സില്‍ഹട്ട്: ബംഗ്ലാദേശ് സ്പിന്നര്‍മാരുടെ മാസ്മരിക ബോളിങ് പ്രകടനത്തിന് മുന്നില്‍ ന്യൂസിലന്‍ഡിന്റെ കരുത്തന് നിരയുടെ തകര്‍ച്ച പൂര്‍ണമായി. ഒന്നാം ടെസ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിനം വെറും ഒന്നര മണിക്കൂറില്‍ ബംഗ്ലാദേശ് ജയം പൂര്‍ത്തീകരിച്ചു. 150 റണ്‍സിനാണ് ടീം വിജയിച്ചത്. വിജയത്തിലേക്ക് നയിച്ച ബോളര്‍ തൈജുല്‍ ഇസ്ലാം രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നേടി.
സ്കോര്‍: ബംഗ്ലാദേശ്- 310, 338. ന്യൂസിലന്‍ഡ്- 317, 181/10(71.1)
രണ്ടാം ഇന്നിങ്സിലെ ആറ് വിക്കറ്റ് നേട്ടത്തോടെ മത്സരത്തില്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ തൈജുല്‍ ഇസ്ലാം സ്വന്തം പേരില്‍ കുറിച്ച മത്സരമാണ് കടന്നുപോയത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ആതിഥേയര്‍ 1-0ന് മുന്നിലെത്തി. ന്യൂസിലന്‍ഡിനെതിരെ ബംഗ്ലാദേശ് സ്വന്തം നാട്ടില്‍ ടെസ്റ്റ് വിജയം നേടുന്നത് ആദ്യമായാണ്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച്ച ധാക്കയില്‍ ആരംഭിക്കും.
സില്‍ഹട്ടിലെ പിച്ച് സ്പിന്‍ ബോളര്‍മാര്‍ക്ക് ഇരട്ടവീര്യം ലഭിച്ച ദിവസമായിരുന്നു വെള്ളിയാഴ്ച. ടെസ്റ്റിന്റെ നാലാം ദിവസം. രണ്ടാം ഇന്നിങ്സില്‍ ഒന്നര ദിവസം ബാക്കിയുള്ളപ്പോള്‍ 331 റണ്‍സ് കടവുമായി ഇറങ്ങിയ കിവീസ് ബാറ്റര്‍മാര്‍ വളരെ വേഗം പുറത്താകുകയായിരുന്നു. അന്ന് രാവിലെ മൂന്നിന് 212 എന്ന കരുത്തന് നിലയില്‍ ഇറങ്ങിയ ആതിഥേയര്‍ അതിവേഗം 338 റണ്‍സിന് ഓള്‍ഔട്ടാക്കിയത് കിവീസ് സ്പിന്‍ ബോളര്‍മാരായിരുന്നു. അപ്പോള്‍ തന്നെ പിച്ചിന്റെ ഗതി വ്യക്തമായിക്കഴിഞ്ഞിരുന്നു. ഒന്നാം ഇന്നിങ്സില്‍ കിവീസിന്റെ നെടുന്തൂണായി നിന്ന സെഞ്ചുറിക്കാരന്‍ കെയ്ന്‍ വില്ല്യംസണ് വളരെ വേഗം പുറത്തായി. ഡാരില്‍ മിച്ചല്‍ പിടിച്ചുനിന്നത് മാത്രമാണ് ആശ്വാസം.
രാവിലെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സുമായാണ് കിവീസ് ബാറ്റിങ്ങിനിറങ്ങിയത്. തോല്‍വി ഉറപ്പായിരുന്നിട്ടും ആവുന്നത്ര പൊരുതകയെന്ന അജണ്ട മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. തലേന്ന് 40 പിന്നിട്ട് നിന്ന ഡാരില്‍ മിച്ചല്‍ അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കി പുറത്തായി. നീയം ഹസന് ആണ് വിക്കറ്റെടുത്തത്. ഇഷ് സോധിക്കൊപ്പം ഇന്നലെ ബാറ്റിങ് ആരംഭിച്ചശേഷം ഡാരില്‍ മിച്ചലാണ് ആദ്യം പുറത്തായത്. 120 പന്തുകള്‍ നേരിട്ട താരം 58 റണ്‍സെടുത്തു. ഒമ്പതാം വിക്കറ്റില്‍ സോധിക്കൊപ്പം ചേര്‍ന്ന നായകന് ടിം സൗത്തി അതിവേഗം റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിചേര്‍ത്തു. മത്സരത്തിലെ ഹീറോ തൈജുല്‍ ഇസ്ലാം നായകനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ സോധിയുടെ വിക്കറ്റ് നേടിക്കൊണ്ട് തൈജുല്‍ രണ്ട് ഇന്നിങ്സിലുമായി പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചു. രണ്ടാം ഇന്നിങ്സില്‍ 75 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റെടുത്തത്. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റായിരുന്നു താരത്തിന്റെ വിലപ്പെട്ട സംഭാവന.
ന്യൂസിലന്‍ഡ് താരം അജാസ് പട്ടേല്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി രണ്ടാം ഇന്നിങ്സില്‍ നയീം ഹസന് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഷൊറിഫുല്‍ ഇസ്ലാമും മെഹ്ദി ഹസന് മിറാസും ഓരോ വിക്കറ്റും നേടി.
മുഴുവന്‍ സംഘത്തെയും അണിനിരത്തിയിറങ്ങിയ കിവീസിന് കനത്ത പ്രഹരമാണ് ബംഗ്ലാദേശ് ഈ വിജയത്തിലൂടെ നല്‍കിയത്. നായകന് ഷാക്കിബ് അല്‍ ഹസന് അടക്കം പല താരങ്ങളും പിരക്ക് കാരണം പുറത്തിരിക്കെയാണ് ബംഗ്ലാദേശ് അത്യുഗ്രന്‍ വിജയം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: