‍ വരുമെന്നാണ്. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ പറഞ്ഞു, രാജസ്ഥാനിലും വിജയിക്കുമെന്ന്. പക്ഷേ, ഫലം വന്നപ്പോള്‍ ജയം തെലങ്കാനയില്‍ മാത്രം, ഒമര്‍ അബദുള്ള പറഞ്ഞു.
മധ്യപ്രദേശ് നോക്കൂ. കമല്‍നാഥ് കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്നതൊഴിച്ചാല്‍ ബിജെപി 20 വര്‍ഷമാണ് ഭരിച്ചത്. അഞ്ചാം വട്ടവും അവര്‍ അധികാരത്തിലെത്തിയിരിക്കുന്നു. ഇതൊരു വലിയ വിജയമാണ്, ഒമര്‍ ഫറൂഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: