വിദേശരാജ്യങ്ങളിലെ അത്യന്തം ദുഷ്ക്കരമായ യുദ്ധ മുഖങ്ങളില്‍ നിന്നു പോലും സ്വന്തം പൗരന്മാരെ സുരക്ഷിതരായി മടക്കിയെത്തിക്കുന്ന മോദിജിയില്‍ തങ്ങള്‍ക്ക് വിശ്വാസമായിരുന്നുവെന്ന് ടണലില്‍ കുടുങ്ങിയ ബീഹാറില്‍ നിന്നുള്ള തൊഴിലാളി സബ അഹമ്മദ് പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ട്. അതേ, രാജ്യം ഒരു ദൗത്യത്തിലായിരുന്നു; വിജയിക്കുമെന്നുറപ്പുള്ള അത്യന്തം സങ്കീര്‍ണ്ണമായ ഒരു രക്ഷാ ദൗത്യത്തില്‍. നീണ്ട പതിനേഴു നാളുകള്‍ക്കിപ്പുറം നാം വിജയിച്ചിരിക്കുന്നു. ഓപ്പറേന്‍ സിന്ദഗിക്ക് വിജയകരമായ പരിസമാപ്തി.
രാജ്യം ഒറ്റക്കെട്ടായി വിജയിച്ച ഉത്തരകാശി ടണല്‍ രക്ഷാ ദൗത്യം നല്കുന്ന സന്ദേശം വേറിട്ടതാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വരെ പ്രശംസ പിടിച്ചുപറ്റി. പതിനേഴുനാള്‍ നീണ്ട ദൗത്യത്തിലൂടെ 41 ഹൈവേ നിര്‍മ്മാണ തൊഴിലാളികള്‍ ജീവിതത്തിലേക്ക് തിരികെ വരുമ്പോള്‍ മനുഷ്യശേഷിയുടേയും സാങ്കേതികവിദ്യകളുടേയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും സമന്വയത്തിന്റെ വിജയഗാഥ കൂടിയാണ് ഉത്തരകാശിയില്‍ ദൃശ്യമായത്. അത്യന്തം ദുര്‍ഘടമായ സാഹചര്യത്തിലും തളരാതെയും ദുര്‍ബലരാവാതെയും, കുടുങ്ങിയ ടണലില്‍ കളികളിലും യോഗയിലും ഏര്‍പ്പെട്ട് കരുത്താര്‍ജ്ജിച്ച തൊഴിലാളികളും ഏറെ പ്രശംസ അര്‍ഹിക്കുന്നു. ഒപ്പം തുടര്‍ച്ചയായ 400 മണിക്കൂറുകള്‍ നീണ്ട രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പേരുടെ അധ്വാനവും പ്രശംസാര്‍ഹമാണ്. യന്ത്രം പരാജയപ്പെട്ട അവസാനഘട്ടത്തില്‍, അത്യന്തം അപകടകരമാണെന്നറിഞ്ഞിട്ടും നിയമവിരുദ്ധമായിട്ടും റാറ്റ് ഹോള്‍ മൈനിംഗിനിറങ്ങിയ ‘എലിമാളം തുരക്കല്‍’ വിദഗ്ധരായ ഖനി തൊഴിലാളികളുടെ ധീരതയും ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ എന്തിനും തയ്യാറായ പ്രധാനമന്ത്രിയുടെ ഓഫീസും ഒത്തു ചേര്‍ന്നപ്പോള്‍ ദൗത്യം പൂര്‍ണ്ണം.
അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ തൊഴിലാളികളെ ചിന്യാലിസോറിലെ കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഫോണില്‍ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ. ”ഇത്രയും ദിവസം അപകടത്തില്‍പ്പെട്ട് സുരക്ഷിതമായി പുറത്തുവന്നതിന് നിങ്ങളെ അഭിനന്ദിക്കുന്നു, സന്തോഷമുള്ള കാര്യമാണിത്. അത് വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്തെങ്കിലും മോശം സംഭവിച്ചിരുന്നെങ്കില്‍ എങ്ങനെയാകുമെന്ന് പറയാനാവില്ല. നിങ്ങളെല്ലാവരും സുരക്ഷിതരാണെന്നത് ദൈവത്തിന്റെ കൃപയാണ്. പതിനേഴു ദിവസങ്ങള്‍ ചെറിയ സമയമല്ല. നിങ്ങള്‍ എല്ലാവരും വളരെയധികം ധൈര്യം കാണിക്കുകയും പരസ്പരം ആത്മവിശ്വാസം നല്‍കുകയും ചെയ്തു, രക്ഷാദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ നിരന്തരം അന്വേഷിക്കാറുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പിഎംഒ ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. വിവരങ്ങള്‍ അറിഞ്ഞതുകൊണ്ടുമാത്രം ആശങ്ക കുറഞ്ഞിരുന്നില്ല. പക്ഷേ, രക്ഷാദൗത്യം പൂര്‍ത്തിയാവുമെന്നുറപ്പുണ്ടായിരുന്നു”.
ദീപാവലി നാളില്‍ രാജ്യം സന്തോഷത്തില്‍ മുഴുകുമ്പോള്‍, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിലെ കണ്ട്രോള് റൂമില്‍ നിന്ന് രാവിലെ ആറിന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയ്ക്ക് കൈമാറിയ സന്ദേശം അത്യന്തം ആശങ്കകള്‍ നിറഞ്ഞതായിരുന്നു. അതിരാവിലെയുള്ള ബ്രീഫിങ്ങില്‍ പി.കെ.മിശ്ര പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംഭവത്തെപ്പറ്റി വിവരിക്കുമ്പോള്‍, സാധ്യമായതെല്ലാം ചെയ്യാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡപ്യൂട്ടി സെക്രട്ടറിയും ഉത്തരാഖണ്ഡില്‍ നിന്നുള്ള 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ രുദ്രപ്രയാഗ് സ്വദേശി മങ്കേഷ് ഘില്‍ദിയാലിനെ പ്രത്യേക ദൗത്യത്തിനായി ഉത്തരകാശിയിലേക്ക് നിയോഗിച്ചു. തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകനായ ഭാസ്ക്കര്‍ ഖുല്‍ബെയെയും ദുരന്ത സ്ഥലത്തേക്ക് നിയോഗിച്ചു. ഓപ്പറേഷന് സിന്ദഗി എന്ന 400 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനാണ് പിഎംഒ നേതൃത്വം വഹിച്ചത്. വിവിധ ഏജന്‍സികളുമായുള്ള ഏകോപന ചുമതല പിഎം ഓഫീസ് കേന്ദ്രീകരിച്ചാണ് നിര്‍വഹിച്ചത്. അറുപത് മീറ്ററോളം നീളത്തില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിനായി കൊണ്ടുവന്ന യുഎസ് നിര്‍മ്മിത ഓഗര്‍ യന്ത്രങ്ങള്‍ ഓരോന്നായി പണിമുടക്കിയപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യന്ത്രങ്ങളെത്തിച്ചും പരമാവധി വേഗത്തിലും ശ്രദ്ധയിലും മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചും ടണലില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും മരുന്നുകളും ആത്മവിശ്വാസവും നല്‍കിയും പ്രധാനമന്ത്രിയുടെ പ്രതിനിധികള്‍ ഉത്തരകാശിയില്‍ അവരുടെ ചുമതല നിര്‍വഹിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കര്‍സിങ് ധാമിയും കേന്ദ്രദേശീയപാതാ വികസന മന്ത്രി നിതിന്‍ ഗഡ്ക്കരിയും രക്ഷാ ദൗത്യങ്ങളുടെ ചുമതലക്കാരന് ജനറല്‍ വി.കെ സിങും ദൗത്യസംഘാംഗങ്ങള്‍ക്ക് ആത്മവിശ്വാസവും പിന്തുണയും നല്കി സംഭവ സ്ഥലത്ത് പലവട്ടം എത്തി. ഒടുവില്‍ 17 നാളുകള്‍ക്ക് ശേഷം തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തേക്ക് എത്തിക്കുമ്പോഴും ജനറല്‍ വി.കെ സിങും മുഖ്യമന്ത്രി ധാമിയും അവിടെത്തന്നെ ഉണ്ടായിരുന്നു.
കരസേന, വ്യോമസേന, ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്, ദേശീയ ദുരന്ത നിവാരണ സന, എന്‍ഡിഎംഎ, ഉത്തരാഖണ്ഡ് സര്‍ക്കാര്‍, ഉത്തരകാശി ജില്ലാ ഭരണകൂടം എന്നിവയെല്ലാം പിഎം ഓഫീസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി സര്‍വ്വസജ്ജരായി നിലയുറപ്പിച്ചു. എന്തു സഹായവും എത്തിക്കാനായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം. ഇതിനായി ആഭ്യന്തര സെക്രട്ടറിയെ തന്നെ നേരില്‍ ചുമതലപ്പെടുത്തി. കേന്ദ്ര ഏജന്‍സികള്‍ നല്കുന്ന വിവരങ്ങള്‍ കൃത്യമായി മാധ്യമങ്ങള്‍ക്കെത്തിച്ചു നല്കി. ബന്ധുക്കളില്‍ ആശങ്ക നിറച്ച് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശ്രമം ഉണ്ടായപ്പോഴും തൊഴിലാളികളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും രക്ഷാദൗത്യം അതിവേഗത്തില്‍ മുന്നോട്ട് തന്നെയാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ടണലിനുള്ളില്‍ 57 മീറ്ററായിരുന്നു മണ്ണിടിഞ്ഞു കിടന്നിരുന്നത്. ഇതില്‍ 47 മീറ്ററും യന്ത്രസഹായത്താല്‍ മണ്ണുമാറ്റാനായെങ്കിലും യന്ത്രത്തകരാറുകള്‍ തുടര്‍ച്ചയായി സംഭവിച്ചതോടെ യഥാര്‍ത്ഥ ഹീറോകളുടെ രംഗപ്രവേശനത്തിന് പിഎംഒയുടെ അനുമതി ലഭിച്ചു. സുപ്രീംകോടതിയും ദേശീയ ഹരിത ട്രിബ്യൂണലും രാജ്യത്ത് നിരോധിച്ച റാറ്റ് ഹോള്‍ മൈനിംഗ് മാര്‍ഗ്ഗത്തിലൂടെ മുന്നേറാനായിരുന്നു ആ തീരുമാനം. മധ്യപ്രദേശില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമായി പന്ത്രണ്ട് വിദഗ്ധ തൊഴിലാളികളെ പ്രത്യേക ദൗത്യത്തിനായി ഉത്തരകാശിയിലെത്തിച്ചു. താഴേക്ക് ചെറിയ എലിമാളങ്ങള്‍ പോലെ മണ്ണ് തുരന്ന് ഖനികളിലെ ഖനനമാണ് നിരോധിച്ചത്. എന്നാല്‍ ആ ഖനി തൊഴിലാളികളുടെ വൈദഗ്ധ്യം ഇടിഞ്ഞുകിടക്കുന്ന മണ്ണ് പിന്നിലേക്ക് മാറ്റി മുന്നേറുന്നതിനായി ഇവിടെ ഉപയോഗിക്കുകയായിരുന്നു. പത്തു മീറ്റര്‍ മണ്ണ് റെക്കോര്‍ഡ് വേഗത്തില്‍, വെറും ഇരുപത് മണിക്കൂര്‍ കൊണ്ടാണ് റാറ്റ് മൈനേഴ്സ് നീക്കിയതെന്ന് അറിയുമ്പോഴാണ് അവരുടെ മികവ് കൂടുതല്‍ വ്യക്തമാകുന്നത്. കൈകൊണ്ട് മണ്ണ് മാറ്റി മുന്നേറുന്നതിനൊപ്പം തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പ്രത്യേക പൈപ്പും സ്ഥാപിച്ചുകൊണ്ടാണ് റാറ്റ് മൈനേഴ്സ് മുന്നേറിയത്. നിയമ ലംഘനം നടത്തിയില്ലെന്നും ഖനികളിലെ റാറ്റ് മൈനിംഗിനാണ് നിരോധനമെന്നും തൊഴിലാളികള്‍ക്ക് രക്ഷാദൗത്യത്തില്‍ അവരുടെ കഴിവ് ഉപയോഗിക്കുന്നതില്‍ നിയമ വിരുദ്ധതയില്ലെന്നുമായിരുന്നു ദേശീയ ദുരന്ത മാനേജ്മെന്റ് അതോറിറ്റി അംഗമായ ലഫ്. ജനറല്‍ സയിദ് ആത്താ ഹസൈനൈനിന്റെ പ്രതികരണം. ഇതോടൊപ്പം തന്നെ സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ് മല മുകളില്‍ നിന്ന് താഴേക്ക് പ്രത്യേക കുഴല്‍ നിര്‍മ്മിക്കാനും മലമുകളില്‍ നിന്ന് ഒഎന്‍ജിസി 325 മീറ്ററും താഴേക്ക് കുഴിച്ച് തൊഴിലാളികള്‍ക്കടുത്തേക്ക് എത്താനുമുള്ള പദ്ധതികളും തയ്യാറായിരുന്നു. ഇത്തരത്തില്‍ പലവിധ രീതികളിലൂടെ അത്യന്തം കൃത്യതയാര്‍ന്ന രക്ഷാദൗത്യത്തിനാണ് ഉത്തരകാശി സാക്ഷിയായത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ നീരജ് ഖൈര്‍വാളായിരുന്നു ദൗത്യത്തിന്റെ നോഡല്‍ ഓഫീസര്‍. ദുരന്ത മാനേജ്മെന്റ് അതോറിറ്റി അംഗമായ റിട്ട. ലഫ്. ജനറല്‍ സയിദ് ആതാ ഹസ്നൈന്, മൈക്രോ ടണലിംഗ് വിദഗ്ധനായ ക്രിസ് കൂപ്പര്‍, ടണലിംഗ് വിദഗ്ധര്‍ അര്‍ണോള്‍ഡ് ഡിക്സ് എന്നിവരും രക്ഷാ ദൗത്യത്തില്‍ നേതൃത്വം വഹിച്ചു.
ഇത്തരത്തില്‍ നിരവധി വിദഗ്ധരുടേയും ഏജന്‍സികളുടേയും ഏകോപനത്തിലൂടെ 41 തൊഴിലാളികളും ടണലില്‍ നിന്ന് പുറത്തേക്കെത്തുമ്പോള്‍ എല്ലാത്തിനും സാക്ഷിയായി ബാബാ ബൗഖ്നാഥ് തുരങ്കമുഖത്തുണ്ടായിരുന്നു. ടണല്‍ നിര്‍മ്മാണത്തിനായി സ്വകാര്യ നിര്‍മ്മാണ കമ്പനി പൊളിച്ചുകളഞ്ഞതാണ് സില്‍ക്യാരയിലെ മലനിരകളുടെ കാവലായ ബാബാ ബൗഖ്നാഥ് ക്ഷേത്രം. അപകടത്തിന് കാരണം ബാബാ ബൗഖ്നാഥിന്റെ കോപമെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം. ദുരന്തമുണ്ടായ ഉടന്‍ തന്നെ പഴയ സ്ഥാനത്ത് താല്‍ക്കാലിക ക്ഷേത്രം പുനഃസ്ഥാപിക്കുകയും പൂജകള്‍ ആരംഭിക്കുകയും ചെയ്തു. തൊഴിലാളികളെ രക്ഷപ്പെടുത്തിയ ശേഷം ബാബാ ബൗഖ്നാഥിന് മുന്നിലെത്തി മുഖ്യമന്ത്രി പ്രാര്‍ത്ഥനകള്‍ നടത്തി. ക്ഷേത്രം പഴയപടി പുനര്‍നിര്‍മ്മിക്കുമെന്ന ഉറപ്പ് നല്‍കിയാണ് കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിങ് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മടങ്ങിയത്. ദൗത്യം പൂര്‍ത്തിയായ ശേഷം ബാബാ ബൗഖ്നാഥിന് മുന്നിലെത്തി അനുഗ്രഹം വാങ്ങുന്ന ടണലിംഗ് വിദഗ്ധന്‍ അര്‍ണോള്‍ഡ് ഡിക്സിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. പ്രകൃതി എന്ന ശക്തിക്ക് മുന്നില്‍ പൂര്‍ണ്ണ വിധേയനായി നില്‍ക്കാനാഗ്രഹിക്കുന്നയാളാണ് താനെന്നായിരുന്നു ഡിക്സിന്റെ പ്രതികരണം. ഇത്തരത്തില്‍ സാങ്കേതികവിദ്യയുടേയും മനുഷ്യാധ്വാനത്തിന്റെയും ഒപ്പം വിശ്വാസത്തിന്റെയും ഹിമാലയന്‍ ദൗത്യമാണ് ഉത്തരകാശിയില്‍ വിജയകരമായി പൂര്‍ത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: