ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചതിന് തടവുശിക്ഷ ലഭിച്ച മുന്‍ ഡിജിപി രാജേഷ് ദാസിന് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്കി തമിഴ്നാട് സർക്കാർ. നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി പൂര്‍ത്തിയാകാന്‍ ഒരുമാസം ശേഷിക്കേയാണ് നടപടി.
വനിതാ ഐപിഎസ് ഓഫീസറെ വാഹനത്തില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ പരാതി. 2021-ല്‍ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് സുരക്ഷയൊരുക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. കരൂരില്‍നിന്ന് ഉളുന്തൂര്പ്പെട്ടിലേക്കുള്ള യാത്രയില്‍ തന്റെ വാഹനത്തിൽ കയറാന്‍ സഹപ്രവര്‍ത്തകയോട് രാജേഷ് ദാസ് ആവശ്യപ്പെടുകയും വഴിയില്‍വെച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
മറ്റൊരു വണ്ടിയില്‍ക്കയറി ചെന്നൈയിലെത്തിയ വനിതാ ഓഫീസര്‍ പോലീസ് മേധാവിക്ക് പരാതി നല്കി. കേസില്‍ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് വിഴുപുരത്തെ കോടതി വിധിച്ചിരുന്നു. മൂന്നുവര്‍ഷം തടവും പിഴയും വിധിക്കുകയും ചെയ്തു. പിന്നാലെയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: