കൊച്ചി: റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. കോഴിക്കോട് സ്വദേശിയായ കെ കിഷോര്‍ എന്നയാളുടെ പേരില്‍ ആയിരുന്നു പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു. നിരന്തരം നിയമലംഘനം നടത്തിയെന്ന കാരണത്താലാണ് പെര്‍മിറ്റ് റദ്ദാക്കിയതെന്ന് ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താൽ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ട്.
ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോര്‍ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ചത്. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയിട്ടു. പിന്നാലെ ബസ് എംവിഡി പിടിച്ചെടുത്തു. വാഹനത്തിന് എതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്.
അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്‌റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താം. ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്‌റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തുന്നത് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്‌റ്റേജ് കാര്യേജ് വാഹനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: