ദുബായ്: യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓഫ് പാർട്ടിസ്-28 (സിഒപി 28) കാലാവസ്ഥാ ഉച്ചകോടിക്കായി ദുബായ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പ്രധാനമന്ത്രി തന്നെയാണ് തന്റെ x പ്ലാറ്റ് ഫോമിലൂടെ അറിയിച്ചത്.
” ദുബായിൽ വെച്ച് പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും എന്നും തത്പരനായ ചാൾസ് രാജാവുമായി സംവദിക്കാൻ തനിക്ക് അവസരം ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ അദ്ദേഹം ഒരു പ്രധാന ശബ്ദമാണ്,” പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു. 2015ൽ പാരീസിലും 2021ൽ ഗ്ലാസ്‌ഗോയിലും സന്ദർശനം നടത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് മോദി ലോക കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ദുബായ് വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ യുഎഇ ഉപപ്രധാനമന്ത്രി സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ എന്നിവരുൾപ്പെടെയുള്ള സമ്മേളനത്തിലേക്കുള്ള ഏകദിന സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി നിരവധി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഒരു ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ദൽഹിയിൽ വിമാനമിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: