മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ. ഈ ഓണപ്പാട്ടിലൂടെ കേരളത്തിന്റെ ഗതകാല സാമ്പത്തിക പ്രതാപവും പ്രൗഢിയുമൊക്കെയാണ് സൂചിപ്പിക്കുന്നതെങ്കിലും, കേരളത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അധിനിവേശത്തിന്റെ പഴങ്കഥകളാണ്. തപസ്യയുടെ പഴയ കാല സെക്രട്ടറിമാരില്‍ ഒരാളും മുതിര്‍ന്ന സംഘ പ്രവര്‍ത്തകനും കൂടിയായ ടി.കെ. രവീന്ദ്രന് ജന്മഭൂമിയില് പ്രസിദ്ധീകരിച്ച ‘ഓണസങ്കല്പ്പവും ചരിത്ര സത്യങ്ങളും’ എന്ന ലേഖനപരമ്പരയില്‍ വ്യക്തമാക്കുന്നത് കാലിക പ്രാധാന്യമുള്ള ചില കാര്യങ്ങളാണ്.
കേരളത്തിന്റെ പൂര്‍വകാലം സമ്പന്നതയുടെയും സമൃദ്ധിയുടേയുമായിരുന്നു. ഒമ്പതാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഓണപ്പാട്ടിലെ കേരളത്തിന്റെ സമ്പന്നമായ മാവേലി വാണിരുന്ന കാലം സത്യത്തില്‍ സമ്പല്‍ സമൃദ്ധമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സുവര്‍ണ കാലത്ത് നിന്നും ദുരിതകാലത്തേക്ക് കേരളത്തെ നയിച്ചു എന്നതാണ് ആയിരം വര്‍ഷത്തെ അധിനിവേശത്തിന്റെ ചരിത്രത്തിനു പറയാനുള്ളത്.
മൈലുകള്‍ താണ്ടി, മാസങ്ങള്‍ നിരവധി സഞ്ചരിച്ച്, വിദേശ സഞ്ചാരികള്‍ കേരളത്തിലും ഭാരതത്തിലും വന്നെത്തിയത് ഇവിടുത്തെ സമ്പത്ത് ആവോളം ആസ്വദിക്കാനും കിട്ടാവുന്നതത്രയും സ്വന്തം നാട്ടിലേയ്ക്ക് കടത്തി കൊണ്ടു പോകാനുമായിരുന്നു. ഇവിടെ ലഭ്യമായിരുന്ന വന വിഭവങ്ങളും, സുഗന്ധ ദ്രവ്യങ്ങളും സമുദ്രവിഭവങ്ങളും കടത്തി കൊണ്ടു പോകുന്നതോടൊപ്പം ഇവിടുത്തെ സംസ്കാരത്തെയും സ്ത്രീകളെയും അപമാനിക്കാനും അവര്‍ അവസരമുണ്ടാക്കി എന്നതും ചരിത്രത്തിന്റെ ഭാഗമാണ്.
അന്ന് കേരളത്തിലുണ്ടായിരുന്ന തുറമുഖങ്ങളുടെ എണ്ണവും വിദേശകപ്പലുകളുടെ വരവും കേരളവുമായി ഇവര്‍ നടത്തിയ വ്യാപാരത്തിന്റെ തോത് വ്യക്തമാക്കുന്നു. വിസ്മയാവഹമായ ഈ വ്യാപാരത്തിലൂടെ വര്‍ദ്ധിച്ച തോതിലുള്ള മെച്ചമുണ്ടായത് കേരളത്തിനല്ല മറിച്ച് വിദേശ രാജ്യങ്ങള്‍ക്കായിരുന്നു എന്ന് രവീന്ദ്രന് വ്യക്തമാക്കുന്നു. പത്തും പതിനഞ്ചും കപ്പലുകള്‍ ഒരേ സമയം കേരളത്തിന്റെ തുറമുഖങ്ങളില്‍ കാത്ത് കിടന്നത് ഇവിടുത്തെ സുഗന്ധ ദ്രവ്യങ്ങളും, മുത്തും പവിഴവും, വില പിടിപ്പുള്ള വനവിഭവങ്ങളും, ആനക്കൊമ്പുകളും അവരുടെ നാട്ടിലേയ്ക്ക് കടത്തി കൊണ്ടു പോകാനായിരുന്നു. കപ്പല്‍ മാര്‍ഗ്ഗമുള്ള വിദേശ വ്യാപാരവും അതിലൂടെ കേരളം വാരിക്കൂട്ടിയ സാമ്പത്തിക നേട്ടത്തെക്കുറിച്ചും വേലായുധന് പണിക്കശ്ശേരിയെ പോലുള്ള ചരിത്രകാരന്മാര് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇവയുടെ ശരിക്കുള്ള പ്രയോജനം ലഭിച്ചത് വിദേശ വ്യാപാരികള്‍ക്കായിരുന്നു എന്നതാണ് വാസ്തവം.
വിദേശ വ്യാപാരത്തിനെക്കാള്‍ കേരളത്തിനു പറയാനുള്ളത് അധിനിവേശത്തിന്റെ കഥയാണ്. ഇടതടവില്ലാതെ നിരവധിനൂറ്റാണ്ടുകള്‍ ഈ കൂട്ടര് ഇവിടെ നടത്തിയ ആക്രമണങ്ങളുടെയും സമ്പത്ത് കൊള്ളയടിച്ചതിന്റെയും തുടര്‍ കഥയാണ്. ഒന്നാം നൂറ്റാണ്ട് മുതല്‍ തുടങ്ങിയ ഈ അധിനിവേശം റോമാക്കാര്‍, ഗ്രീക്കുകാര്‍, യവനന്മാര്, ചൈനക്കാര്‍ മുതല്‍ പോര്‍ത്ത്ഗീസുകാര്‍, ഡച്ചുകാര്‍ ഫ്രഞ്ചുകാര്‍, ഒടുക്കം ബ്രിട്ടീഷുകാരിലെത്തിയപ്പോള്‍ ഭാരതം മൊത്തത്തിലും, കേരളം പ്രത്യേകിച്ചും സാമ്പത്തികമായി കുത്തുപാളയെടുക്കുന്ന അവസ്ഥയിലെത്തി എന്നതാണ് സത്യം.
കരുത്തരും സൂത്രശാലികളുമായ വിദേശ വ്യാപാരികള്‍ സ്വന്തം സുഖത്തിനും സമ്പത്തിനുമായി ഏത് ഹീന കൃത്യത്തിനും ഒരുമ്പെടുന്നവരായിരുന്നു എന്ന് ലേഖകന്‍ വ്യക്തമാക്കുന്നു. വിദേശികള്‍ക്ക് ഇവിടെ സ്വന്തമായി കോട്ട കെട്ടി താമസിക്കാന്‍ സൗകര്യ0 ചെയ്തു കൊടുത്ത കോഴിക്കോട്ടെ സാമൂതിരിയെ തന്നെ വകവരുത്താന്‍ പോര്‍ത്ത്ഗീസുകാര്‍ കെണിയൊരുക്കിയ കഥ ലേഖകന്‍ ഉദാഹരണമായി സൂചിപ്പിക്കുന്നു. വ്യാപാരത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ നമ്മോടു കാണിച്ച ക്രൂരതയുടെ ബക്കിപത്രമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഇരുപത്തിയൊന്നാ0 നൂറ്റാണ്ടിലെ യുവാക്കള്‍.
ഇരുനൂറ് വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം മൊത്തം ഭാരതത്തെ സാസ്കാരികമായും സാമ്പത്തികമായും ദരിദ്രമാക്കി എന്നു വേണം പറയാന്‍. ശശി തരൂരിന്റെ ‘ഇരുളടഞ്ഞ കാലം’ പോലുള്ള പുസ്തകങ്ങള്‍ ബ്രിട്ടീഷുകാരുടെ ദുര്‍ഭരണത്തിന്റെ നേര്‍ചിത്രം വെളിവാക്കുന്നു എന്ന് ലേഖകന്‍ വ്യക്തമാക്കുന്നു. കൃഷിയെയും, വ്യവസായത്തെയും, വിദ്യാഭ്യാസത്തെയും അത് തകര്‍ത്തു തരിപ്പണമാക്കി. നല്ല നിലയില്‍ നടന്ന കപ്പല്‍ നിര്‍മ്മാണവും റയില്‍വേ ലോക്കൊ നിര്‍മ്മാണവും നേട്ടത്തില്‍ നിന്നും നഷ്ടത്തിലാക്കുകയും, നഷ്ടത്തില്‍ നിന്നും നാശത്തിലേയ്ക്ക് എത്തിക്കുകയും ചെയ്തതില്‍ ബ്രിട്ടീഷുകാരുടെ പങ്ക് വളരെ വലുതാണ്.
വിദേശാക്രമണങ്ങളുടെയും, അധിനിവേശത്തിന്റെയും പെരുമഴക്കാലമായിരുന്നു വിദേശ സഞ്ചാരികള്‍ ഇവിടെ വന്ന കാലഘട്ടം. ഒന്നാം നൂറ്റാണ്ടു മുതല്‍ ഭാരതം, വിശേഷിച്ച് കേരളം വിദേശികളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ സഞ്ചാരിയായ സുലൈമാനും, അറബി സഞ്ചാരിയായ അല്‍ബസ് ഊദിയും, മൊറോക്കയിലെ ഇബനു ബത്തൂത്തയും, സ്പെയിനില്‍ നിന്നു വന്ന റബി ബഞ്ചമിന് തുടങ്ങിയസഞ്ചാരികളും, ചൈനീസ് സഞ്ചാരിയായ മാഹ്വാനും, ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളാസും ചരിത്രപുസ്തകങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. ആഭ്യന്തരമായി ഹൈദരാലിയും, ടിപ്പുസുല്‍ത്താനും, മലബാറിലെ മാപ്പിള ലഹളക്കാരും കേരളത്തില്‍ നടത്തിയ ആക്രമണങ്ങളും, കൊള്ളയും വംശഹത്യയും വ്യക്തമാക്കുന്ന ചരിത്ര പുസ്തകങ്ങള്‍ പുതിയ തലമുറ വേണ്ടത്ര ഗൗരവത്തോടെയല്ല വായിക്കുന്നത്.
പതിനാറാം നൂറ്റാണ്ടില്‍ വന്ന വാസ്കോഡി ഗാമ തുടങ്ങിയ സഞ്ചാരികള്‍ കേരളവുമായുള്ള വ്യാപാരത്തില്‍ സജീവമായിരുന്നു. ഇവരുടെ സന്ദര്‍ശനങ്ങളുടെ ചരിത്രം കേരളത്തിലെ വിഭവങ്ങള്‍ വിദേശത്തേയ്ക്ക് കടത്തിക്കൊണ്ടുപോയതിന്റെ കഥകള്‍ കൂടിയാണ് പറഞ്ഞു വെക്കുന്നത് എന്ന് ലേഖകന്‍ വ്യക്തമാക്കുന്നു. ഇതിന് ലേഖകന്‍ ആധാരമാക്കുന്നത് ഡി.ഡി. കൊസാംബിയുടേയു0, ചരിത്രകാരനായ പി.കെ ഗോപാലകൃഷ്ണന്റെയും, വേലായുധന് പണിക്കശ്ശേരിയുടെയും, എ. ശ്രീധര മേനോന്, പുറത്തൂര്‍ ശ്രീധരന്, ശശി തരൂര്‍, എംജിഎസ് നാരായണന്റെയും ചരിത്ര പുസ്തകങ്ങളെയുമാണ്.
ഒന്നാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ നീണ്ടുനിന്ന റോമാക്കാര്‍ മുതല്‍ ബ്രിട്ടീഷുകാര്‍ വരെയുള്ള അധിനിവേശ ശക്തികള്‍ കേരളത്തിനു സമ്മാനിച്ചത് അവികസനവും അരക്ഷിതാവസ്ഥയുമായിരുന്നു. പുതിയ കാലത്ത് വിദേശ ശക്തികള്‍ പുത്തന്‍ വ്യാപാര തന്ത്രത്തിലൂടെ വെട്ടിപ്പിടുത്തം തന്നെയാണ് ലക്ഷ്യമിടുന്നത്. വന്‍കരകളും, ദ്വീപസമൂഹങ്ങളും, വ്യാപാര മാര്‍ഗ്ഗങ്ങളും, സമുദ്രാതിര്‍ത്തികളും ഈ ശക്തികളുടെ ലക്ഷ്യ കേന്ദ്രങ്ങളായി മാറുന്നു.
പുത്തന്‍ ആഗോള കമ്പോള ശക്തികളുടെ അധിനിവേശത്തിന്റെ പുതിയ തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന ടി.കെ. രവീന്ദ്രനെ പോലുള്ളവരുടെ വിശകലനങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: