ന്യൂദല്‍ഹി: രാജ്യരക്ഷ ശക്തമാക്കുന്നതിന് 2.23 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ ആഭ്യന്തരമായി വാങ്ങാന്‍ ഇന്നലെ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്കി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു മുന്‍തൂക്കം കൊടുക്കാനാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിച്ച യോഗ തീരുമാനം.
65,000 കോടി രൂപയ്ക്ക് 97 പുതിയ തേജസ് യുദ്ധ വിമാനങ്ങള്‍ (എല്‍സിഎ മാര്‍ക്ക് ഒന്ന് എ) ഹിന്ദുസ്ഥാന്‍ എയ്റോ നോട്ടിക്സില്‍ നിന്നു വാങ്ങും. ഇതിനു പുറമേ 84 സുഖോയ് വിമാനങ്ങളും (എസ്യു 30 എംകെഐ), 156 പ്രചണ്ഡ് ഹെലിക്കോപ്റ്ററുകളും (ലൈറ്റ് കോമ്പാറ്റ് ഹെലിക്കോപ്റ്റര്‍) എച്ച്എഎല്ലില്‍ നിര്‍മിക്കും. ഇതിനകം 83 തേജസ് വിമാനങ്ങള്‍ എച്ച്എഎല്ലില്‍ നിന്നു വാങ്ങാന്‍ കരാറുണ്ട്. ഇവ 2024 ഫെബ്രുവരി മുതല്‍ സൈന്യത്തിനു നല്കിത്തുടങ്ങും. ഇതിനു പുറമേയാണ് 97 തേജസുകള്‍ കൂടി വാങ്ങുന്നത്.
അത്യാധുനിക വിരൂപാക്ഷ റഡാറുകളാകും ഇവയില്‍ ഘടിപ്പിക്കുക. വ്യോമ സേനയില്‍ 260 സുഖോയ് വിമാനങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. അതു കൂടാതെയാണ് 83 എണ്ണം എച്ച്എഎല്ലില്‍ നിര്‍മിക്കുന്നത്.
കവചിത വാഹനങ്ങളും ടാങ്കുകളും തകര്‍ക്കുന്ന ഏരിയ ഡിനയല്‍ മ്യൂണിഷന്‍ (എഡിഎം), കരസേനയുടെ കാലാവധി പൂര്‍ത്തിയായ ഇന്ത്യന്‍ ഫീല്‍ഡ് ഗണ്ണിനു പകരം അത്യാധുനിക ടോവ്ഡ് ഗണ്‍ സിസ്റ്റം, നാവിക സേനയ്ക്കു വേണ്ടി കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ (മീഡിയം റേഞ്ച് ആന്റിഷിപ്പ് മിസൈല്‍) എന്നിവയും വാങ്ങുന്നുണ്ട്.
2.20 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഭാരത കമ്പനികളില്‍ നിന്നാകും വാങ്ങുക. ഇത് ആഭ്യന്തര, പ്രതിരോധ വ്യവസായത്തിനു മുതല്‍ക്കൂട്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: