തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. വ്യാജ വായ്പകള്‍ അനുവദിച്ചത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നിലാണ് ജില്ലാ സെക്രട്ടറി കുഴങ്ങിയത്.
പാര്‍ട്ടി നിയോഗിച്ച സബ് കമ്മിറ്റിയാണ് വ്യാജവായ്പകള്‍ അനുവദിച്ചതെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ. ചന്ദ്രനാണ് ഇതിന് നേതൃത്വം നല്കിയതെന്നും ഇ ഡിക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. ബാങ്കിന്റെ മുന്‍ ഡയറക്ടര്‍മാരായ സാക്ഷികള്‍ നല്കിയ മൊഴിയും ഇത് സ്ഥിരീകരിക്കുന്നു. ഈ തെളിവുകള്‍ നിരത്തിയായിരുന്നു ചോദ്യങ്ങള്‍.
ഇതോടെ വര്‍ഗീസിന് ഉത്തരം മുട്ടി. സി.കെ. ചന്ദ്രനെ പാര്‍ട്ടി എന്തിനാണ് പുറത്താക്കിയത് എന്ന ചോദ്യത്തിന് കരുവന്നൂരിലെ ഇടപാടുകളില്‍ ഇടപെട്ടതിനാണ് എന്നായിരുന്നു മറുപടി. ഇടപെട്ടത് പാര്‍ട്ടി നിര്‍ദേശപ്രകാരമായിരുന്നോ എന്ന ചോദ്യത്തിന് അതേയെന്ന് ഉത്തരം നല്കി.
ഇതോടെ പാര്‍ട്ടി നിയോഗിച്ച സബ് കമ്മിറ്റിയാണ് കരുവന്നൂരിലെ ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് ജില്ലാ സെക്രട്ടറി തന്നെ സമ്മതിച്ചിരിക്കുകയാണ്.
ജില്ലാക്കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ മാത്രമാണ് ഇ ഡിക്ക് കൈമാറിയത്. ബാങ്ക് അക്കൗണ്ടില്‍ അല്ലാതെ സൂക്ഷിക്കുന്ന പണവും വരവുചെലവ് കണക്കുകളും കൈമാറിയിട്ടില്ല. പാര്‍ട്ടി ആസ്ഥാനത്ത് ലോക്കറില്‍ പണം സൂക്ഷിക്കുന്നുണ്ട് എന്ന വിവരവും ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകുംവരെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: