അയോധ്യ: രാംലല്ലയ്‌ക്ക് ആദ്യ ആരതി ഉഴിയുന്ന ദീപങ്ങള്‍ക്ക് തിളക്കമേറ്റുക മഹര്‍ഷി സന്ദീപന്‍ റാം ധാമില്‍ നിന്നുള്ള നാടന്‍ നെയ്യാകും. നാടന്‍ പശുക്കളില്‍ നിന്ന് ഒമ്പത് വര്‍ഷത്തെ പരിശ്രമത്തിലൂടെ സമാഹരിച്ച 600 കിലോ ശുദ്ധമായ നെയ്യുമായി അഞ്ച് നന്ദിരഥങ്ങള്‍ അയോധ്യയിലേക്ക് പ്രയാണം ആരംഭിച്ചു. 108 കലങ്ങളില്‍ നിറച്ചെത്തിക്കുന്ന നെയ്യ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തില്‍ അഖണ്ഡ ജ്വാല തെളിക്കും.
ജോധ്പൂരിനടുത്തുള്ള ബനാറിലെ മഹര്‍ഷി സന്ദീപന്‍ റാം ധാം ഗോശാലയില്‍ നിന്ന് കാര്‍ത്തിക പൂര്‍ണിമ ദിനത്തിലാണ് കാളകള്‍ വലിക്കുന്ന നന്ദി രഥങ്ങള്‍ അയോധ്യയിലേക്ക് യാത്ര പുറപ്പെട്ടത്. ഒമ്പത് വര്‍ഷമായി ഗോശാലയിലെ പശുക്കള്‍ക്ക് പുറത്തുനിന്നുള്ള കാലിത്തീറ്റകളൊന്നും നല്കിയിട്ടില്ല. പച്ചപ്പുല്ലും ഉണങ്ങിയ കാലിത്തീറ്റയും വെള്ളവും നല്കിയാണ് പശുക്കളെ പരിപാലിച്ചിരുന്നത്. രാംലല്ലയുടെ സന്നിധിയില്‍ തെളിയുന്ന ദീപങ്ങള്‍ക്ക് ശോഭ പകരാന്‍ ഗോമാതാക്കളും സാധന അനുഷ്ഠിച്ചിട്ടുണ്ടെന്ന് മഹര്‍ഷി സന്ദീപന്‍ റാം പറഞ്ഞു.
ഗോശാലയുടെ ചുമതല വഹിക്കുന്ന മഹര്‍ഷി സന്ദീപന്‍ മഹാരാജാണ് യാത്രയ്‌ക്ക് നേതൃത്വം നല്കുന്നത്. രാം ധാം ഗോഘൃത് യാത്ര 1100 കിലോമീറ്ററിലധികം ദൂരം 21 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാകും. ഇതോടൊപ്പം 108 ശിവലിംഗങ്ങളും രഥങ്ങളില്‍ അയോധ്യയിലേക്ക് കൊണ്ടുപോകുന്നു. യാത്രയ്‌ക്കിടെ വിവിധ ഗ്രാമങ്ങളില്‍ മഹര്‍ഷി സന്ദീപന്‍ റാമിന്റെ സത്സംഗങ്ങളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: