കൊല്ലം: ആറു വയസുകാരി ഓയൂര്‍ അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയവര്‍ രണ്ടു ദിവസത്തിനു ശേഷവും കാണാമറയത്ത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുമ്പുകണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ പോലീസ്. കുട്ടിയെ കൊണ്ടുപോയതെന്ന് സംശയിക്കുന്ന കാറിന്റെ നമ്പര്‍ കൊല്ലം റൂറല്‍ പോലീസ് പുറത്തുവിട്ടു. ഈ നമ്പര്‍ വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായി. നമ്പര്‍ പ്ലേറ്റുണ്ടാക്കിയ സ്ഥാപനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിലൂടെ പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമെന്ന വിശ്വാസത്തിലും.
ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ റൂറല്‍ പോലീസ് പരിധിയിലെ സിഐ റാങ്കിനു മുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗമുണ്ടായിരുന്നു. നിരവധി തവണ അവര്‍ അന്വേഷണം വിലയിരുത്തി.
റോഡുകളിലെ ക്യാമറകള്‍, പ്രതികള്‍ സഞ്ചരിക്കാനിടയുള്ള റോഡുകള്‍ക്കു സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവികള്‍ എന്നിവയിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു. അവയിലെ വെള്ള മാരുതി സ്വിഫ്റ്റ്, ഹോണ്ട അമേസ് കാറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കൊല്ലം ജില്ലയിലെയും അതിര്‍ത്തിയിലുള്ള വര്‍ക്കല, കല്ലമ്പലം തുടങ്ങിയിടങ്ങളിലെയും ക്രിമിനല്‍ പശ്ചാത്തലമുള്ള മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയാണ്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നു.
ഒരു പുരുഷന്റെയും സ്ത്രീയുടെയും രേഖാ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടെങ്കിലും സൂചനകളൊന്നുമില്ല. സംശയമുള്ള ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും പങ്കില്ലെന്നു കണ്ട് വിട്ടയച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള മുപ്പതിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചെങ്കിലും തിരിച്ചറിയാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: