തിരുവനന്തപുരം: അലോപ്പതി ചികിത്സയില്‍ നിന്ന് മാറി ചിന്തിക്കുന്ന ഒരാള്‍ക്ക് ഇതര ചികിത്സാരീതികളെക്കുറിച്ചറിയാന്‍ അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ കേന്ദ്ര ആയുഷ് മന്ത്രാലയ പവലിയന് മാത്രം സന്ദര്‍ശിച്ചാല്‍ മതിയാകും. സിദ്ധ, യുനാനി, ഹോമിയോ, ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, സോവ റിഗ്പ എന്നീ ചികിത്സാരീതികളെക്കുറിച്ചറിയാന്‍ മാത്രമല്ല ഇവയുടെയെല്ലാം ക്ലിനിക്കുകളും ഈ പവലിയനില്‍ പ്രവര്‍ത്തിക്കുന്നു.
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനോട് ചേര്‍ന്ന് തന്നെയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം ദേശീയ ആരോഗ്യ ഉത്സവം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ആയുഷ് പവലിയനില്‍ രാജ്യത്തെ അലോപ്പതിയിതര ചികിത്സകളെക്കറിച്ച് അറിയേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍ ഡോ. ധന്‍രാജ് കുമാര്‍ റാണ പറഞ്ഞു. ഐസിഎംആറിന് സമാനമായ നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഫോര്‍ ആയുര്‍വേദ, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി, കൊല്‍ക്കത്ത, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യുനാനി, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്വറോപതി, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പവലിയന് പ്രവര്‍ത്തിക്കുന്നത്.
ഓരോ ചികിത്സാരീതികളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ലഘുവിവരണങ്ങള്‍, വീഡിയോ, ചാര്‍ട്ടുകള്‍, മാതൃകകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മാതൃകാ ദൈനംദിന ജീവിതക്രമം, മികച്ച ആരോഗ്യ ശീലങ്ങള്‍, മാനസികാരോഗ്യ ചികിത്സയില്‍ വ്യത്യസ്ത ആയുഷ് ധാരകള്‍ എന്നിവ ഏറെ വിജ്ഞാനപ്രദമാണെന്ന് പവലിയന് സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തി.
അപൂര്‍വങ്ങളായ പുസ്തകങ്ങളും സമഗ്രമായ ഗവേഷണ പ്രബന്ധങ്ങളുമാണ് ആയുഷ് പവലിയന്റെ മറ്റൊരു പ്രത്യേകത. സമാന്തര ചികിത്സാ മേഖലയില്‍ നടക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ മുഖ്യധാരയില്‍ ലഭിക്കാത്തത് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. അതിന് ഒരു പരിധി വരെ പരിഹാരമാണ് ഇവിടെ വില്പനയ്ക്ക് വച്ചിട്ടുള്ള വിവിധ ഗവേഷണ പ്രബന്ധങ്ങള്‍. അക്കാദമിക താത്പര്യങ്ങള്‍ക്കപ്പുറത്ത് ദൈനംദിന ചികിത്സാ രീതികളെവരെ സ്വാധീനിക്കാവുന്ന അറിവുകളാണ് ഈ പ്രബന്ധങ്ങളില്‍ അടങ്ങിയിട്ടുള്ളതെന്ന് ഡോ. ധന്‍രാജ് ചൂണ്ടിക്കാട്ടി.
കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍, വിവിധ ആയുര്‍വേദ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ആണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റിവല്‍ ചൊവ്വാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: