ചലച്ചിത്രഗാനങ്ങളും നാടകഗാനങ്ങളും ലളിതഗാനങ്ങളും ഉള്‍ച്ചേരുന്ന മലയാള ഗാനശാഖയുടെ വേരുകള്‍ തേടിപ്പോകുന്നവര്‍ എത്തിച്ചേരുന്നത് ക്ഷേത്ര ശ്രീകോവിലിനു മുന്പിലെ സോപാനസംഗീതത്തിലാണ്. അഷ്ടപദിയുടെയും കഥകളി പദത്തിന്റെയും കീര്‍ത്തനങ്ങളുടെയും നാടോടി ശീലുകളുടെയും ചുവടുപിടിച്ചാണ് മലയാളഗാനങ്ങളുടെ രൂപശില്‍പ്പം നിര്മിതമായത്. ചലച്ചിത്രങ്ങളിലെ ഭക്തിഗാനങ്ങള്‍ അതിന്റെ ആലാപനത്തിലും ശ്രവണത്തിലും കൂടുതല്‍ നൈസര്‍ഗികമായി അനുഭവപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ബാല്യകാലത്ത് ഏറ്റുമാനൂരപ്പന്റെ നടയില്‍ ഭജനമിരുന്നിട്ടുള്ള വയലാറിനെക്കൊണ്ട് ”ഏഴരപ്പൊന്നാന പുറത്തെഴുന്നെള്ളും” എന്ന ഗാനം എഴുതിച്ചതും ഏറ്റുമാനൂരപ്പന് തന്നെ. ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളും ഏറ്റുമാനൂരപ്പാ, ചെത്തി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പാ നിന്നെ കണികാണണം എന്നീ ഭക്തിഗാനങ്ങള്‍ മൂന്നു മഹാക്ഷേത്രങ്ങളുടെ ജനകീയ ഗാനമുദ്രകളായി മാറിയിട്ട് അരനൂറ്റാണ്ടിലേറെയായി.
”….തൊഴുന്നേന്‍ തൊഴുന്നേന്‍ ഞാന്‍
തിരുനാഗത്തളയിട്ട തൃപ്പാദം
തരുമോ തിലകം ചാര്‍ത്താനെനിക്കു നിന്
തിരുവെള്ളിപ്പിറയുടെ തേന്‍ കിരണം
തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിന്
തിരുമുടിപ്പുഴയിലെ തീര്‍ത്ഥജലം…”
(ചിത്രം. അക്കരപ്പച്ച-1972. സംഗീതം: ദേവരാജന്‍)
അകകണ്ണുകൊണ്ട് ഇത്രയും തനിമയോടെ ആലേഖനം ചെയ്യാന്‍ പോന്ന ഗാഢബന്ധം ആയിരുന്നു വയലാറിന് ക്ഷേത്രവുമായിട്ട് ഉണ്ടായിരുന്നത്.
കവിയുടെ മറ്റൊരു പ്രശസ്തമായ ശിവസ്തുതിയാണ് ”കൈലാസ ശൈലാധി നാഥാ….” (ചിത്രം: സ്വാമി അയ്യപ്പന് -1975. സംഗീതം: ജി. ദേവരാജന്‍, ഗായകര്‍: ശ്രീകാന്ത്, പി. ലീല). ഓങ്കാരത്തുടിപ്പുകള്ക്കൊപ്പം താണ്ഡവമാടുന്ന തൃപ്പാദങ്ങളും നാഗഫണത്തിരുമുടിയും കനല്‍കത്തുന്ന തിരുമിഴിയും ഭക്തമനസ്സില്‍ പ്രതിഷ്ഠിതമായ ശ്രീപരമേശ്വരന്റെ തിരുമെയ്യും പോകുന്നിടത്തെല്ലാം കൂടെയുണ്ടാകണമെന്നാണ് കവിയുടെ പ്രാര്‍ത്ഥന. ശിവരാത്രി മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന കാവ്യമഞ്ജരിയാണ് ”വൈക്കത്തപ്പനും ശിവരാത്രി.” (ചിത്രം: മഴക്കാറ്: 1973, സംഗീതം: ജി. ദേവരാജന്‍, ഗായകര്‍: എം.ജി.രാധാകൃഷ്ണനും കൂട്ടരും). സ്വര്‍ണ ഗംഗയില്‍ നീരാടി, സ്വര്ണകൂവളത്തില ചൂടി തൃശിവപേരൂര് മതിലകത്ത് വടക്കുംനാഥന് ശിവരാത്രി ദര്‍ശനം നല്കുന്നു. തൃക്കണ്ണില്‍ തീയോടെ നാഗഫണത്തിരുമുടിയോടെ അഘോരമൂര്‍ത്തി ഏറ്റുമാനൂരില്‍ താണ്ഡവമാടുന്ന ശിവരാത്രി. അമ്പലക്കെട്ടിന് അടുക്കളയില്‍ ഉണ്ണി ഗണപതി അരവണപ്പായസമുണ്ണുന്ന ശിവരാത്രി. ഭക്തിനിര്‍ഭരമായ ഈ ഭജന ഗാനം ഉടുക്കുപാട്ടായി ചിത്രത്തില്‍ സംവിധായകന് പി.എന്‍. മേനോന് അവതരിപ്പിച്ചിരിക്കുന്നു. ശിവനും ശക്തിയും ചേരുന്ന ആദിപരാശക്തിയെ കീര്‍ത്തിക്കുന്നതാണ് ”ശക്തിമയം ശിവ ശക്തിമയം….” എന്ന ദേവീസ്തവം (ചിത്രം: ദേവീ കന്യാകുമാരി, 1974. സംഗീതം: ജി. ദേവരാജന്‍, ഗായകന്: യേശുദാസ്). സൃഷ്ടിസ്ഥിതിലയ രൂപമായി നിത്യവര അഭയ ഭാവമായി ആഗമനിഗമ പ്രണവബീജത്തില്‍ നിന്ന് അവതരിച്ച് ആദി പരാശക്തിയോട് ചിന്മയീ സച്ചിന്മയീ പാലയമാം പാലയമാം എന്നു ആത്മനിവേദനം കൊള്ളുന്ന ഈ ഭാവഗാനം വയലാറിന്റെ താന്ത്രിക പരിജ്ഞാനത്തിന്റെ നിദര്‍ശനമാണ്. കന്യാകുമാരി ദേവിയെ സ്തുതിക്കുന്ന ”ദേവീ കന്യാകുമാരി….” എന്ന യേശുദാസ് ആലപിച്ച ഒരു ഭക്തിഗാനവും ഈ ചിത്രത്തിലുണ്ട്. ”കൊടുങ്ങല്ലൂരമ്മേ കുന്നല നാട്ടില്‍ കുടികൊള്ളും അമ്മേ…” എന്ന ഗാനത്തില്‍ കണ്ണകി ചരിതമാണ് പ്രമേയം. (ചിത്രം: കൊടുങ്ങല്ലൂരമ്മ 1968. സംഗീതം: കെ. രാഘവന്, ഗായകന്: ബാലമുരളീകൃഷ്ണ) മുത്തമിഴിന് മുത്തായി, മൂവുലകിനു വിളക്കായി, കോവിലന്നു പ്രിയയായ്, കണ്ണകിയായ് പണ്ട് കാവേരി തീരത്തില്‍ വളര്‍ന്നോരമ്മേ, പ്രതികാര രുദ്രയായ് മധുരാനഗരം എരിച്ചോരമ്മേ മാനവധര്‍മ്മം കതിരിട്ടു നിന്നൊരു മാവേലി നാട്ടിലേക്ക് വന്നോരമ്മേ… ശ്രീകുരുമ്പേ… എന്ന് സ്ത്രീശക്തിയുടെ മഹിമയെ സ്തുതിക്കുന്ന ഭക്തിഗാനമാണിത്.
”പാഹി ജഗദംബികേ….” (ചിത്രം: നടീനടന്മാരെ ആവശ്യമുണ്ട്. 1974. സംഗീതം: ആര്.കെ. ശേഖര്‍, ഗായകര്‍: ബ്രഹ്മാനന്ദന്, ജയലക്ഷ്മി), ”ചാമുണ്ഡേശ്വരി രക്തേശ്വരി” (ചിത്രം. പൊന്നാപുരം കോട്ട. 1973. സംഗീതം: ദേവരാജന്‍, ഗായകന്: യേശുദാസ്), ”സ്വരരാഗ രൂപിണി സരസ്വതീ…” (ചിത്രം: കാവ്യമേള. 1965. സംഗീതം: ദക്ഷിണാമൂര്‍ത്തി. ഗായകന്: യേശുദാസ്) അതേ ചിത്രത്തിലെ ”ജനനീ ജഗജനനീ….” തുടങ്ങിയ മാതൃഭാവത്തെ സ്തുതിക്കുന്ന ദേവീഗീതങ്ങളിലും വയലാറിന്റെ ഭക്തഹൃദയം നാം തിരിച്ചറിയുന്നു.
ഒരുകാലത്ത് സന്ധ്യാകീര്‍ത്തനമായി കേരളീയ ഭവനങ്ങളില്‍ മുഴങ്ങിയിരുന്ന ഭക്തിഗീതമാണ് ”നാരായണായ നമഃ നാരായണായ നമഃ (ചിത്രം: ചട്ടക്കാരി. സംഗീതം: ദേവരാജന്‍, ഗായിക: പി. ലീല). കാലങ്ങള്‍ തോറും അവതാരങ്ങളായ് അവനി പാലിച്ചീടും ലക്ഷ്മീപതേ, പാദം നമിച്ചു തിരുനാമാക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ… തുടങ്ങിയ വരികളാല്‍ ആര്‍ദ്രതയുടെയും താളാത്മകതയുടെയും മേളനംകൊണ്ട് മനസ്സിനെ ഏകാഗ്രമാക്കുന്ന ലക്ഷണമൊത്ത കീര്ത്തനമാണിത്. ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി…” (ചിത്രം: അടിമകള്‍. 1969. സംഗീതം: ദേവരാജന്‍, ഗായിക: പി. സുശീല) എന്ന പ്രശസ്ത ഗാനത്തിന്റെ ഈരടികള്‍ ഇന്നും ഭക്തജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു.
”ഗോകുലാഷ്ടമിനാള്‍ ഇന്ന് ഗുരുവായൂരപ്പന് തിരുനാള്‍” (ചിത്രം: ചായം, 1973, സംഗീതം: ദേവരാജന്‍, ഗായിക: മാധുരി) ഗുരുവായൂരിലെ പൂജാവിധികളില്‍ വയലാറിനുള്ള പരിജ്ഞാനം പകരുന്ന കൃഷ്ണഭക്തിഗാനമാണ്. പത്മകുംഭങ്ങളില്‍ അഭിഷേകത്തിന് പഞ്ചഗവ്യം വേണ്ടേ… പന്തീരടി കഴിഞ്ഞ് അമ്പലപ്പുഴയിലെ പാല്പായസം വേണ്ടേ, ദീപക്കാഴ്ച വേണ്ടേ, പൂജയ്ക്കു ദിവ്യാഷ്ടപദി വേണ്ടേ എന്നിങ്ങനെ ഉണ്ണിക്കണ്ണന് സൗഹൃദഭാവത്തില്‍ ഗാനാര്‍ച്ചന നടത്തുകയാണ് കവി. ആര്‍ദ്രമായ ഭക്തിയും നിഷ്കളങ്കമായ ക്ഷേത്രാഭിമുഖ്യവും ഉള്ള ഒരു കവിമനസ്സിനു മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ആത്മീയ ഭാവുകത്വമാണ് ഈ ഗാനങ്ങളില്‍ കാണുന്നത്. വിപ്ലവ ഗാനങ്ങളിലല്ല; ഭക്തിഗാനങ്ങളിലാണ് മാനവികതയുടെ ഉദാത്തമൂല്യങ്ങള്‍ ജ്വലിക്കുന്നത് എന്ന് കാലത്തെ അതിജീവിച്ച വയലാറിന്റെ ഭക്തിഗാനങ്ങളുടെ ജനപ്രിയത തെളിയിക്കുന്നു. വിപ്ലവ ഗാനങ്ങള്‍ സോദ്ദേശപരമായി എഴുതപ്പെട്ട മുദ്രാവാക്യങ്ങള്‍ മാത്രം; ഭക്തിഗാനങ്ങളാകട്ടെ ആത്മസമര്‍പ്പണത്തിന്റെ ഹൃദയരാഗങ്ങളാണ്.
ക്ഷേത്രോത്സവങ്ങളാണ് കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിന് ചൈതന്യം പകരുന്നത്. ക്ഷേത്രങ്ങളെ ഭക്തിപൂരിതമാക്കാന് ഭക്തിഗാനങ്ങള്‍ അനിവാര്യവും. ഭക്തിഗീതങ്ങള്‍ക്ക് കാലാനുസൃതമായ ഭാവസാന്ദ്രതയും ശില്പ്പസൗകുമാര്യവും നല്കുന്നതില് വയലാറിന്റെ ഭാഷാപരവും ആശയപരവുമായ സംഭാവനകള്‍ക്ക് സാംസ്കാരിക കേരളം കടപ്പെട്ടിരിക്കുന്നു.
(ലേഖന പരമ്പര അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: