പാലാ: കേന്ദ്രം നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ പലതും കേരള സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് മുന്‍ എംപി സുരേഷ് ഗോപി. പലതും കേരളത്തിലെ ജനങ്ങള്‍ അറിയാതെ പോയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും കൃത്യവിലോപമാണെന്നും അദ്ദേഹം പറഞ്ഞു. വികസിത് ഭാരത് സങ്കല്പ യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിയില്‍ നിര്‍വഹിക്കുകയായിരുന്നു സുരേഷ് ഗോപി.
കൂടുതല്‍ ആളുകളെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാക്കുന്ന ജില്ലയ്ക്ക് മകളുടെ പേരില്‍ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് സുരേഷ്ഗോപി പ്രഖ്യാപിച്ചു. മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് ജില്ലകള്‍ക്ക് 50000, 30000, 20000 എന്ന ക്രമത്തില്‍ അവാര്‍ഡ് തുക നല്‍കും.
കേന്ദ്രപദ്ധതികള്‍ സംബന്ധിച്ച് ഓരോ പൗരനെയും പരിചയപ്പെടുത്തുന്നതിനൊപ്പം അര്‍ഹരായവര്‍ക്ക് അത് നേടിക്കൊടുക്കണം. ഇതില്‍ രാഷ്ട്രീയം, വോട്ട്, ജാതി-മതം ഒന്നുമില്ല. ജനങ്ങള്‍ക്കുള്ള കരുതല്‍ മാത്രമാണ്. ഇതിനെതിരെ നടക്കുന്ന നീക്കങ്ങളെ തച്ചുടച്ചു കളയണം. പാവങ്ങളെ പാവങ്ങളായി നിലനിര്‍ത്തി രാഷ്ട്രീയ പ്രത്യയശാസ്ത്രം വളര്‍ത്തുന്ന രീതിയെ ഇല്ലായ്മ ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. വികാസ് ഭാരത് സങ്കല്പ യാത്രയുടെ ഫ്ലാഗ് ഓഫ് സുരേഷ് ഗോപി നിര്‍വഹിച്ചു.
മുത്തോലി കവലയില്‍ നടന്ന യോഗത്തില്‍ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി.മീനാഭവന്‍, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, ലീഡ് ബാങ്ക് മാനേജര്‍ ഇ.എം. അലക്സ്, റബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം എന്‍. ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു, കെവികെ കോട്ടയം സീനിയര്‍ സയന്റിസ്റ്റ് ഡോ. ജി. ജയലക്ഷ്മി, എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മനേജര്‍ ജെ. ശിവകുമാര്‍, കാനറ ബാങ്ക് റീജിയണല്‍ മാനേജര്‍ അജയ് പ്രകാശ്, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ റജി വര്‍ഗീസ്, പാലാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കയില്‍ ലിന്‍സി പാംബ്ലാനി എന്നിവര്‍ക്ക് പുറമെ ളാലം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, പിഎസ്ഡബ്ല്യുഎസ്, അര്‍ച്ചന വിമന്‍സ് സെന്റര്‍ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: