പുനലൂര്‍: അത്ലറ്റിക്സില്‍ നൂറു മീറ്ററായിരുന്നു ഓംകാര്‍ നാഥിന്റെ ഇഷ്ട ഇനം. അതിവേഗതയില്‍ ഓടി സ്റ്റേഡിയങ്ങളെ ത്രസിപ്പിച്ച ഓംകാര്‍ നാഥ് സ്‌കൂള്‍, സര്‍വകലാശാല മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്നു. 2021-ലെ അന്തര്‍ സര്‍വകലാശാല മീറ്റില്‍ വേഗമേറിയ താരമായിരുന്നു ഓംകാര്‍ നാഥ്. എംഎ കോളജില്‍ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് വേഗമേറിയ താരമായത്. രണ്ട് വര്‍ഷവും 200 മീറ്ററിലും ചാംപ്യനായിരുന്നു. സ്‌കൂള്‍ ഗെയിംസിലൂടെയാണ് ഓംകാര്‍നാഥ് അത്ലറ്റിക്സില്‍ എത്തുന്നത്. 58-ാമത്് സംസ്ഥാന സ്‌കൂള്‍ കായികമേളയിലും 100 മീറ്ററില്‍ ഓംകാര്‍ നാഥിനായിരുന്നു സ്വര്‍ണം.
തൊളിക്കോട് മുളന്തടം ഓംകാരത്തില്‍ രവീന്ദ്രനാഥ്-മിനി.ആര്‍.നാഥ് ദമ്പതികളുടെ മകനാണ് ഓംകാര്‍ നാഥ്. തിരുവനന്തപുരം എസ്എപി പോലീസ് ക്യാമ്പില്‍ ഹവില്‍ദാര്‍ ആയിരുന്നു.
പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു അപകടം. സുഹൃത്തിന്റെ പുതിയ ബൈക്ക് ഓടിച്ചു നോക്കുന്നതിനായി കലയനാട് ഭാഗത്തേക്ക് പോകുമ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഓംകാര്‍ നാഥിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കലയനാട് ഗ്രേസിംഗ് ബ്ലോക്ക് അഖില്‍ ഭവനില്‍ അമലിനെ (23) സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചയ്‌ക്ക് ഒരുമണിയോടുകൂടി വീട്ടില്‍ എത്തിച്ചു. മുന്‍ ദേശീയ താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനാവലിയാണ് വീട്ടിലേക്ക് എത്തിച്ചേര്‍ന്നത്.
പമ്പ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്ന ഓംകാര്‍ നാഥ് രണ്ടുദിവസത്തെ ലീവിന് വീട്ടിലെത്തുകയായിരുന്നു. സഹപ്രവര്‍ത്തകന് അന്ത്യോപചാരമര്‍പ്പിക്കുന്നതിന് പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വീട്ടില്‍ എത്തിയിരുന്നു. പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലുമണിയോടുകൂടി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരി: പൂജ. ആര്‍. നാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: