കൊച്ചി: ചികിത്സാപ്പിഴവ് ആരോപിച്ചുള്ള കേസുകളില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലീസ് മേധാവി, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ എന്നിവരുമായി കൂടിയാലോചിച്ച് ചീഫ് സെക്രട്ടറി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി.
തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി കെ.വി. സണ്ണി ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഭാര്യയുടെയും മക്കളുടെയും ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവ് നല്‍കിയത്. 2018 ഒക്ടോബര്‍ 17നാണ് സണ്ണിയെ കുടലിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹര്‍ജിക്കാരെ അറിയിക്കാതെ ആശുപത്രി അധികൃതര്‍ സര്‍ജറി നടത്തിയെന്നും അവശനിലയിലായ സണ്ണിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. 2018 ഒക്ടോബര്‍ 20ന് സണ്ണി മരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയെങ്കിലും അഞ്ച് വര്‍ഷമായി നടപടിയില്ലെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതി ചികിത്സാപ്പിഴവാണെന്ന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനതല ഉന്നത വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഇതു ലഭിച്ചാല്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് വിശദീകരിച്ചു. ഈ റിപ്പോര്‍ട്ട് വേഗം ലഭ്യമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്നും ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു. ഇതു രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കിയ ശേഷമാണ് അന്വേഷണം സമയബന്ധിതമായി വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: