തിരുവനന്തപുരം: പൊതുമരാമത്തു വകുപ്പിന് ആശ്വസിക്കാം. റോഡില്‍ ഗട്ടറാണെന്ന പരാതി ഇനി കേള്‍ക്കേണ്ട… ഗട്ടറില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ബസ് ഓടിക്കാം. അധികം വൈദ്യുതിയുണ്ടായാല്‍ വില്‍ക്കുകയുമാകാം. റോഡ് സുരക്ഷയ്ക്കുള്ള നിരവധി ടെക്നോളജികളും ബസിലുണ്ട്. ഇടുക്കി കരിമണ്ണൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ഡോണ്‍ ആന്റണിയും എബിന് ജെയ്മോനുമാണ് മിടുക്കന് ടെക്ബസുമായി സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ എച്ച്എസ് വര്‍ക്കിങ് മോഡലിലെത്തിയത്.
ബസ് ഗട്ടറില്‍ വീഴുമ്പോഴും യാത്രക്കാര്‍ നടക്കുകയോ നൃത്തം ചെയ്യുമ്പോഴോ മറ്റുമുണ്ടാകുന്ന ചലനങ്ങളും ഷോക് അബ്സോര്‍ബറുകളിലെ പിസിയോ ഇലക്ട്രിക് ഡിസ്ക് വൈദ്യുതിയാക്കും. അത് ലിഥിയം ബാറ്ററിയിലെത്തും. അതുപയോഗിച്ച് ബസ് പ്രവര്‍ത്തിപ്പിക്കാം. ഗട്ടര്‍ ദുരിതം യാത്രക്കാര്ക്കുണ്ടാകില്ല. ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പു നല്കുന്ന കണ്ണാടിയുമുണ്ട്. ഡ്രൈവര്‍ ഉറങ്ങിയാല്‍ കണ്ണാടിയില്‍ നിന്നു നിര്‍ദേശമുണ്ടാകും. ഒപ്പം അലാറവും. ഡ്രൈവര്‍ മദ്യപിച്ചാല്‍ ബസ് സ്റ്റാര്‍ട്ടാകില്ല. യാത്രക്കാര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ അതുമറിയാം. തീപിടിച്ചാല്‍ അലാറമുയരുന്നതിനൊപ്പം വെള്ളം സ്പ്രേ ചെയ്യും. നേര്‍ക്കുനേര്‍ വാഹനം വരുകയോ മുന്നിലേക്ക് ആരെങ്കിലും അകപ്പെടുകയോ ചെയ്താല്‍ വേഗം കുറഞ്ഞ് ഓട്ടോമാറ്റിക് ബ്രേക്കായി ബസ് നില്ക്കും. സൂര്യചലനത്തിനനുസരിച്ച് ദിശ മാറ്റുന്ന സോളാര്‍ പാനലുമുണ്ട്. പകല്‍ വെളിച്ചം കുറയുന്നതനുസരിച്ച് ഹെഡ്ലൈറ്റുകളുടെ പ്രകാശം സ്വയം നിയന്ത്രിക്കും. രാത്രിയില്‍ എതിരേ വാഹനം വരുമ്പോള്‍ ലൈറ്റ് സ്വയം ഡിമ്മാകും. യാത്രക്കാര്‍ കൈയോ തലയോ പുറത്തിട്ടാല്‍ അതും ബസ് അറിയിക്കും. അങ്ങനെ ആകെയൊരു മിടുക്കന് ടെക്ബസാണ് മലയിറങ്ങി മേളയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: