തിരുവനന്തപുരം: അങ്ങനെ ഹൈഡ്രജന്‍ വണ്ടിയെ ഗതാഗത വകുപ്പിലെടുത്തു. സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ ത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം സയന്‍സ് വര്‍ക്കിങ് മോഡലില്‍ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂര്‍ ചെന്ത്രോപ്പിനി സിഎച്ച്എസ്എസിലെ നിഹാല്‍ കൃഷ്ണയും പി.എസ്. ആദിത്യനും തയാറാക്കിയ ഹൈഡ്രജന്‍ വാഹനമാണ് ഗതാഗത വകുപ്പിലെടുത്തത്. വാഹനത്തെക്കുറിച്ചറിഞ്ഞ അഡീഷണല്‍ ഗതാഗത കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ ഇരുവരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ മനസ്സിലാക്കി. പ്രോജക്ടിനുള്ള പൂര്‍ണ സഹായവും വാഗ്ദാനം ചെയ്തു.
ഹീറോ ഹോണ്ട പ്രോ പാഷന്റെ എന്‍ജിനില്‍ മാറ്റം വരുത്തിയാണ് ഹൈഡ്രജന്‍ വാഹനം തയാറാക്കിയത്. കാര്‍ബറേറ്ററിന്റെ ഓവര്‍ ഫ്ളോ കട്ട് ചെയ്തും എക്സോസ്റ്റില്‍ മാറ്റം വരുത്തിയും എന്ജിന് തയാറാക്കി. എന്‍ജിനിലേക്ക് ഹൈഡ്രജന്‍ എത്തിക്കുന്നതിനുള്ള കണ്ക്ടിവിറ്റി പൈപ്പ് ഇരുവരും ചേര്‍ന്നാണ് നിര്‍മിച്ചത്. 500 രൂപയുടെ ഹൈഡ്രജനില്‍ 1200 കിലോമീറ്റര്‍ ഓടാം. മലിനീകരണമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുകയ്ക്കു പകരം വെള്ളമാണ് പുറത്തുവരുന്നത്. മാരുതി കാറിന്റെ സ്റ്റിയറിങ്, ക്ലച്ച്, ബ്രേക്ക്, ഒമ്നിയുടെ ആക്സിലറേറ്റര്‍ എന്നിവ കൊണ്ട് നിര്‍മാണം. 100 സിസിയാണ് എന്ജിന് കപ്പാസിറ്റി. ഏകദേശം 65,000 രൂപയാണ് ചെലവ്.
ഇന്നലെ വൈകിട്ടോടെയാണ് അഡീഷണല്‍ ഗതാഗത കമ്മിഷണര്‍ ഇരുവരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. വാഹനവുമായാണ് ഇരുവരുമെത്തിയത്. തുടര്‍ന്ന് കമ്മിഷണര്‍ വാഹനം ഓടിച്ചു നോക്കി. ഇവരുടെ വാഹന നിര്‍മാണ രീതി പ്രോജക്ടായി നല്കാന് ആവശ്യപ്പെട്ടു.
വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ സാങ്കേതിക വിദ്യ മാറ്റിയെടുക്കാന്‍ ഗതാഗത വകുപ്പിന്റെ എല്ലാ സഹായവുമുണ്ടാകുമെന്നും ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: